പന്തളം പൊലീസ് സ്റ്റേഷനിൽ തൊണ്ടി വാഹനങ്ങൾ തുരുമ്പെടുക്കുന്നു
text_fieldsപന്തളം: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലുകൾ കുന്നുകൂടുന്നു. ചിലയിടങ്ങളിൽ വഴി പോലും അടച്ച് പഴയ വാഹനങ്ങൾ തുരുമ്പിച്ചുകിടക്കുന്നു. പാഴ്വസ്തുക്കൾക്കിടയിലുള്ള ഇഴജന്തുക്കളുടെ ശല്യമാണ് പൊലീസ് നേരിടുന്ന വലിയ വെല്ലുവിളി. ചില വാഹനങ്ങൾ ലേലം ചെയ്തും മറ്റും സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് നിന്ന് ശേഖരിച്ചിരുന്നു. കോടതിയുടെ അനുമതി ലഭിച്ചശേഷമേ ലേലം ചെയ്യാൻ കഴിയൂ. ജില്ലതലത്തിൽ പല ദിവസങ്ങളിലായാണ് ലേലം നടത്തുക.
പന്തളം സ്റ്റേഷൻ പരിസരത്ത് 29 ബൈക്ക് ഉൾപ്പെടെ 42 വാഹനങ്ങളാണ് തൊണ്ടിയായി സൂക്ഷിച്ചിരിക്കുന്നത്. കാർ - 4, വാൻ - 3, ഓട്ടോ - 4. കോടതിയിൽ വിചാരണയുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ കോടതി നിർദേശപ്രകാരം ഹാജരാക്കേണ്ടി വരും. ചില കേസുകളിൽ ഉടമകൾ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി കൊണ്ടുപോകാറുണ്ട്. പിന്നീട് കോടതി ആവശ്യപ്പെടുമ്പോൾ ഉടമ തന്നെ വാഹനം ഹാജരാക്കണം. പിടികൂടിയിട്ട് ഏഴു വർഷം വരെയായ വാഹനങ്ങൾ കൂട്ടത്തിലുണ്ട്. സ്റ്റേഷനിൽ ഇതുമൂലം പാർക്കിങ് സൗകര്യവും തീരെയില്ലാത്ത അവസ്ഥയാണ്.
അപകട മരണത്തെ തുടർന്ന് പിടിച്ചിട്ട നിരവധി വാഹനങ്ങളുണ്ട്. കവർച്ചക്കേസിലും നിരോധിച്ച പുകയില ഉൽപന്നങ്ങളുമായും പിടികൂടിയ കാറുകൾ, ബൈക്കുകൾ എന്നിവയാണ് കൂടുതലും. സ്റ്റേഷന് മുന്നിലെ റോഡരികിലാണ് ലോറിയുൾപ്പെടെ കിടക്കുന്നത്. ഇവയിൽ പാഴ്ചെടികൾ പടർന്നുകയറുന്നുണ്ട്. കേസുകളുടെ തീർപ്പിന് ശേഷമേ ഇവ ഒഴിവാക്കാനാകൂ. മണ്ണ് കടത്തിന് പിടിയിലായ ലോറികളും തൊണ്ടികളുടെ കൂട്ടത്തിലുണ്ട്.
ചില വാഹനങ്ങൾ ക്വാർട്ടേഴ്സ് വളപ്പിൽ കിടന്ന് നാശത്തിന്റെ വക്കിലാണ്. വ്യക്തമായ രേഖകളില്ലാത്തതും അപകടത്തിൽപ്പെട്ട് നന്നാക്കാൻ കഴിയാത്തവയുമാണ് കൂട്ടിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.