രണ്ടുതവണ മാറ്റിവെച്ച ഉല്ലാസയാത്ര ഒടുവിൽ കണ്ണീർ യാത്രയായി; അബ്ദുൽ മനാഫിെൻറ മൃതദേഹം ഖബറടക്കി
text_fieldsപന്തളം: രണ്ടുതവണ മാറ്റിവെച്ച ഉല്ലാസയാത്ര ഒടുവിൽ അബ്ദുൽ മനാഫിെൻറ മടക്കമില്ലാത്ത യാത്രയായി. കഴിഞ്ഞദിവസം ഹൗസ് ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിച്ച് സുഹൃത്തിെൻറ മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽവീഴുകയായിരുന്നു.
പന്തളം തോന്നല്ലൂർ കാക്കക്കുഴി പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ഹനീഫകുട്ടി റാവുത്തറുടെ മകനും പത്തനംതിട്ട ജലസേചന വകുപ്പിലെ യു.ഡി ക്ലർക്കുമാണ് പി.എച്ച്. അബ്ദുൽ മനാഫ്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ കടയ്ക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. ജലസേചന വകുപ്പിലെ അടൂർ ഓഫിസിലെ ജീവനക്കാരൻ സർവിസിൽനിന്ന് വിരമിക്കുന്നതിെൻറ ഭാഗമായാണ് ബോട്ട് യാത്ര സംഘടിപ്പിച്ചത്.
കഴിഞ്ഞ ജനുവരി 26നാണ് ആദ്യമായി ബോട്ട് യാത്രക്ക് പദ്ധതിയിട്ടത്. ഓഫിസിലെ സാങ്കേതിക കാരണങ്ങളാൽ യാത്ര ഏപ്രിൽ 14ലേക്ക് മാറ്റി. അന്നും അസൗകര്യം കാരണം മാറ്റി. മൂന്നാംതവണയാണ് ബോട്ട് യാത്രക്കായി എട്ടാം തീയതി തെരഞ്ഞെടുത്തത്.
ഞായറാഴ്ച രാവിലെ തന്നെ രണ്ട് ബസുകളിലായി ജില്ലയിലെ തൊണ്ണൂറോളം ജീവനക്കാരാണ് കനാൽ ക്രൂയിസ് ഹൗസ് ബോട്ടിൽ യാത്രചെയ്യുന്നതിനായി കുട്ടനാട്ടിൽ എത്തിയത്. ഉച്ചഭക്ഷണത്തിനായി കായലോരത്ത് ഹൗസ് ബോട്ട് നിർത്തിയിരിക്കുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. അബ്ദുൽ മനാഫും മറ്റൊരു സുഹൃത്തും ഫോട്ടോ എടുക്കുന്നതിനായി ബോട്ടിൽ കയറി. ബോട്ടിെൻറ ഹാൻഡ് റെയിലിൽ ചവിട്ടി ചിത്രം എടുക്കുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തസ്വഭാവക്കാരനായിരുന്ന അബ്ദുൽ മനാഫ് നാട്ടുകാർക്കും പ്രിയപ്പെട്ടവരായിരുന്നു.
ഒന്നര വർഷം മുമ്പാണ് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. വീട്ടിൽ താമസിച്ച കൊതിതീരാതെയാണ് യാത്ര. തിങ്കളാഴ്ച രാവിലെ വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ വൻജനാവലിയാണ് തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.