പ്രളയം ആവർത്തിക്കുന്നു; അധികൃതർ 'മുങ്ങുന്നു'
text_fieldsപന്തളം: വർഷതോറും പന്തളത്ത് പ്രളയം ആവർത്തിക്കുേമ്പാഴും തടയാൻ നടപടികളില്ല. 2018ൽ പന്തളം ടൗണിനെ മുക്കിക്കൊണ്ട് മഴവെള്ളം പാഞ്ഞൊഴുകിയപ്പോൾ ആളുകളുടെ മനസ്സിലുണ്ടായ ഭീതി ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. ഒരു ഡാം പോലുമില്ലാത്ത അച്ചൻകോവിലാറ്റിൽ ആർത്തിരമ്പിവന്ന വെള്ളത്തിൽ പന്തളം മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാലുത്തവണ ഇത് ആവർത്തിച്ചു. മുന്നറിയിപ്പ് നൽകി ആൾക്കാരെ ഒഴിപ്പിക്കുന്ന അധികാരികൾ വെള്ളപ്പൊക്കം ഒഴിവാക്കാനായി ഉയർന്ന നിർദേശങ്ങളെല്ലാം മറന്നു. അച്ചൻകോവിലാർ കരകവിഞ്ഞു ഒഴുകുേമ്പാൾ പന്തളത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ മാറ്റിതുടങ്ങും. പലരും അഭയ കേന്ദ്രങ്ങളിലേക്ക് മാറും. മണൽവാരൽ നിലച്ചതും പന്തളത്തെ പ്രധാന കൈത്തോടുകൾ നികന്നതും പാടശേഖരങ്ങൾ നികത്തി വൻ സമുച്ചയങ്ങൾ നിർമിച്ചതുമാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം. അച്ചൻകോവിലാറ് കവിഞ്ഞ് പന്തളത്തിെൻറ കിഴക്ക് വടക്ക് മേഖലകളിലൂടെ വെള്ളം ജനവാസ മേഖലയിലേക്ക് കുത്തിയൊഴുകിയപ്പോൾ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ഭീഷണിയായി വന്നത് കരിങ്ങാലി വലിയതോടും പാടത്തെ ജലസ്രോതസ്സുകളായ നീർച്ചാലുകളുമാണ്.
ഷട്ടറുകൾ ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ
കരിങ്ങാലി, മാവര പാടത്തേക്ക് വെള്ളം ആറ്റിൽനിന്ന് കയറ്റുന്നതിനും അധികജലം പാടത്തുനിന്ന് തുറന്നുവിടുന്നതിനുമുള്ള ഷട്ടറുകൾ ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. കരിങ്ങാലി വലിയതോട്ടിലെ പ്രധാന ഷട്ടറുകളിലൊന്നായ ഐരാണിക്കുടി പാലത്തോടുചേർന്ന ഷട്ടർ പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ മുടിയൂർക്കോണം ചേരിക്കൽ ഭാഗെത്ത വീടുകളെ ഒരുപരിധിവരെയെങ്കിലും രക്ഷിക്കാനാകുമായിരുന്നു.
വെള്ളം ഉയർന്ന് ഒരാഴ്ചയോളം ചേരിക്കൽ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായിരുന്നു. മഴ അൽപമൊന്നു കനത്താൽ വെള്ളം കയറുന്ന കുരമ്പാല തോട്ടുകര പാലത്തിനു മുകളിലുള്ള നീർന്നാമുക്ക് മുതൽ പറന്തൽ പാലം വരെയുള്ള ഭാഗത്തെ തോടിെൻറ തീരം കെട്ടി സംരക്ഷിക്കുകയും തോടിന് ആഴംകൂട്ടുകയും ചെയ്താൽ ഇവിടെയുള്ള അമ്പതോളം വീടുകളിൽ വെള്ളംകയറുന്നത് തടയാനാകുമെന്ന് താമസക്കാർ പറയുന്നു.
വലിയതോട്ടിൽ പറന്തൽ മുതൽ കരിങ്ങാലി പാടം വരെയുള്ള ഭാഗത്ത് അഞ്ച് ഷട്ടറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വർഷാവർഷം വെള്ളപ്പൊക്കം രൂക്ഷമാകുമ്പോൾ അധികൃതരെത്തി വാഗ്ദാനങ്ങൾ നൽകപ്പോകുന്നത് അല്ലാതെ ഒരു നടപടികളും ഉണ്ടാകാറില്ല. കെ.കെ. ഷാജു പന്തളം എം.എൽ.എ ആയിരിക്കെ മുട്ടാർ നീർച്ചാൽ ആഴംകൂട്ടാൻ പദ്ധതി തയാറാക്കിയതാണ്. മാറി വരുന്ന ഭരണകർത്താക്കൾ പല വാഗ്ദാനങ്ങളും നൽകാറുണ്ടെങ്കിലും ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.