കോവിഡ് സെൻററിലേക്ക് റോബോട്ട് നിർമിച്ചുനൽകി വിദ്യാർഥികൾ
text_fieldsപന്തളം: പന്തളത്ത് പ്രവർത്തിക്കുന്ന സി.എഫ്.എൽ .ടി.സിയിലേക്ക് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഐ.ഇ.ഇ.ഇ സ്റ്റുഡൻറ് ബ്രാഞ്ചിെൻറ നേതൃത്വത്തിൽ അസിസ്റ്റിങ് റോബോട്ട് നിർമിച്ചു നൽകി.
പന്തളം നഗരസഭയിൽ പ്രവർത്തിക്കുന്ന അർച്ചന ആശുപത്രിയിലെ കോവിഡ് സെൻററിൽ കിടപ്പുരോഗികൾക്ക് മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ എത്തിക്കുന്നതിന് റോബോട്ട് സഹായകമാകും. കൂടാതെ ഡോക്ടർക്ക് നേരിട്ട് സമ്പർക്കം പുലർത്താതെ രോഗികളുമായി തത്സമയ സംഭാഷണം നടത്തുന്നതിനും വിവരങ്ങൾ അന്വേഷിച്ച് നിർദേശങ്ങൾ കൊടുക്കുന്നതിനും സാധിക്കും.
ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടലുകൾ കുറച്ച് അവരുടെ ജോലിഭാരം കുറക്കുന്നതിനും രോഗം പകരുന്നത് തടയുന്നതിനും വേണ്ടി ഐ.എച്ച്.ആർ.ഡിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. റോബോ സൈറ്റ് എന്ന നഴ്സിങ് അസിസ്റ്റിങ് റോബോട്ട് പന്തളം സി.എഫ്.എൽ.ടി.സിക്ക് കൈമാറുന്നതിെൻറ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, പ്രഫ. രാജേഷ്, മുഹമ്മദ് ഇഖ്ബാൽ, വിഷു ജി. സാബു, രേഖ അനിൽ, പോൾരാജ്, അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, സക്കീർ, ഡോ.ശ്യാം പ്രസാദ്, ജി. ജയരാജ്, നിസാർ എസ്. തവക്കൽ, ഡോ. ദീപ, പ്രഫ. അനുപമ, ഡോ. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.