പ്രതീക്ഷയറ്റ് കർഷകർ; കാട്ടുപന്നി ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsപന്തളം: കാട്ടുപന്നിക്കൂട്ടങ്ങൾ കൂട്ടമായെത്തി കവർന്നെടുത്തുകൊണ്ടിരിക്കുന്നത് കർഷകരുടെ ഓണപ്രതീക്ഷ. പന്തളം കൃഷിഭവന് കീഴിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പന്നികളെ തുരത്താൻ കാർഷിക മേഖലയിൽ വൈദ്യുതി വേലി കെട്ടിയെങ്കിലും അതിലൊന്നും ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചതോടെ മറ്റു പാടശേഖരങ്ങളിലും ഓണം പ്രമാണിച്ച് വിളവെടുക്കേണ്ട നൂറുകണക്കിന് ഏക്കറിലെ കാർഷിക വിളകളാണ് കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭയിലെ കുരമ്പാല, കടയ്ക്കാട്, പുഴിയ്ക്കാട്
തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക വിളകളാണ് കാട്ടുപന്നികൾ ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കൃഷി നശീകരണത്തിലൂടെ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്. ഇക്കുറി കടയ്ക്കാട് കൃഷി ഫാമിലും കാർഷിക ഉത്പന്നങ്ങൾ ഒന്നും തന്നെ പുതിയതായി നട്ട് വളർത്തിയിട്ടില്ല. പന്നി ശല്യം കാരണമാണ് പുതിയ കാർഷിക ഉത്പന്നങ്ങൾ നടത്തുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. കുരമ്പാല ഭാഗത്ത് കഴിഞ്ഞ ദിവസം പുലർച്ചെ തന്നെ കർഷകരുടെ ചെവികളിലെത്തുന്നത് ഇവരുടെ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു എന്നതാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിലെ അഞ്ചേക്കറോളം സ്ഥലത്തെ കൃഷിവിളകളാണ് കാട്ടുപന്നികളുടെ നശീകരണത്തിന് ഇരയായത്. പാട്ടത്തിന് കൃഷിയെടുത്തവരുടെയും കടംമേടിച്ച് കൃഷി നടത്തിയവരുടെയും കാർഷിക വിളകളാണ് പൂർണമായും നഷ്ടത്തിലായത്.
ഓണം പ്രമാണിച്ച് വിളവെടുക്കേണ്ട ചേമ്പ്, ചേന, പച്ചക്കറികൃഷികൾ, വാഴകൃഷി എന്നിവയും നശീകരണത്തിൽ ഉൾപ്പെടുന്നു. 20 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട കാർഷിക വിളകളാണ് കൂടുതലും നശിപ്പിച്ചത്. പ്രതീക്ഷയോടെ ഓണക്കൃഷി ചെയ്ത കർഷകർ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടുമില്ല.
വെള്ളപ്പൊക്ക സമയത്ത് എത്തിച്ചേർന്ന നാമമാത്രമായ കാട്ടുപന്നികളാണ് ഇന്ന് വിവിധ പഞ്ചായത്തുകളിലെ കാടുകളിൽ പെറ്റുപെരുകി വസിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിലെ കനാൽ കാടുകളിലും മറ്റ് കാടുകളിലുമാണ് ഈ കാട്ടുപന്നികളുടെ വാസസ്ഥലം.
ഇൻഷുർ ചെയ്യാത്ത കർഷകർക്ക് നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല. വനംവകുപ്പ് ഒരുരൂപ പോലും കർഷകർക്ക് നൽകിയിട്ടില്ല. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കാർഷിക വിളകളും പച്ചക്കറികളും വിവിധ ജില്ലകളിലെ ഓണചന്തകളിലേക്ക് കയറ്റി അയയ്ക്കുന്നത് ഈ പഞ്ചായത്തുകളിൽ നിന്നാണ്.
എന്നാൽ ഇത്തവണ കൃഷിനശീകരണം കാരണം ഇതിനുള്ള സാഹചര്യം കുറവാണെന്നാണ് കൃഷിവകുപ്പ് പറയുന്നത്. എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.