പത്തനംതിട്ട @43; പ്രതീക്ഷകളിൽ മലയോരം
text_fieldsപത്തനംതിട്ട: ജില്ലക്കാർക്ക് ഇന്ന് ഇരട്ടി ആഘോഷ ദിവസമാണ്. കേരളപ്പിറവിക്കൊപ്പം മലയോരത്തിന്റെ പ്രതീക്ഷകളുമായി ജില്ല പിറന്നുവീണ ദിവസം കൂടിയാണ് ഇന്ന്. പത്തനംതിട്ട ജില്ലക്ക് 43മാത്തെ പിറന്നാൾ. 1982 നവംബര്‍ ഒന്നിനാണ് ജില്ല രൂപീകൃതമായത്. ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും ഇടുക്കിയുടെ ഭാഗമായിരുന്ന ശബരിമലയും ചേര്‍ത്ത് പുതിയ ജില്ല രൂപവത്കരിക്കുകയായിരുന്നു.
മതമൈത്രിക്കു പേരു കേട്ട തീർഥാടന ജില്ലയാണ്. ശബരിമല ഉൾപ്പെടെ പ്രമുഖങ്ങളായ നിരവധി തീർഥാടന കേന്ദ്രങ്ങൾ, അര ഡസനിലധികം അണക്കെട്ടുകൾ, ജലവൈദ്യുതി പദ്ധതികൾ, പ്രകൃതിസുന്ദരമായ പ്രദേശങ്ങൾ എന്നിവ ജില്ലയുടെ പ്രത്യേകതയാണ്. 2642 ചതുരശ്രകിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതിയെങ്കില്‍ ഇതില്‍ 1390.73 ചതുരശ്രകിലോമീറ്ററും വനമേഖലയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ വനം ഡിവിഷനായ റാന്നിയും കോന്നിയും ജില്ലയുടെ ഭാഗം.
അതിര്‍വരമ്പുകള്‍ മാറിക്കൊണ്ടേയിരിക്കും
ജില്ലയുടെ അതിര്‍ത്തിയും താലൂക്കുകളുടെയും പഞ്ചായത്തുകളുടെയും വിഭജനങ്ങളും എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിട്ടില്ല. ജില്ല രൂപവത്കരിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന തിരുവല്ല, പത്തനംതിട്ട താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപവത്കരിച്ചു. പത്തനംതിട്ട താലൂക്കില്‍നിന്ന് റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍ 1983ല്‍ നിലവില്‍ വന്നു. തിരുവല്ല താലൂക്കില്‍നിന്ന് തിരുവല്ലയോടൊപ്പം മല്ലപ്പള്ളി താലൂക്കും രൂപീകൃതമായി. 2013ല്‍ കോഴഞ്ചേരി താലൂക്കിനെ വിഭജിച്ച് കോന്നി താലൂക്ക് രൂപവത്കരിച്ചു.
റാന്നി താലൂക്കില്‍നിന്ന് ചിറ്റാര്‍, സീതത്തോട് വില്ലേജുകളും അടൂരിലെ ഏനാദിമംഗലവും കൂടലും കോന്നിയുടെ ഭാഗമായി. കോന്നിയിലേക്കു ചേര്‍ത്ത മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ കഴിഞ്ഞവര്‍ഷം തിരികെ കോഴഞ്ചേരിയുടെ ഭാഗമാക്കി.
പത്തനംതിട്ട കേന്ദ്രമാക്കിയാണ് നിലവില്‍ കോഴഞ്ചേരി താലൂക്ക്. എന്നാല്‍, കോഴഞ്ചേരി, പത്തനംതിട്ട എന്നിങ്ങനെ രണ്ട് താലൂക്കുകള്‍ ഉണ്ടാകണമെന്ന ആവശ്യം ജില്ല രൂപവത്കരണ ഘട്ടത്തിലേ ഉള്ളതാണ്. ഇതിപ്പോഴും നടന്നിട്ടില്ല. നിലവിലെ കോഴഞ്ചേരി താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ടയാണ്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഓരോ താലൂക്കുകളുടെ ആസ്ഥാനമാകേണ്ടവയാണ്. ഇതിനുള്ള നിര്‍ദേശം റവന്യൂ വകുപ്പ് മുമ്പേ നല്‍കിയതാണ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചതാണെങ്കിലും സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന കാരണത്തില്‍ പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്നില്ല. ജില്ല അതിര്‍ത്തിയായ പാടത്ത് സ്കൂളും ഗ്രൗണ്ടും രണ്ട് ജില്ലകളിലായാണ് അതിര്‍ത്തി പങ്കിടുന്നത്.
