പന്തളത്ത് കടുത്ത ശുദ്ധജലക്ഷാമം; വീട്ടാവശ്യത്തിനായി നെട്ടോട്ടം
text_fieldsപന്തളം: പന്തളത്ത് കടുത്ത ശുദ്ധജലക്ഷാമത്തിൽ വീർപ്പുമുട്ടി പന്തളം നിവാസികൾ. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ ശുദ്ധജലക്ഷാമമാണ് നേരിടുന്നത്. വിതരണ പൈപ്പ് ലൈനിൽ തകരാർ മൂലം മലമുകളിൽ ഏതാനും നാളുകളായി ശുദ്ധജലം കിട്ടാക്കനിയാണ്.
പമ്പ്ഹൗസിലെ മോട്ടോറിന്റെ അടക്കം തകരാർ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ സാമൂഹികവിരുദ്ധർ ജലചൂഷണം നടത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വാൽവുകൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിച്ചാണ് ജലചൂഷണം നടത്തുന്നത്.
വാൽവ് സുരക്ഷിതമാക്കാൻ സംവിധാനം ഒരുക്കണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കടയ്ക്കാട് വടക്ക്, മാവരപ്പാറ, ആതിരമല തുടങ്ങി ഉയരുന്ന പ്രദേശത്തെ ഒരാഴ്ചയായി ശുദ്ധജല വിതരണം കാര്യക്ഷമമാകുന്നില്ല.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണത്തിനായി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും കാര്യക്ഷമമായിട്ടില്ല. ഗാർഹിക ആവശ്യത്തിനുപോലും ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.