കൃഷിസ്ഥലത്തെ കൂട്ടുകാർക്ക് യാത്രാമൊഴി
text_fieldsപന്തളം: കുരമ്പാല തോട്ടുകര പാലത്തിന് സമീപത്തെ സ്വന്തം കൃഷിഭൂമിയിൽ ചൊവ്വാഴ്ച രാവിലെ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് കർഷകരുടെ സംസ്കാരം അവരവരുടെ വീട്ടുവളപ്പിൽ നടന്നു. സൃഹുത്തക്കളായ കർഷകർക്ക് നാട്ടുകാർ കണ്ണീർ പ്രണാമം അർപ്പിച്ചു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിന് കർഷകരും നാട്ടുകാരും എത്തിയിരുന്നു.
വിയർപ്പൊഴുക്കി സമ്പാദിച്ച കാർഷിക ഉൽപന്നങ്ങൾ സംരക്ഷിക്കാൻ പാടശേഖരത്തിൽ കാട്ടുപന്നിയെ തുരത്താനാണ് കർഷകർ കെണിയൊരുക്കിയത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന പന്തളം കുരമ്പാല സൗത്ത് അരുണോദയം വീട്ടിൽ ചന്ദ്രശേഖരൻ (65), പറങ്ങാട്ട് പാറവിളകിഴക്കെത്തിൽ പി.ജി. ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ചന്ദ്രശേഖരനും ഗോപാലപിള്ളയും പതിവുപോലെ പാടശേഖരത്തിൽ പോയപ്പോഴാണ് കാട്ടുപന്നി ഭീഷണി മറികടക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി മരണം സംഭവിച്ചത്.
തങ്ങൾ കൃഷി ചെയ്യുന്ന വിളകൾ പന്നിക്കൂട്ടം നശിപ്പിക്കുന്നതിൽ സഹികെട്ട് പാടത്ത് സ്ഥാപിച്ച വൈദ്യുതി വേലിയാണ് ഇരുവരുടെയും ജീവനെടുത്തത്. ഉച്ചക്ക് രണ്ടോടെ ശിവൻപിള്ളയുടെ മൃതദേഹം സംസ്കരിച്ചു.
മകൻ പി.ജി. നിഥിൻ രാജ് ചിതക്ക് തീകൊളുത്തി. രണ്ടരയോടെ ചന്ദ്രശേഖരൻ പിള്ളയുടെ മൃതദേഹവും വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ അരുൺ ചന്ദ്രൻ ചിതക്ക് തുകൊളുത്തി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ, സ്ഥിരംസമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, ഡിവിഷൻ കൗൺസിൽ അംബിക രാജേഷ്, വിവിധ പാടശേഖര സമിതി ഭാരവാഹികൾ, കൃഷി ഓഫിസർമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ അന്ത്യോപചാരം അർപ്പിക്കാൻ ഇരുവരുടെയും വീടുകളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.