ശുചിമുറി മാലിന്യം വയലിലേക്ക് ഒഴുക്കി; നടപടിയുമായി ആരോഗ്യ വകുപ്പ്
text_fieldsപന്തളം: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽനിന്ന് ശുചിമുറി മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ഒഴുക്കി. രാത്രിയിൽ ശുചിമുറി ടാങ്കുകൾ തുറന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് നടപടിയുമായി ആരോഗ്യ വകുപ്പ്.
പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുരമ്പാല അറഫ മൻസിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലെ ശുചിമുറി മാലിന്യമാണ് കഴിഞ്ഞ രാത്രിയിൽ ടാങ്കുകൾ പൊട്ടിച്ച് സമീപത്തെ മാവരതോട്ടിൽ ഒഴുക്കിയത്.
രാത്രിയിൽ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലെ മൂന്ന് ബഹുനില കെട്ടിടങ്ങളും നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നൂറിലേറെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. നാല് ബംഗാൾ ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. കൃഷ്ണകുമാർ, പി.ജി. ബിനോയി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 24 മണിക്കൂറിനകം മാലിന്യം നീക്കംചെയ്ത് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ കെട്ടിട ഉടമക്ക് നിർദേശം നൽകി. 50,000 രൂപ പിഴയും ചുമത്തി. സംഭവത്തിൽ നാട്ടുകാർ പന്തളം പൊലീസിലും പരാതി നൽകി. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവിടങ്ങളിൽ കെട്ടിടങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്.
ഓരോ മുറികളിലും അന്തർസംസ്ഥാന തൊഴിലാളികൾ തിങ്ങിനിറഞ്ഞതാണ് താമസിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള പ്രധാന വഴി രാത്രിയിൽ മുറിച്ച് വലിയ പൈപ്പുകൾ സ്ഥാപിച്ച് മാലിന്യം വയലിലേക്ക് ഒഴുക്കുകയാണ് പതിവ്. കോവിഡ് കാലത്ത് ഈ പ്രദേശങ്ങളിൽ മുൻ കലക്ടർ പി.വി. നൂഹ് സന്ദർശിക്കുകയും നടപടികൾക്ക് അധികൃതർക്ക് നിർദേശം നൽകിയതുമാണ്. എന്നാൽ, പിന്നീട് ഉദ്യോഗസ്ഥരാരും ഇവിടെയൊക്കെ തിരിഞ്ഞുനോക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.