കള്ളനോട്ടുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsപന്തളം: കള്ളനോട്ടുമായി യുവതി ഉൾപ്പെടെ രണ്ടുപേരെ പന്തളം പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ നാസർ എന്ന താഹ നിയാസ് (47), തഴവ കുറ്റിപ്പുറം എസ്.ആർ.പി മാർക്കറ്റ് ജങ്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പുഴിക്കാട് തച്ചിരോത്ത് ജങ്ഷനിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം 2000 രൂപയുടെ നോട്ട് നൽകി. സംശയം തോന്നിയ കടയുടമ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ബി. വിനോദ്, എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐമാരായ ബി. അനീഷ്, അജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രിൻററും കളർ ഫോട്ടോസ്റ്റാറ്റ് യന്ത്രവും 100 രൂപയുടെ ഏഴ് വ്യാജനോട്ടും പൊലീസ് പിടിച്ചെടുത്തു.
മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഇരുവരും ബൈക്കിലെത്തി കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി 2000 രൂപ നോട്ടുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ദീപ്തി കരുനാഗപ്പള്ളിയിൽ നടത്തിയിരുന്ന തുണിക്കട കോവിഡിനെത്തുടർന്ന് പൂട്ടിയിരുന്നു. ഈ കടക്ക് സമീപം താഹ നിയാസ് മെഡിക്കൽ സ്റ്റോർ നടത്തിവരുകയായിരുന്നു. ഭർത്താവുമായി ബന്ധം അവസാനിപ്പിച്ച ദീപ്തി താഹ നിയാസിനൊപ്പം താമസിക്കുകയായിരുന്നു. ആറുമാസത്തിലേറെയായി തട്ടിപ്പ് നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.