ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭ ഭരണസമിതിക്കെതിരായ നീക്കം; ഹീറോ പരിവേഷത്തിൽ സെക്രട്ടറി
text_fieldsപന്തളം: നഗരസഭ സെക്രട്ടറി എസ്. ജയകുമാർ സർക്കാർ നടപടിക്ക് പലതവണ വിധേയനായിട്ടുണ്ടെങ്കിലും നിയമത്തിെൻറ പരിധിയിൽ നിന്നുകൊണ്ട് ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ വിട്ടുവീഴ്ചക്ക് തയാറാകാറില്ല. ഒടുവിൽ ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശിപാർശ ചെയ്തതോടെ സെക്രട്ടറി കൂടുതൽ ശ്രദ്ധേയനായിരിക്കുകയാണ്.
സംസ്ഥാനത്തെ 93 നഗരസഭകളിൽ 28ഇടത്ത് സെക്രട്ടറിയായി ജയകുമാർ ജോലി ചെയ്തിട്ടുണ്ട്. 2000ൽ കൂത്തുപറമ്പിൽ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം മരട് നഗരസഭയിൽ സെക്രട്ടറിയായിരിക്കെയാണ് അനധികൃതമായി നിർമിച്ച ഫ്ലാറ്റ് പൊളിക്കാൻ നടപടിയെടുത്തത്.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ ൈകയേറി റിസോർട്ട് നിർമാണം, മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ മകൾ പത്മജാ വേണുഗോപാൽ ഗുരുവായൂരിൽ പഴയ വീടുവാങ്ങി പുതുക്കിയതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് എന്നിവക്കെതിരെയും നടപടിയെടുത്തു. കഴിഞ്ഞ പിണറായി സർക്കാറിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറിെൻറ തൃശൂരിലെ വസ്തു ഇടപാടിലെ നികുതി തട്ടിപ്പുകേസിലും നടപടിയെടുത്തിരുന്നു.
നാലുതവണ സസ്പെൻഷന് വിധേയനായ ഇദ്ദേഹം തിരുവനന്തപുരം റീജനൽ ഡയറക്ടർ ഓഫിസിലാണു നിയമിതനായത്. ഹൈകോടതി ഉത്തരവിനെത്തുടർന്നു കോടതിയലക്ഷ്യ നടപടി ഒഴിവാക്കാൻ വേണ്ടിയാണ് പന്തളം നഗരസഭയിൽ സെക്രട്ടറിയായി അദ്ദേഹത്തെ സർക്കാർ നിയമിച്ചത്.
തിരുവനന്തപുരം കാഞ്ഞിരംകുളം ലക്ഷ്മി ഗാർഡൻസിൽ ചലച്ചിത്രതാരം കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജിെൻറ ഇളയ സഹോദരനാണ്. തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട പഞ്ചായത്തിരാജ്, നഗരപാലിക നിയമങ്ങെളക്കുറിച്ച് കൃത്യമായി അറിവുള്ള ഇദ്ദേഹം സൈനിക് സ്കൂളിലായിരുന്നു പഠനം. മുബൈ യൂനിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കി സി.ബി.ഐയിൽ എസ്.ഐ ആയി നിയമനം ലഭിച്ചെങ്കിലും അതു സ്വീകരിച്ചില്ല. ആറുമാസമായി സെക്രട്ടറി ഇല്ലാതിരുന്ന പന്തളം നഗരസഭയിൽ ജയകുമാറിെൻറ നിയമനം ഭരണ പ്രതിപക്ഷ കക്ഷികൾക്കെല്ലാം ഫലത്തിൽ തലവേദന ആയിരിക്കുകയാണ്. മരട് മോഡലിൽ പന്തളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിർമിച്ചിരിക്കുന്ന ഒമ്പതിലേറെ കെട്ടിടങ്ങൾക്കെതിരെയും ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. നിരന്തരം കേസുകൾ തോറ്റുകൊടുത്തുകൊണ്ട് എതിർകക്ഷികൾക്കു സഹായകമായ നിലപാടു സ്വീകരിച്ചിരുന്ന നഗരസഭയുടെയും മുമ്പുണ്ടായിരുന്ന പന്തളം ഗ്രാമപഞ്ചായത്തിെൻറയും വക്കീലിനെ മാറ്റി പുതിയ വക്കീലിനെ നിയമിക്കാനും നടപടിയെടുത്തു. എവിടെ ജോലിയിൽ പ്രവേശിച്ചാലും ആദ്യ 15 ദിവസം വെറുതെയിരിക്കും. കാര്യങ്ങളെല്ലാം പഠിക്കും പിന്നീട് ഏറ്റവും വമ്പന്മാരുടെ നിയമലംഘനങ്ങൾ കണ്ടെത്തും. നടപടിയും തുടങ്ങും. നിയമം അനുസരിച്ചാണ് എെൻറ പ്രവർത്തനം -ജയകുമാർ പറയുന്നു.
