ശബരിമല തീർഥാടനം: പന്തളത്ത് ഒരുക്കം പൂർണം
text_fieldsപന്തളം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് ശബരിമല തീർഥാടകർ തിങ്കളാഴ്ച മുതൽ എത്തും. മണ്ഡലകാല ഉത്സവത്തിന് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. അയ്യപ്പഭക്തർക്ക് ശബരിമലയോളം പവിത്രമാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രം.
കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ പന്തളം കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഒഴിവാക്കി. ശബരിമലയിൽ ക്ഷേത്രം നിർമിച്ച പന്തളം രാജാവ് അതേ മാതൃകയിൽ കൊട്ടാരത്തോട് ചേർന്ന് നിർമിച്ചതാണ് പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രം രാജകുടുംബത്തിെൻറ സ്വകാര്യ ആരാധന കേന്ദ്രമായിരുന്ന ക്ഷേത്രം പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി.
എം.സി റോഡിൽനിന്ന് ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മണികണ്ഠൻ ആൽത്തറ. ഇവിടെ ആൽമരത്തിന് ചുറ്റുമായി ചെറിയ ക്ഷേത്രം പണിതിട്ടുണ്ട്. അയ്യപ്പ സേവസംഘത്തിെൻറ ചുമതലയിൽ മണ്ഡലകാലത്ത് ഇവിടെ ഉത്സവം നടത്തുന്നത്. പരമാവധി സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്വം ബോർഡ്. അപ്പവും അരവണയും ആവശ്യത്തിന് തയാറാക്കും. പഴയ വിശ്രമകേന്ദ്രത്തിൽ ക്യൂ ക്രമീകരിച്ച് ഇവ വിതരണം ചെയ്യും.
മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അന്നദാനം പാർസലായി നൽകും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഇക്കുറി അന്നദാനമില്ല. ക്ഷേത്രത്തിലെത്തുന്നവർക്ക് ആൻറിജൻ പരിശോധന നടത്താനായി പഴയ തീർഥാടക വിശ്രമകേന്ദ്രത്തിൽ കിയോസ്ക് സ്ഥാപിക്കും. സ്വകാര്യ ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലും പരിശോധന യൂനിറ്റുണ്ടാകും. മൂന്ന് സ്വകാര്യ ലാബുകൾക്ക് ഇതിനുള്ള അനുമതി നൽകി. കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട നിർദേശങ്ങൾ തീർഥാടകർക്ക് കൈമാറാനായി ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെൻറർ തുടങ്ങും. ക്ഷേത്രക്കടവിൽ അപകടമൊഴിവാക്കാൻ ഇറിഗേഷൻ വകുപ്പ് സുരക്ഷവേലി സ്ഥാപിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് നാലേമുക്കാൽ കോടി മുടക്കി നിർമിച്ച ബഹുനില കെട്ടിടവും ഉദ്ഘാടനം കാത്തുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.