യുദ്ധഭൂമിയിൽ അലാറം മുഴങ്ങുമ്പോൾ ഉള്ളിൽ തീയായിരുന്നു സ്റ്റാൻലിക്ക്
text_fieldsപന്തളം: അലാറം മുഴങ്ങുമ്പോൾ ഉള്ളിൽ തീ ആയിരുന്നു സ്റ്റാൻലിക്ക്. പന്തളം ചിത്ര ആശുപത്രിക്ക് സമീപം താമസിക്കുന്ന കുരമ്പാല തേരകത്തിനാൽ ഗിൽഗാൽ വില്ലയിൽ സജിയുടെയും ലിറ്റിയുടെയും മകനാണ് യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തിയ സ്റ്റാൻലി. യുക്രെയ്നിൽ വിന്നിറ്റ്സിയ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കഴിഞ്ഞ ഒരാഴ്ചയോളം ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ എത്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് സ്റ്റാൻലി. ആദ്യ അലാറം മുഴങ്ങിയപ്പോൾ കോളജ് നൽകിയ താമസസ്ഥലമായ മീർ ഹോട്ടലിലെ ബങ്കറിനുള്ളിൽ കഴിയുകയായിരുന്നു. ഓരോ അലാറവും വലിയ അപകട സൂചനയാണ് നൽകിയത്.
അലാറം മുഴങ്ങുമ്പോൾ ബഹുനില കെട്ടിടത്തിലെ താഴത്തെ നിലയിൽ ഓടിയെത്തും. കൈയിൽ കിട്ടുന്ന എന്തെങ്കിലും എടുത്തുകൊണ്ട് ഓടുകയാണ്. ദിവസവും അഞ്ചിലേറെ അലാറം മുഴങ്ങും. ഇടക്ക് പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജീവിതത്തിനും മരണത്തിനും ഇടയിലാണ് കഴിഞ്ഞുകൂടിയത്. ഒടുവിൽ എംബസിയിൽനിന്ന് ഉടൻ പുറപ്പെടാൻ തയാറാകാൻ അറിയിക്കുകയായിരുന്നു.
പുസ്തകങ്ങളും കമ്പ്യൂട്ടറുകളും എല്ലാം ഉപേക്ഷിച്ച് ഒരു ബാഗിൽ കൊള്ളുന്ന തുണിയുമായി അവിടെനിന്ന് ഇറങ്ങി. 12 മണിക്കൂറോളം കാൽനടയായി നടന്നു. ഹങ്കറി അതിർത്തിയിലെത്തി. അവിടെനിന്ന് ട്രെയിൻ മാർഗം അയൽരാജ്യത്തേക്ക് പോയി. റെയിൽവേ സ്റ്റേഷനിലും പീഡനങ്ങൾ ഏൽക്കേണ്ടിവന്നു.
പെൺകുട്ടികളുടെ തലമുടിയിൽ പിടിച്ചുവലിക്കുകയും വിദ്യാർഥികളെ പിടിച്ചുതള്ളുകയും ചെയ്തു. പന്തളത്തെ വീട്ടിലെത്തിയ ബി.ജെ.പി പ്രാദേശിക നേതാക്കളുടെ സഹായത്തോടെ കേന്ദ്രമന്ത്രി വി. മുരളീധരനുമായി മാതാപിതാക്കൾ സംസാരിച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിലെത്തി. സഹപാഠി പഞ്ചാബ് സ്വദേശി പക്ഷാഘാതം മൂലം മരിച്ച വാർത്തയും സ്റ്റാൻലിയെ വിഷമത്തിലാക്കി.
ആർദ്ര രമേശ് തിരിച്ചെത്തി; ആനന്ദക്കണ്ണീർ പൊഴിച്ച് കുടുംബം
അടൂർ: യുദ്ധഭൂമിയിൽനിന്ന് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ മകളെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ഒത്തുകൂടി. യുക്രെയ്ൻ വിനിക്സിയയിലെ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിനി ആർദ്ര രമേശാണ് അടൂർ ചേന്നമ്പള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിയത്. ചേന്നമ്പള്ളി 'കേദാര'ത്തിൽ ബി. രമേശിെൻറയും എസ്. ദീപയുടെയും മകളായ ആർദ്ര വടക്ക് യുക്രെയ്ൻ ഭാഗത്ത് കോളജിെൻറ സമീപത്തുള്ള യൂനിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം.
അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്ന് ആർദ്ര പറഞ്ഞു. ആദ്യം റൊമാനിയ അതിർത്തിയിൽ പോകാൻ വാഹനം കിട്ടിയില്ല. തുടർന്ന് ബസിൽ ആറ് മണിക്കൂർ സഞ്ചരിച്ച് റൊമാനിയ അതിർത്തിക്ക് എട്ട് കിലോമീറ്റർ അകലെ എത്തി. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അവിടെനിന്ന് കാൽനടയായി അതിർത്തിയിൽ എത്തുകയും അവിടെ മൂന്ന് ദിവസം തങ്ങുകയും ചെയ്തു.
ഒരു മണിക്കൂറിൽ 100 യുക്രെയ്ൻകാരെ അതിർത്തി കടത്തിവിടുമ്പോൾ 10 ഇന്ത്യക്കാരെ മാത്രമാണ് കയറ്റിവിടുന്നത്. ഇതോടെ ഇവിടെ വലിയ തിക്കും തിരക്കുമായി. അതിർത്തിയിൽ തള്ളലായതോടെ യുക്രെയ്ൻ പട്ടാളം വിദ്യാർഥികൾക്കുനേരെ കുരുമുളക് ലായനി സ്പ്രേ ചെയ്തതായി ആർദ്ര പറഞ്ഞു.
അതിർത്തി കടന്ന് തങ്ങാൻ സൗകര്യം അവിടത്തെ സർക്കാർ നൽകിയിരുന്നു. ആവശ്യത്തിനു ഭക്ഷണവും ലഭിച്ചു . ഇവിടെ ഒരു ക്യാമ്പിൽ 450 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ ആർദ്ര ഉൾപ്പെടെ 110 പേരെ ബസിൽ കയറ്റി ബുച്ചാറസ്റ്റ് വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ രണ്ട് ദിവസം താമസിച്ചു. എയർ ഏഷ്യ വിമാനത്തിൽ വ്യാഴാഴ്ച രാത്രി 10.30ന് കൊച്ചിയിൽ എത്തി. അർദ്ര രമേശിനെ ആന്റോ ആന്റണി എം.പിയും ഡെപ്യൂട്ടി സ്സ്പീക്കർ റ്റയം ഗോപകുമാർ എം.എൽ.എയും വീട്ടിലെത്തി സന്ദർശിച്ചു.
റവന്യൂ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ചു
പത്തനംതിട്ട: യുക്രെയ്നിലെ യുദ്ധമേഖലയിൽ കുടുങ്ങിയ പത്തനംതിട്ട ചുരുളിക്കോട് സ്വദേശി മുഹമ്മദ് അൻസിൽ, പത്തനംതിട്ട മുസ്ലിയാർ കോളജ് ജങ്ഷന് സമീപമുള്ള അഭിജിത് എന്നീ വിദ്യാർഥികളുടെ വീടുകൾ വെള്ളിയാഴ്ച കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഡി. ബാബുലാലിെൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കുട്ടികൾ യുദ്ധസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ ഡെപ്യൂട്ടി തഹസിൽദാറോട് പറഞ്ഞു.
കുട്ടികളെ എത്രയുംവേഗം നാട്ടിൽ എത്തിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. താലൂക്ക് ഓഫിസ് ജീവനക്കാരായ കെ. മനോജ്കുമാർ, വി.കെ. ശ്രീജിത്, അജയകുമാർ എന്നിവരും ഉണ്ടായിരുന്നു.
യുക്രെയ്നിൽ അകപ്പെട്ട വിദ്യാർഥികളുടെ വീടുകളിൽ ആന്റോ ആന്റണി എം.പിയെത്തി
പന്തളം: യുക്രെയ്നിൽ അകപ്പെട്ട ഇരട്ട കുട്ടികളായ ദേവദത്ത് പിള്ള, ദേവനാഥ് പിള്ള എന്നിവരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്റോ ആന്റണി എം.പി കുട്ടികളുടെ വീട്ടിലെത്തി അറിയിച്ചു. പെരുമ്പുളിക്കൽ അമരാവധി വീട്ടിലെത്തി എം.പി ഇവരുടെ രക്ഷാകർത്താക്കളുമായി സംസാരിച്ചു. യുക്രെയ്നിലെ വിനിസ്യയിൽ നിന്ന് തിരിച്ചു നാട്ടിൽ എത്തുന്നതുവരെയും എം.പിയുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് രക്ഷാകർത്താക്കൾക്ക് ഉറപ്പുനൽകി.
യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ, രഘു പെരുമ്പുളിക്കൽ, കിരൺ കുരമ്പാല, മോഹനൻപിള്ള, കരൂർ കൃഷ്ണൻ നായർ, മഹേഷ്, അബിൻ ശിവദാസ്, അമ്പരീക്ഷ് എന്നിവർ എം.പിയോടൊപ്പം വീട്ടിലെത്തിയിരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എയും വീട്ടിലെത്തി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.