കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടി കർഷകർ
text_fieldsപന്തളം: ‘വായ്പയെടുത്തും ഉറക്കമൊഴിച്ചുമാണ് ഞങ്ങളീ കൃഷി ചെയ്യുന്നത്. വല്ലതും കഴിക്കേണ്ടേ? മക്കളെ വളർത്തേണ്ടേ? വേറെ ജോലി ഞങ്ങൾക്ക് അറിയില്ല’ -കാട്ടുപന്നി ആക്രമണത്തിൽ കൃഷി നശിച്ച കർഷകർ അവരുടെ പ്രയാസങ്ങൾ വിവരിക്കുകയാണ്.
പന്തളം, തെക്കേക്കര, തുമ്പമൺ, പഞ്ചായത്തുകളിലാണ് കൃഷിനാശം രൂക്ഷമായത്. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം കിഴക്കൻ വനമേഖലയിൽനിന്ന് കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നിയെത്തിയത്. പെറ്റുപെരുകിയ കാട്ടുപന്നികൾ കൂട്ടത്തോടെ കാർഷിക മേഖല കൈയടക്കിയതോടെ കൃഷി പൂർണമായും നശിച്ചു. ജനങ്ങളെയും ഉപദ്രവിക്കാൻ തുടങ്ങിയതോടെ കാട്ടുപന്നികൾ നാട്ടിൽ ഉപദ്രവകാരിയായിരിക്കുകയാണ്.
പ്രതിസന്ധിയുടെ നടുക്കടലിൽ കർഷകർ
ഒട്ടുമിക്ക കർഷകരും പ്രതിസന്ധിയുടെ നടുവിലാണ്. വാഴ, കപ്പ, മുതലായവയാണ് കൂടുതലായി നശിപ്പിക്കുന്നത്. ഇവിടങ്ങളിൽ കാട്ടുപന്നി, കുരങ്ങ്, മയിൽ എന്നിവയാണ് പ്രധാന ശല്യക്കാർ. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ വിളവെടുക്കാറായ ആയിരത്തോളം മൂട് മരച്ചീനിയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണത്തിൽ നശിച്ചത്.
മരച്ചീനി, ചീനി, വാഴ, ചേമ്പ്, കാച്ചിൽ, റബർ, പയർ, ചീര, പച്ചക്കറി വിളകൾ എന്നിവയാണ് നശിപ്പിക്കുന്നതിൽ കൂടുതലും. സോളർ വേലി, ടിൻ ഷീറ്റ്, പടക്കവേലി തുടങ്ങി എല്ലാ അടവുകളും കർഷകർ പരീക്ഷിച്ചു. ഒന്നും കാട്ടുപന്നിയുടെ മുന്നിൽ വിലപ്പോകുന്നില്ല.
കയറാത്ത ഓഫിസുകളില്ല
കൃഷിയിടങ്ങളിൽനിന്ന് ഉയരുന്നത് നോവിന്റെ വേവാണ്. പലർക്കും പറയാനുള്ളത് ദുരന്തകഥകളും. കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല, കാണാത്ത ജനപ്രതിനിധികളില്ല. ഒരേക്കറിൽ കൃഷിയിറക്കാൻ ഒരു ലക്ഷം രൂപയിലധികം ചെലവാണ്. എട്ടും പത്തും മാസം ഉറക്കമൊഴിച്ചു കാത്തിരുന്നാണ് കൃഷി പാകത്തിലെത്തിക്കുന്നതെന്നും കർഷകർ പറയുന്നു. വിളവെടുക്കാറാകുമ്പോൾ എത്തുന്ന വന്യമൃഗങ്ങൾ, അതു വരെയുള്ള കഷ്ടപ്പാടും പ്രതീക്ഷകളുമാണ് നശിപ്പിക്കുന്നത്. മുമ്പ് കാട്ടുപന്നി ശല്യത്തിനെതിരെ തുമ്പമൺ പഞ്ചായത്ത് അധികാരികൾ റാന്നി ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.