പട്ടികജാതി ക്ഷേമം: പന്തളം നഗരസഭ പാഴാക്കിയത് അരക്കോടിയിലേറെ
text_fieldsപന്തളം: നഗരസഭയിൽ പട്ടികജാതി ക്ഷേമത്തിനുള്ള 56 ലക്ഷം രൂപ പാഴായി. പട്ടികജാതി മേഖലയിലെ പദ്ധതികൾക്ക് സർക്കാർ അനുവദിച്ച 3,40,28,000 രൂപയിൽ 2,84,97,138 രൂപ മാത്രമാണ് ചെലവാക്കിയത്. ബാക്കി 55,30,862 രൂപയാണ് നഷ്ടമായത്. പട്ടികജാതിക്കാരുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ ബി.ജെ.പി ഭരണസമിതിക്ക് താൽപര്യമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
മാപ്പ് നൽകാനാവാത്ത തെറ്റാണ് ബി.ജെ.പി ജനങ്ങളോട് ചെയ്തിരിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. നഗരസഭയിലെ റോഡ് അറ്റകുറ്റപ്പണിക്ക് സർക്കാർ അനുവദിച്ച 13ലക്ഷം രൂപയും നഷ്ടപ്പെട്ടു.
ഏത്തവാഴ കൃഷിക്കാരുടെയും ക്ഷീരകർഷകരുടെയും സബ്സിഡികൾ, കാലിത്തൊഴുത്തിനുള്ള സബ്സിഡി, നെൽകർഷകരുടെ സബ്സിഡി എന്നിവയും നൽകിയിട്ടില്ലെന്നും സമസ്ത മേഖലകളിലും കിട്ടിയ തുകകളെല്ലാം നഷ്ടപ്പെടുത്തിയ ബി.ജെ.പി ഭരണസമിതി ജനവഞ്ചനയാണ് കാണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. പന്തളത്തെ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണസമിതി രാജിവെച്ച് ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭരണസമിതി രാജിവെക്കണം -യു.ഡി.എഫ്
പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണസമിതി രാജിവെക്കണമെന്ന് യു.ഡി.എഫ്. നഗരസഭ 2021-22 പദ്ധതിയിലെ കോടികൾ നഷ്ടപ്പെടുത്തിയെന്നും യു.ഡി.എഫ് ആരോപിച്ചു. നഗരസഭ 2021-22 പദ്ധതി പ്രവർത്തനം മാർച്ച് 31ന് അവസാനിപ്പിച്ചപ്പോൾ വിവിധ മേഖലകളിൽ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയത്. മെയിന്റനൻസ് ഗ്രാന്റിൽ മാത്രം 1.26കോടി രൂപ സ്പിൽ ഓവർ ആക്കിയതിലൂടെ 80 ശതമാനം തുകയും നഷ്ടപ്പെടുത്തി. നോൺ റോഡ് മെയിന്റനൻസിലും 37 ലക്ഷം രൂപ സ്പിൽ ഓവർ ആക്കിയിരിക്കുന്നു. പ്ലാൻ ഫണ്ടുൾപ്പെടെ കോടിക്കണക്കിന് രൂപയാണ് നഗരസഭയിൽ തനതു വർഷം നടത്തേണ്ട പദ്ധതികളിൽ നഷ്ടപ്പെടുത്തിയത്. ഉൽപാദന മേഖലയിൽ 37 ശതമാനവും സേവന മേഖലയിലും പൊതുമരാമത്ത് മേഖലയിലും 56 ശതമാനവും മാത്രമാണ് ചെലവാക്കിയത്. തനതുവർഷം വ്യക്തിഗത ആനുകുല്യങ്ങൾ പാവപ്പെട്ടവന് നൽകാൻപോലും കഴിയാത്ത അവസ്ഥയാണ്. ഭരണം ഏറ്റെടുത്ത നാൾ മുതൽ അഴിമതിയും ധൂർത്തും നടത്തി തനതുഫണ്ടും ഇല്ലാതാക്കി. ഇങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ചെയർപേഴ്സനും ഭരണസമിതിയും രാജിവെക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.