വിപണിയിൽ വരവ് കുറഞ്ഞ് പച്ചക്കറി; വേനൽച്ചൂട്, വാടിത്തളർന്ന് കൃഷി
text_fieldsപന്തളം: കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക മേഖല. പാവൽ, പയർ, പടവലം തുടങ്ങി പന്തലിൽ പടരുന്ന എല്ലാ പച്ചക്കറികളും പൂവ് കുത്തി കായ് ആകുന്നതിനു മുമ്പ് ചൂടു കാരണം കരിയുകയാണ്.
പാവക്കയുടെ മുള്ളുകൾ കറുത്തുകരിവാളിച്ച നിലയിലാണ്. ദിവസം രണ്ടുനേരം വെള്ളം ഒഴിച്ചിട്ടും ചൂടിനെ പ്രതിരോധിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉൽപാദനം നാലിലൊന്നായി കുറഞ്ഞതായി കർഷകരും പറയുന്നു.
കഴിഞ്ഞ സീസണിൽ ഒരേക്കർ പയർ തോട്ടത്തിൽനിന്ന് ഒന്നിടവിട്ടുള്ള ദിവസം 120 കിലോ വരെ വിളവ് ലഭിച്ചിരുന്ന സ്ഥാനത്ത് 25-30 കിലോ മാത്രമാണ് ലഭിക്കുന്നത്. ഇതേ അവസ്ഥയാണ് മറ്റ് പച്ചക്കറികൾക്കും. വിപണിയിൽ പച്ചക്കറികളുടെ വരവും നാലിലൊന്നായി ചുരുങ്ങി.
ഉൽപാദനം കുറയുമ്പോൾ ചെലവ് ഇരട്ടി ആകുകയാണെന്നാണ് കർഷകർ പറയുന്നത്. പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം നനക്കാൻ ഡീസൽ ചെലവ് ഇരട്ടിയായി.
കോവൽ ചെടിയിൽനിന്നുള്ള കായ്ഫലത്തിനു മാത്രമാണ് വലിയ തോതിൽ ഇടിവ് സംഭവിക്കാത്തത്. ചേന, വെള്ളരി എന്നിവയുടെ തൂക്കവും കുറഞ്ഞു. 10 കിലോ ലഭിക്കുന്ന സ്ഥാനത്ത് അഞ്ചു കിലോ പോലും കിട്ടുന്നില്ല.
ഏത്തവാഴകൃഷി
ഓണവിപണി പ്രതീക്ഷിച്ച് കൃഷി ചെയ്തിട്ടുള്ള ഏത്തവാഴകർഷകരെ ചൂട് കാര്യമായി ബാധിച്ചു. വാഴകൾ മുരടിച്ചുനിൽക്കുന്നു. ഒരു വാഴയിൽ 10 പടല കായ് വിരിഞ്ഞിരുന്ന സ്ഥാനത്ത് നാല് പടല മാത്രമാണുള്ളത്. 15 കിലോവരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് എട്ട് കിലോപോലും ലഭിക്കാത്ത സ്ഥിതി.
വെള്ളത്തിന്റെ കുറവുകാരണം വളപ്രയോഗം കൂടുതലായി നടത്താൻ കഴിയില്ല. നല്ല നനവുണ്ടെങ്കിൽ മാത്രമേ വളം ഇട്ടതുകൊണ്ട് പ്രയോജനമുള്ളൂ. നാടൻ കായുടെ ലഭ്യത കുറഞ്ഞതോടെ ഏത്തക്കയുടെ വില വർധിച്ചു.
കഴിഞ്ഞ ദിവസം വിപണിയിൽ നാടൻ കായ് ലേലത്തിൽ വിറ്റത് കിലോക്ക് 55 രൂപക്കായിരുന്നു. ചന്തയിൽ എത്തുമ്പോൾ 70 രൂപ വരെ വില വരും. നാടൻകായുടെ ഉൽപാദനം കുറഞ്ഞതോടെ രണ്ടാഴ്ച മുമ്പുവരെ വരവു കായ കിലോക്ക് 40 രൂപയിൽ താഴെ വില ഉണ്ടായിരുന്നത് 50 മുതൽ 55 രൂപവരെ കൂടി.
കീടബാധ കൂടി
ചൂടുകൂടിയതോടെ കീടങ്ങളുടെ ആക്രമണവും കൂടി. വാഴകളിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം വ്യാപകമാകുന്നു.
വാഴയിലകൾ പൊട്ടിക്കീറുകയും കായ്കൾക്കു കാമ്പില്ലാത്ത സ്ഥിതിയുമാണ്. ഇതുകാരണം ഇലക്കച്ചവടക്കാർക്കുപോലും ഇല വെട്ടിയെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഉൽപാദനം കുറവാണെങ്കിലും പൂവൻ കായുടെ വില കിലോക്ക് പൊതുമാർക്കറ്റിൽ 60 രൂപയാണ്. കർഷകരിൽനിന്ന് 40 രൂപക്കാണ് എടുക്കുന്നത്.
സർക്കാർ ആനുകൂല്യം നൽകണം
പ്രകൃതി ദുരന്തത്തിന്റെ കണക്കിൽപെടുത്തി കർഷകർക്ക് ആനുകൂല്യം നൽകാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിനും കൃഷി നഷ്ടപ്പെടുമ്പോൾ ആനുകൂല്യം പ്രഖ്യാപിക്കുന്ന സർക്കാർ കടുത്ത ചൂടിൽ കൃഷി നശിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നു കർഷകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.