ശൗചാലയ മാലിന്യം വയലിലേക്ക് ഒഴുക്കിയ സംഭവം; കെട്ടിട ഉടമക്കെതിരായ നടപടി ലഘൂകരിച്ചതായി ആക്ഷേപം
text_fieldsപന്തളം: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് ശൗചാലയ മാലിന്യം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ വയലിലേക്കൊഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമക്കെതിരായ കേസ് പൊലീസ് ലഘൂകരിച്ചതായി ആരോപണം. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നഗരസഭയുടെ അനുമതി ഇല്ലാതെ നിർമിച്ച ബഹുനില കെട്ടിടത്തിലെ ശൗചാലയ മാലിന്യം അർധരാത്രി സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന് അരികിലെ വയലിലേക്ക് ഒഴുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ പന്തളം തോന്നല്ലൂർ ഫർഹാന മൻസിൽ അൻവർ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ, ഗുരുതര കുറ്റമായിട്ടും നിസ്സാര വകുപ്പുകൾ ചുമത്തിയാണ് പന്തളം പോലീസ് കേസ് എടുത്തിരിക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടത്തിൽ നൂറിലേറെ അന്തർസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും ടൺ കണക്കിന് മാലിന്യങ്ങൾ ഒഴുക്കിവിട്ട സംഭവത്തിൽ പോലീസ് നഗരസഭ അധികൃതരുടെ മൊഴി പോലും രേഖപ്പെടുത്തിയില്ല.
ജാമ്യം കിട്ടുന്ന വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. നൂറുകണക്കിന് രോഗികൾ എത്തുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദുർഗന്ധം മൂലം ഡോക്ടർമാർക്ക് പോലും ജോലി ചെയ്യാൻ കഴിയുന്നില്ല. നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന പരിസരപ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. സംഭവം നടന്ന രാത്രിയിൽ തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും കെട്ടിട ഉടമ സംഭവസ്ഥലത്തുനിന്ന് പോയ ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.
നഗരസഭയുടെ അനുമതിയില്ലാത്ത കെട്ടിടത്തിൽ ഇപ്പോൾ ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. മാലിന്യങ്ങൾക്ക് നടുവിലാണ് ഹോട്ടലുകളുടെ പ്രവർത്തനം. നഗരസഭ ആരോഗ്യവിഭാഗം പരിശോധനക്ക് എത്തിയപ്പോൾ കടമുറി അടച്ചിട്ട നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.