കുട്ടികളെ കണ്ടെത്തി ഡിവിഷനുകൾ നിലനിർത്താനുള്ള നെട്ടോട്ടത്തിൽ അധ്യാപകർ തുറക്കാറായി; അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങൾ
text_fieldsപന്തളം: വേനലവധിയുടെ ആലസ്യം കഴിഞ്ഞു സ്കൂളിന്റെ ചിട്ടയിലേക്കു പോകാനുള്ള തയാറെടുപ്പിലാണു കുരുന്നുകൾ. ഇനി എട്ടു ദിവസം മാത്രം. കുട്ടികളെത്തുന്നതും കാത്ത് സ്കൂളുകളും ഒരുക്കം തുടങ്ങി. അധ്യാപകർ കുട്ടികളെ കണ്ടെത്തി ഡിവിഷനുകൾ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. കുട്ടികളെ തിരഞ്ഞുള്ള പരക്കംപാച്ചിലാണ് ചില സ്കൂളിലെ അധ്യാപകർ.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം. സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ശുചിമുറി, മൈതാനം എന്നിവ വൃത്തിയാക്കണം. ഇഴജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം. ശുദ്ധജല സ്രോതസുകൾ അണുവിമുക്തമാക്കുന്നതിനൊപ്പം സാംപ്ൾ ലബോറട്ടറിയിൽ പരിശോധിക്കണം. ഏതെങ്കിലും കുട്ടി ക്ലാസിൽ നിശ്ചിത സമയം കഴിഞ്ഞും എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിവരം അറിയിക്കണം. വീട്ടിൽ നിന്നു വിദ്യാർഥി സ്കൂളിലേക്ക് പോയെന്നു മനസ്സിലായാൽ ആ വിവരം പൊലീസിനെ അറിയിക്കണം തുടങ്ങിയ 30 നിർദേശങ്ങളാണു പുറത്തിറക്കിയത്.
ബസുകൾക്ക് ഫിറ്റ്നസ് പരീക്ഷ
താലൂക്കുകൾ കേന്ദ്രീകരിച്ചും വിവിധയിടങ്ങളിലും സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധന നടത്തും. വാഹനത്തിന്റെ മെക്കാനിക്കൽ കണ്ടീഷൻ മുതൽ പ്രഥമ ശുശ്രൂഷ കിറ്റ്, സീറ്റ് തുടങ്ങിയവ വരെ പരിശോധിക്കും. കരാർ വ്യവസ്ഥയിൽ സ്കൂൾ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന വാഹനങ്ങൾ മുൻപിലും പിന്നിലും സ്കൂൾ വാൻ എന്നു പ്രദർശിപ്പിക്കണം. ഡ്രൈവർമാർക്കും ആയമാർക്കും എംവിഡി ഓറിയന്റേഷൻ ക്ലാസും നൽകും.
സ്കൂൾ വാഹന ലൊക്കേഷൻ അറിയാം
സ്കൂൾ വാഹനം എവിടെ എത്തിയെന്ന കൃത്യമായ ലൊക്കേഷൻ വിവരം രക്ഷിതാക്കൾ, സ്കൂൾ അധികൃതർ, മോട്ടോർ വാഹന വകുപ്പ് എന്നിവർക്കു നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹിനി ആപ് ഇത്തവണ നിർബന്ധമാക്കും. കഴിഞ്ഞ വർഷം ആപ് കൊണ്ടുവന്നെങ്കിലും 10 ശതമാനം സ്കൂൾ വാഹനങ്ങളിൽ പോലും പ്രാവർത്തികമായില്ല. വിദ്യാവാഹിനി പ്രവർത്തനക്ഷമമാക്കാൻ എല്ലാ സ്കൂളുകളും ഐഡി തുറക്കണം. തുടർന്നു രക്ഷാകർത്താക്കൾക്കും ഐഡി തുറന്നു നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.