പൊടിപൊടിക്കുമോ പപ്പട വിപണി...
text_fieldsപത്തനംതിട്ട: പപ്പടം ഇല്ലാത്ത ഓണസദ്യയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. കോവിഡ് പ്രതിസന്ധിക്കിടെയും വിപണിയിൽ വിവിധതരം പപ്പടം എത്തിക്കാനുള്ള തിരക്കിലാണ് പപ്പട നിർമാണ തൊഴിലാളികൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണിയിൽ കനത്ത നഷ്ടം ഏറ്റുവാങ്ങുന്ന മേഖലയാണ് പപ്പട വിപണി. ലോക്ഡൗണിൽ കടകളും അടച്ചതോടെ ഉണ്ടാക്കിയ പപ്പടങ്ങളെല്ലാം നശിച്ചുപോയി. മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാതായതോടെ വീട്ടിലിരുന്ന് പപ്പടം ഉണ്ടാക്കി വരുമാനം ഉണ്ടാക്കുന്നവരും പ്രതിസന്ധിയിലായി.
ഇത്തവണത്തെ ഇളവുകളിലാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറയുന്നു. ഉഴുന്നിെൻറ വില വർധനയും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഉഴുന്ന് കൂടുതൽ വാങ്ങി പപ്പടം ഉണ്ടാക്കിയാൽ കച്ചവടം കുറഞ്ഞാൽ സാമ്പത്തികമായി തകരും. കാലാവസ്ഥയിലെ മാറ്റവും തിരിച്ചടിയാണ്. വെയിൽ ഇല്ലാത്തതിനാൽ ഇത് ഉണങ്ങിയെടുക്കാനും പ്രയാസമുണ്ട്. തുടരെയുള്ള മഴ പ്രതിസന്ധിയുണ്ടാക്കുന്നു. യന്ത്ര സഹായത്തതോടെ വ്യാവസായികാടിസ്ഥാനത്തിൽ പപ്പടം നിർമിക്കുന്നവരും ഉണ്ട്. ജില്ലയിൽ ചെറുകിട പപ്പട കച്ചവടക്കാൻ നിരവധിയുണ്ട്. പത്തനംതിട്ട ടൗൺ കേന്ദ്രീകരിച്ചും നിരവധി യൂനിറ്റുകളുണ്ട്.
പപ്പടക്കാരവും ഉപ്പും ചേർത്ത് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ഉഴുന്ന് മാവിൽ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തിയെടുത്താണ് പപ്പടം നിർമിക്കുന്നത്. പരസ്പരം ഒട്ടാതിരിക്കാൻ അരിപ്പൊടിയോ മൈദയോ തൂകി ഉണക്കിയെടുക്കും. പരമ്പരാഗതമായി ഇങ്ങനെ പപ്പടം ഉണ്ടാക്കുന്നവർ ജില്ലയിൽ നിരവധി പേരുണ്ട്. ഗുരുവായൂർ, കണ്ണൂർ സ്ഥലങ്ങളിൽനിന്ന് ജില്ലയിൽ വന്ന് കച്ചവടം നടത്തുന്നവരും ഉണ്ട്. ജില്ലക്ക് പുറത്തുനിന്നും വിവിധ കമ്പനികളുടെ പപ്പടങ്ങളും ഇവിടെ വിൽപനക്ക് എത്തുന്നുണ്ട്.
പപ്പടത്തിനും കഴിഞ്ഞ വർഷത്തെക്കാൾ വില വർധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും ഈ മേഖലയിലെ നിരവധി തൊഴിലാളികളുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. വിൽപന നടന്നില്ലെങ്കിൽ പെട്ടെന്ന് നശിക്കുകയും ചെയ്യും. ചെറിയ പപ്പടം 50 എണ്ണത്തിന് 60 രൂപയും ഇടത്തരം 70 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.