കടയുണ്ട്, ഗുണമില്ല; ലൈസൻസ് ഇല്ലാതെ പന്തളത്ത് നിരവധി സ്ഥാപനങ്ങൾ
text_fieldsപന്തളം: നഗരസഭ അധികാരികളെയും ഭക്ഷ്യസുരക്ഷ വകുപ്പിനെയും നോക്കുകുത്തിയാക്കി ലൈസൻസ് ഇല്ലാതെ പന്തളത്ത് നിരവധി സ്ഥാപനങ്ങൾ. ഈ മാസം ആദ്യവാരം നഗരസഭ നടത്തിയ റെയ്ഡിൽ ഭക്ഷണ ഉൽപന്നങ്ങൾ വിൽക്കുന്ന നിരവധി കടകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ലൈസൻസ് എടുക്കാൻ നഗരസഭ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഇപ്പോഴും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മിക്ക ബേക്കറികളിലും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്നും പരാതിയുണ്ട്.
രണ്ടുദിവസത്തിൽ കൂടുതൽ തീയതികൾ പ്രസിദ്ധീകരിച്ച് വിൽക്കുന്ന ബേക്കറി സാധനങ്ങൾ പലപ്പോഴും വിറ്റുപോകാത്തതിനാൽ തീയതി മാറ്റി വീണ്ടും കടകളിൽ എത്തിക്കുന്നതായും പരാതിയുണ്ട്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. റെയ്ഡുകളും മറ്റും പ്രഹസനമായി മാറുന്ന സംഭവങ്ങളാണ് പന്തളത്ത് അടുത്തിടെ ഉണ്ടായത്.
ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭയും നിരവധി കടകളിൽ കയറിയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പലരുടെ കടകളിലും ഇതുവരെയും അധികൃതർ പരിശോധന നടത്തിയിട്ടില്ല. ഇതിനിടെ മാലിനജലം ഒഴുകുന്ന പ്രദേശത്ത് അനധികൃതമായി അന്തർ സംസ്ഥാന തൊഴിലാളികളുടെ ഐസ് നിർമാണവും നടക്കുന്നുണ്ട്.
ഐസ്ക്രീമും ഐസും കൊണ്ടുനടന്ന് വിൽക്കുന്ന ഇത്തരം ആളുകൾ ഐസ് ഉണ്ടാക്കുന്ന പ്രദേശത്ത് നഗരസഭയുടെ ഒരു രേഖകളും ഇല്ലെന്നു മാത്രമല്ല പരിസരങ്ങളിൽ മാലിന്യക്കൂമ്പാരമാണ്. നഗരസഭ അധികൃതർ ഭക്ഷണം വിൽക്കുന്ന കടകളിൽ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.