ഭരണസമിതി രാജിവെക്കണം–യു.ഡി.എഫ്
പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണസമിതി രാജിവെക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഭരണസമിതിക്ക് തുടരാൻ നിയമപരമായി അവകാശമില്ലെന്നു ഭരണസമിതിയെ നിയമപരമായി ഉപദേശിക്കേണ്ട സെക്രട്ടറി തന്നെ സര്‍ക്കാറിന് ശിപാര്‍ശ നൽകിയ സാഹചര്യത്തിൽ ഉടൻതന്നെ ഭരണസമിതി രാജിെവക്കണമെന്നു യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരമൊരു ഗുരുതര സാഹചര്യം സംസ്ഥാനത്ത് ആദ്യമാണ്. ഈ വിഷയവും അഴിമതി ആരോപണങ്ങളും നിരവധിതവണ കൗണ്‍സിലില്‍ യു.ഡി.എഫ് ഉന്നയിച്ചിരുന്നു. എന്നിട്ടും തെറ്റുകള്‍ തിരുത്താൻ തയാറാകാതെ നഗരസഭ ചെയര്പേഴ്സൻ നിഷേധാത്മകവും ധിക്കാരപരവുമായ നിലപാടാണ് സ്വീകരിച്ചത്.
ചട്ടങ്ങളും നിയമങ്ങളും പാലിക്കാത്തതിനാൽ ഭരണഘടനപരമായും നിയമപരമായും തുടരാന്‍ അവകാശമില്ലെന്നു സെക്രട്ടറി പറയുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ നടപടിക്ക് കാത്തുനിൽക്കാതെ ഭരണസമിതി ഉടന്‍ രാജിവെക്കണം. സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഗുരുതര വീഴ്ചതന്നെയാണ്. അതില്‍നിന്ന് മനസ്സിലാകുന്നത് നഗരസഭ ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നുതന്നെയാണ്. നിയമപരമായ ഈ ബാധ്യതകള്‍ പാലിക്കാത്ത കമ്മിറ്റിക്ക് തുടരാന്‍ അവകാശമില്ലാത്തതിനാലാണ് ഭരണസമിതി പിരിച്ചുവിടണമെന്നു സെക്രട്ടറി ആവശ്യപ്പെട്ടത്.
ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ജോലി നൽകാനും അവര്‍ക്കു നിയമവിരുദ്ധമായി പണം നൽകുന്നതിനുമുള്ള നിയമവിരുദ്ധമായ നടപടികളാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ യു.ഡി.എഫ് പ്രത്യക്ഷ സമരങ്ങളിലേക്കു നീങ്ങുകയാണ്. വാര്‍ഡുതലത്തില്‍ പ്രചാരണമുൾപ്പെടെയുള്ള സമരപരിപാടി ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.എന്‍. തൃദീപ്, കോൺഗ്രസ് ടൗണ്‍, വെസ്റ്റ് മണ്ഡലം പ്രസിഡൻറുമാരായ സി.എ. അബ്ദുൽ വാഹിദ്, വേണുകുമാരന്‍ നായര്‍, മുന്‍ മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തര്‍, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോൺ തുണ്ടില്‍, കൗണ്‍സിലര്‍മാരായ കെ.ആര്. വിജയകുമാര്‍, പന്തളം മഹേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി കാത്ത് രാഷ്ട്രീയ കേന്ദ്രങ്ങൾ; മുന്നണികളിൽ തിരക്കിട്ട ചർച്ച
പന്തളം: പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിക്കായി പന്തളത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ തിരക്കിട്ട ചർച്ചകൾ. നഗരസഭ കൗൺസിൽ പിരിച്ചുവിടണമെന്ന നിലപാട് സ്വീകരിച്ച നഗരസഭ സെക്രട്ടറി എസ്. ജയകുമാർ തിരുവനന്തപുരത്ത് എത്തി തിങ്കളാഴ്ച രാവിലെ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിൽ കണ്ട് നഗരസഭയിലെ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറും.
തപാലിൽ അയച്ച കത്തിലെ വിവരങ്ങൾ പൂർണമായും പ്രിൻസിപ്പൽ സെക്രട്ടറിയെ ധരിപ്പിക്കും. ചൊവ്വാഴ്ച മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി എസ്. ജയകുമാർ 'മാധ്യമ' ത്തോട് പറഞ്ഞു.
സെക്രട്ടറിയുടെ നീക്കത്തിെൻറ ഞെട്ടലിലാണ് ഫലത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾ. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം. ഇവിടെ അധികാരം നിലനിർത്താൻ നിയമവഴിയിലൂടെ നീങ്ങാനാണ് ബി.ജെ.പിയുടെ തിരുമാനം.
ഇതേസമയം പ്രിൻസിപ്പൽ സെക്രട്ടറി ഭരണസമതിയെ പിരിച്ചുവിടാൻ കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച് നിയമ ഉപദേശം തേടിക്കഴിഞ്ഞു. ധാർമികമായി അധികാരത്തിൽ തുടരാൻ ബി.ജെ.പി ഭരണസമിതിക്ക് കഴിയിെല്ലന്നാണ് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികുളും പറയുന്നത്. ഇനി നഗരസഭ കൗൺസിൽ കൂടിയാൽ നിയമപരമായി സെക്രട്ടറി പങ്കെടുക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.