റോഡ് പൊളിക്കാതെ പൈപ്പിടാൻ അത്യാധുനിക സാങ്കേതിക വിദ്യ
text_fieldsപന്തളം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിക്കാതെ പൈപ്പിടുന്ന പദ്ധതി എം.സി റോഡിൽ നടപ്പാക്കാനൊരുങ്ങുന്നു. ഇതനുസരിച്ച് റോഡിന് കുറുകെ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ കരാറായി. ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിങ് രീതി ഉപയോഗിച്ച് നാലു കി.മീ. ദൂരെ വരെ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ കഴിയും.
ആദ്യം രണ്ടു മീറ്റർ നീളത്തിലും ഒരുമീറ്റർ വീതിയിലും രണ്ടു മീറ്റർ ആഴത്തിലും റോഡ് വശങ്ങളിൽ രണ്ട് കുഴിയെടുക്കും. ശേഷം മെഷീൻ ഉപയോഗിച്ച് റോഡിന് അടിവശം തുരന്നു പൈപ്പ് സ്ഥാപിക്കലാണ്. ഉയർന്ന ഗുണനിലവാരമുള്ള ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ പൈപ്പുകളാണ് ഇതിന് ഉപയോഗിക്കുക. ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം പറയുന്നു. ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് കരാർ.
ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാനാണ് നടപടി. ഗ്രാമീണ മേഖലയിൽ 80 ശതമാനം സ്ഥലത്തും പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. എം.സി റോഡിന്‍റെ ഇരുഭാഗത്തുമായി വാട്ടർ അതോറിറ്റിയുടെ നിരവധി പൈപ്പുകളുണ്ട്. വേനൽ ശക്തിപ്പെട്ടതോടെ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. റോഡുകൾ കുഴിക്കാൻ കെ.എസ്.ടി.പി വാട്ടർ അതോറിറ്റി അനുവദിക്കുന്നുമില്ല. ഇതിനെല്ലാം പുതിയ സാങ്കേതികവിദ്യ പ്രതിവിധിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.