പത്തനംതിട്ട: പുതുക്കിയ വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു ജില്ലയില്‍ 10,39,099 വോട്ടര്‍മാര്‍
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക ആറന്മുള മണ്ഡലത്തിലെ ബി.എൽ.ഒക്ക് നല്കി കലക്ടര്‍ എ. ഷിബു പ്രകാശനം ചെയ്തു. പുതിയ വോട്ടര്‍പട്ടിക പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെൻഡർമാരും ഉള്‍പ്പടെ ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാരാണ് ഉള്ളത്.
2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2611 വോട്ടര്‍മാരുടെ വര്‍ധന. ജില്ലയില്‍ ആകെ 7669 കന്നിവോട്ടര്‍മാരാണുള്ളത്. അതില്‍ 3885 പേര് പുരുഷന്മാരും 3784 പേര് സ്ത്രീകളുമാണ്. 20 നും 60നും ഇടക്ക് പ്രായപരിധിയില്‍ വരുന്ന ഏഴ് ട്രാന്സ്ജെൻഡർമാരുമുണ്ട്. 40 നും 49നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍, 2,06,679 പേര്. 80 വയസ് കഴിഞ്ഞ 41,333 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ് -2,33,888. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2,09,072, റാന്നിയില്‍ 1,89,923, കോന്നിയില്‍ 1,99,862 അടൂരില്‍ 2,06,354 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ ആകെ 1077 ബൂത്തുകളുണ്ട്. 2021ല്‍ 4,91,519 പുരുഷന്മാരും 5,44,965 സ്ത്രീകളും നാല് ട്രാന്‍സ്ജെൻഡർമാരും ഉള്‍പ്പെടെ 10,36,488 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇലക്ഷന് ഡപ്യുട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
സഞ്ചരിക്കുന്ന വോട്ടുവണ്ടി പര്യടനം നടത്തും
പത്തനംതിട്ട: സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലതല ഉദ്ഘാടനം കലക്ടര്‍ എ. ഷിബു നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ കിടങ്ങന്നൂര്‍ ഏഴിക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന വോട്ട് വണ്ടി കളക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്നു ബോധ്യപ്പെടുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് വോട്ടിങ് യന്ത്രം കൂടുതല്‍ പരിചയമുണ്ടാക്കാന്‍ വോട്ട് വണ്ടി സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇ.വി.എം, വി.വി. പാറ്റ് ഡെമോണ്സ്ട്രേഷന് വാന്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും പര്യടനം നടത്തും.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനി ചാണ്ടിശേരി, ബിജു വര്‍ണശാല, ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി, ഇലക്ഷന് ഡപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.