തിരുവാഭരണ ഘോഷയാത്ര സംഘം ഞായറാഴ്ച തിരിച്ചെത്തും
text_fieldsപന്തളം: ജനുവരി 12ന് പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരിച്ച ഘോഷയാത്ര സംഘം വ്യാഴാഴ്ച ശബരിമലയിൽ നിന്നും മടക്കയാത്ര തുടങ്ങി. നടയടച്ചശേഷമാണ് ആഭരണപ്പെട്ടികൾ ശിരസ്സിലേറ്റി സംഘം മലയിറങ്ങുന്നത്. വ്യാഴാഴ്ച രാവിലെ ആറിന് ശബരിമലയിൽനിന്നും പുറപ്പെട്ട് പമ്പയിലെത്തി പ്രഭാത ഭക്ഷണത്തിനുശേഷം പരമ്പരാഗത കാനനപാതയിലൂടെത്തന്നെയാണ് മടക്കവും. പമ്പയിൽനിന്നും കൊച്ചു പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം വഴി അട്ടത്തോട്ടിലെത്തി സംഘം വിശ്രമിക്കും. തുടർന്ന് ഇലവുങ്കൽ, ചെളിക്കുഴി, ളാഹ വനം വകുപ്പ് സത്രത്തിലാണ് ആദ്യ ദിവസം താവളമടിക്കുന്നത്.
21ന് പുലർച്ച ആറിന് ളാഹയിൽ നിന്നും തിരിക്കുന്ന സംഘം സ്രാമ്പിക്കൽ, പെരുനാട് വഴി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തിച്ചേരും. ഇവിടെ ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തും ഉച്ചയ്ക്ക് 1.30 മുതൽ രാത്രിവരെ ദർശന സൗകര്യം ഉണ്ടാകും. ഇവിടെ രാത്രി തങ്ങുന്ന സംഘം 22ന് പുലർച്ച മൂന്നിന് യാത്രതിരിക്കും. വടശ്ശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺവഴി ആറന്മുള കൊട്ടാരത്തിലാണ് അന്ന് വിശ്രമം. 23ന് പുലർച്ച നാലിന് പന്തളത്തേക്ക് പുറപ്പെടും. കിടങ്ങന്നൂർ, പൈവഴി, കുളനട ദേവീക്ഷേത്രം, പന്തളം വലിയപാലം വഴി സ്വീകരണങ്ങളേറ്റുവാങ്ങി പന്തളം കൊട്ടാരത്തിൽ സംഘം എത്തിച്ചേരും.
ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ്അധികാരികളിൽനിന്നും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വെക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് പിന്നീട് തിരുവാഭരണങ്ങൾ ദർശനത്തിനായി പുറത്തെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.