എന്തൊരു മാലിന്യമാണ് ഈ പന്തളത്ത്
text_fieldsപന്തളം: പന്തളം ജങ്ഷനിൽ മാലിന്യം കുന്നുകൂടുന്നു. കനത്ത മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുർഗന്ധമാണ് പന്തളത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും. യാത്രക്കാരുൾപ്പെടെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും പരിസരവും മാലിന്യകേന്ദ്രമാണ്.
ആധുനിക രീതിയിലുള്ള പ്ലാൻറ് സ്ഥാപിക്കാൻ ലോകബാങ്കിന്‍റെ സഹായത്തോടെ ഏഴുകോടി രൂപ അനുവദിച്ച നഗരസഭയിൽ, ആദ്യഘട്ട പ്രവർത്തനത്തിന് തുകയുടെ 10 ശതമാനം (70 ലക്ഷം രൂപ) അനുമതി ലഭിച്ചിട്ടുണ്ട്. ടൗണിന് അടുത്തുതന്നെ മാലിന്യ സംസ്കരണം യൂനിറ്റ് സ്ഥാപിക്കുന്നത് ഏറെ വിചിത്രമാണ്.
നഗരസഭയിലെ വിവിധ വാർഡുകളിൽ മാലിന്യ സംസ്കരണ യൂനിറ്റിന് സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം നടന്നില്ല. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പന്തളം കുറുന്തോട്ടയം ചന്തയുടെ കിഴക്കുഭാഗത്ത് ചാലിനോട് ചേർന്ന ഭാഗത്ത് തള്ളുന്നത്. ദുർഗന്ധം കാരണം ചന്തയിലും സമീപത്തെ കടകളിൽ എത്തുന്നവർക്കും ജോലി ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്.
ഖരമാലിന്യ സംസ്‌കരണ പ്ലാന്‍റ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചെങ്കിലും 2018ലെ പ്രളയത്തിൽ വെള്ളം കയറി മുങ്ങി തകരാറിലായിരുന്നു. ശേഷം മാലിന്യസംസ്‌കരണ സംവിധാനവും നിലച്ചു. വിവിധ പ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ചന്തയുടെ കിഴക്കുഭാഗത്തെ മാലിന്യ പ്ലാന്‍റിന് സമീപവും ചാലിലേക്കും തള്ളിയതിനാൽ പുഴുവരിച്ച നിലയിലാണ്. വേനൽക്കാലത്ത് മാലിന്യത്തിന് തീ ഇടുന്നതോടെ സമീപ പ്രദേശങ്ങളിലും ദുർഗന്ധം വ്യാപിക്കും.
നഗരസഭയിലെ കുറുന്തോട്ടയം, കുരമ്പാല, കടയ്ക്കാട്, കുന്നുകുഴി എന്നിവിടങ്ങളിലെ ചന്തകളിൽനിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുവന്ന് ഇവിടെയാണ് ഇടുന്നത്. രാത്രികാലങ്ങളിൽ സമീപ പ്രദേശങ്ങളിൽനിന്നും ആടുമാടുകളുടെയും ഇറച്ചിക്കോഴികളുടെയും അവശിഷ്ടങ്ങളും തള്ളുന്നതായും ആരോപണമുണ്ട്.
ഇവ കാക്കയും മറ്റും കൊത്തിയെടുത്ത് വീടുകളിലെ കിണറ്റിൽ ഇടുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഗ്രാമന്യായാലയകോടതി, ഐ.സി.ഡി.എസ് ഓഫിസ്, പന്തളം നഗരസഭ, ട്രഷറി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ഇ.ബി ഓഫിസ്, കെ.എസ്.എഫ്.ഇ തുടങ്ങി നിരവധി സർക്കാർ ഓഫിസുകൾ ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്.
ചന്തയോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചമി ഹോട്ടലിന്‍റെ സ്ഥിതി പരിതാപകരമാണ്. ഇതിന് ചുറ്റും മാലിന്യമാണ്. നഗരസഭ ഓഫിസിന് പരിസരത്തും പഴയ ബ്ലോക്ക് ഓഫിസ് നിൽക്കുന്ന കെട്ടിടത്തിന് സമീപവും ദുർഗന്ധം കാരണം ആളുകൾ എത്താൻ മടിക്കുകയാണ്.
നഗരസഭയിലെ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പന്തളം ടൗൺ കൂരിരുട്ടിലാണ്. തെരുവുവിളക്ക് സാധന സാമഗ്രികൾ വാങ്ങാൻ പൊതുമരാമത്ത് സ്ഥിരം സമിതിയും കൗൺസിലും തീരുമാനമെടുത്തിട്ട് മാസങ്ങളായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
ഓണക്കാലമായിട്ടും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, സെക്രട്ടറി കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.