അംഗീകാരമില്ലാത്തതെന്ന് മുദ്രണം; പന്തളത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസിനായി നെട്ടോട്ടം
text_fieldsപന്തളം: അംഗീകാരമില്ലാത്തത് എന്ന് നഗരസഭ മുദ്രണംചെയ്ത സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കടയുടമകൾ ലൈസൻസിനായി നെട്ടോട്ടമോടുന്നു.
മാർച്ച് 31ന് ഇപ്പോഴുള്ള ലൈസൻസ് തീരുന്ന മുറയ്ക്ക് ഇവർക്ക് ലൈസൻസ് പുതുക്കി കിട്ടേണ്ടതുണ്ട്. ഇതിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് അധികവും. യു.എ അടിച്ച വീടുകളും നഗരസഭയിൽ ധാരാളമാണ്.
കെട്ടിടങ്ങളുടെ പലരേഖകളും നഗരസഭയിൽ ഇല്ലാത്തതും നികുതി പരിഷ്കരണം കൃത്യമായി നടക്കാത്തതും പിരിച്ച നികുതി രേഖപ്പെടുത്താത്തതുമെല്ലാം നഗരസഭയിലെ പ്രധാന പ്രശ്നങ്ങളാണ്. നികുതി അടക്കാനും വീടുകൾക്ക് അംഗീകാരം ലഭിക്കാനും എത്തുന്നവരുടെ തിരക്കാണ് നഗരസഭയിൽ എല്ലാ ദിവസവും. ഇവരുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടത്ര ജീവനക്കാരും ഇവിടെയില്ല. ഒരു റവന്യൂ ഇൻസ്പെക്ടറും ഒരു ക്ലർക്കും മാത്രമാണ് ഈ വിഭാഗത്തിൽ ജോലിചെയ്യുന്നത്.
പഞ്ചായത്തായിരുന്നപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരെ വെച്ച് തള്ളിനീക്കുന്ന സമ്പ്രദായത്തിൽ ഇനിയെങ്കിലും മാറ്റമുണ്ടായില്ലെങ്കിൽ നഗരസഭയുടെ പ്രവർത്തനംതന്നെ താറുമാറാകും. ജില്ലയിലെ നാല് നഗരസഭകളിൽ ഏറ്റവുമധികം ജനസംഖ്യയുള്ളതാണ് പന്തളം നഗരസഭ.
ഓഫിസ് സമയം കഴിഞ്ഞും വനിത ജീവനക്കാരുൾപ്പെടെ ജോലി ചെയ്യുന്നു. നഗരസഭയിലെത്തുന്ന ജനങ്ങൾ ആവശ്യങ്ങൾ നിറവേറ്റാൻ ദിവസങ്ങളോളം കയറിയിറങ്ങേണ്ട അവസ്ഥയുമുണ്ട്.
സംസ്ഥാനത്ത് നികുതി പരിഷ്കരണം നടപ്പാക്കാത്ത രണ്ട് നഗരസഭകളിൽ ഒന്ന് പന്തളമാണ്. കെ-സ്മാർട്ട് വരുമ്പോൾ പിരിഞ്ഞുകിട്ടാനുള്ളത് 10 കോടിയോളം രൂപയാണെന്നാണ് കണക്ക്. 2021ൽ ആരംഭിച്ച പരിഷ്കരണത്തിലൂടെ ഒരു കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്.
കുറഞ്ഞത് രണ്ട് റവന്യൂ ഇൻസ്പെക്ടർമാരെങ്കിലും വേണ്ട സ്ഥാനത്ത് ഒരാളാണ് ചുമതലക്കാരൻ. വീടിന്റെയും കെട്ടിടങ്ങളുടെയും നികുതി പുനഃക്രമീകരിക്കുന്ന ജോലി ആരംഭിച്ചതോടെയാണ് ജീവനക്കാരും നാട്ടുകാരും വലയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.