അനുജയെയും കൊണ്ട് ഹാഷിം പോയത് മരണത്തിലേക്ക്; അടൂരിലെ കാറപകടം ആത്മഹത്യ?
text_fieldsഅടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിരുന്ന തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപിക കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) എന്നിവരാണ് മരിച്ചത്. അനുജയുമൊന്നിച്ച് കാര്‍ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്നാണ് സഹ അധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയില്‍ നിന്ന് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. അനുജ ജോലി ചെയ്യുന്ന തുമ്പമണ്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകര്‍ കുടുംബസമേതം ഇന്നലെ തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. അനുജ മാത്രം ഒറ്റയ്ക്കാണ് ചെന്നത്. മടങ്ങി വരും വഴി രാത്രി ഒമ്പതരയോടെ കുളക്കടയില്‍ വച്ച് ഹാഷിം മാരുതി സ്വിഫ്ട് കാറില്‍ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം തടയുകയും അനുജയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയുമായിരുന്നു. സഹ അധ്യാപകരോട് അനിയന്‍ ആണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അനുജയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അനുജയുടെ സ്വരത്തില്‍ പരിഭ്രമം ഉണ്ടായിരുന്നുവെന്നും പറയുന്നു.
പന്തികേട് തോന്നിയ സഹപ്രവര്‍ത്തകര്‍ അനുജയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചു. അതിന് ശേഷം അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് നടന്ന സംഭവം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയില്‍ ഇടിച്ചു കയറി അപകടം ഉണ്ടായ വിവരം അറിഞ്ഞത്. ദൃക്‌സാക്ഷികള്‍ പറയുന്നത് അനുസരിച്ച് അമിത വേഗത്തില്‍ വന്ന കാര്‍ തെറ്റായ ദിശയില്‍ ചെന്ന് തടിലോറിയിലേക്ക് നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നുവെന്നാണ്. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മരിച്ചു. അനുജയുടെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉടന്‍ തന്നെ ആശുപത്രിയിലെത്തി. ഇവര്‍ നടന്ന വിവരങ്ങള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണ് എന്ന് മനസിലായത്.
നൂറനാട് മറ്റപ്പളളി സ്വദേശിയാണ് അനുജ. കായംകുളം സ്വദേശിയായ ഭര്‍ത്താവിന് ബിസിനസാണ്. ദമ്പതികൾക്ക് 12 വയസുള്ള മകനുണ്ട്. ഹാഷിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. സ്വകാര്യ ബസ് ഡ്രൈവറാണ്. ബസില്‍ സഞ്ചരിച്ചുള്ള അടുപ്പമാണ് ഇരുവരും തമ്മിലെന്ന് പറയുന്നു. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളില്‍ വന്നിരുന്നത്. വിനോദയാത്രക്ക് പോകാനും സ്കൂളിലേക്ക് കാറിലാണ് എത്തിയത്. ഹാഷിമും അനുജയുമായുള്ള ബന്ധം സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതു കാരണമാണ് ഇവര്‍ സംശയിച്ചതും വിവരം പൊലീസില്‍ അറിയിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.