മണ്ഡല വിഭജനവും പൂർണമായില്ല
അസംബ്ലി മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തിലൂടെ ഉണ്ടായ നഷ്ടം ഇപ്പോഴും പത്തനംതിട്ടയുടെ ദുഃഖമായി നിലനില്ക്കുന്നു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ പേരില്‍ ഒരു നിയമസഭ മണ്ഡലമില്ല. വയനാടും പത്തനംതിട്ടയും മാത്രമാണ് ഇത്തരത്തില്‍ സ്വന്തം എം.എല്‍.എമാരില്ലാത്ത ആസ്ഥാനങ്ങള്‍. ജനസംഖ്യാനുപാതികമായിട്ടാണ് വിഭജനം നടന്നതെന്നു പറയുമ്പോൾ മൂന്ന് നിയമസഭ മണ്ഡലങ്ങള്‍ ജില്ലക്ക് നഷ്ടമായി. പത്തനംതിട്ട, കല്ലൂപ്പാറ നിയമസഭ മണ്ഡലങ്ങളും പത്തനംതിട്ടയില്‍ ഭാഗികമായി ഉണ്ടായിരുന്ന പന്തളവും നഷ്ടമായി. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിക്ക് നിയമസഭ മണ്ഡല പദവി നഷ്ടമായതോടെ വികസന രംഗത്തും പിന്നിലായി. റാന്നി, തിരുവല്ല എം.എല്‍.എമാരുടെ പരിധിയിലാണ് മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങള്‍. താലൂക്കിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ആരുടെയും ശ്രദ്ധ ഉണ്ടാകുന്നതുമില്ല.
പുനര്‍വിഭജനം കാത്ത് തദ്ദേശ സ്ഥാപനങ്ങള്‍
റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങള്‍ കോന്നി നിയമസഭ മണ്ഡല പരിധിയിലും കോന്നി താലൂക്കിലുമാണ്. ചിറ്റാര്‍ കേന്ദ്രമാക്കി വികസന ബ്ലോക്ക് എന്ന ആവശ്യവും നിലനില്ക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകളും രണ്ട് നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലാണ്. വിസ്തൃതമായ ആറന്മുള നിയമസഭ മണ്ഡലത്തില്‍ ബ്ലോക്കുകള്‍ കയറിയിറങ്ങിക്കിടക്കുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. ഇലന്തൂര്‍, കോയിപ്രം, പന്തളം ബ്ലോക്കുകള്‍ ആറന്മുളയുടെ പരിധിയിലുണ്ട്. പന്തളം കേന്ദ്രമാക്കി നഗരസഭ രൂപവത്കരിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇപ്പോഴുമുണ്ട്. ഒരു ഡസനോളം ഗ്രാമപഞ്ചായത്തുകള്‍ വിഭജനം കാത്തുകിടക്കുകയാണ്. വിസ്തൃതമായ പഞ്ചായത്തുകളാണിവ. ജനസംഖ്യ കുറവെങ്കിലും പഞ്ചായത്തുകളുടെ വിസ്തൃതിയാണ് വിഷയം.
വിദ്യാര്‍ഥി കുടിയേറ്റം; മാനവശേഷി നഷ്ടം
വിദേശ രാജ്യങ്ങളിലേക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന കുടിയേറ്റങ്ങളില്‍ പങ്കാളികളാകുന്നവരില്‍ ഏറെയും പത്തനംതിട്ടക്കാരാണ്.ഇതിലൂടെ കേരളത്തിന്റെ പ്രവാസി നിക്ഷേപത്തില്‍ നല്ലൊരു പങ്കും ഒരുകാലത്ത് പത്തനംതിട്ടയിലായിരുന്നു. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റുമായി ഏറ്റവുമധികം കുടിയേറ്റം നടക്കുന്ന ജില്ലയും പത്തനംതിട്ടയാണ്. പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് ടൂറിസം, ഉന്നത വിദ്യാഭ്യാസം മേഖലകളിലാണ്. മെച്ചപ്പെട്ട റോഡുകളും റെയില്‍, വ്യോമ ഗതാഗതവും അടിയന്തര പ്രാധാന്യത്തോടെ വികസിച്ചെങ്കിലേ ഇനിയുള്ള കാലം പത്തനംതിട്ടയുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കൂ.
ഗതാഗത സ്വപ്നങ്ങള്‍
പ്രധാനപ്പെട്ട സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പത്തനംതിട്ടക്കായി ഒരു ദേശീയ പാത പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണിക്കാവ്-മുണ്ടക്കയം 183 എ ദേശീയ പാത കടന്നുപോകുന്നത് പത്തനംതിട്ടയിലൂടെയാണ്. പാതയുടെ പ്രഖ്യാപനം വന്നുവെന്നല്ലാതെ വികസനം നടന്നിട്ടില്ല. മലയോര മേഖലയുടെ വികസനത്തിനായി ഇടനാഴികള്‍ അടക്കം വിഭാവനം ചെയ്തിട്ടുണ്ട്. അങ്കമാലി -പുളിമാത്ത് വികസന ഇടനാഴിയും ജില്ലയുടെ മലയോര മേഖലയിലൂടെയാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്കുള്ള ആകാശപാത കേന്ദ്രസര്‍ക്കാര്‍ പ്രാഥമികമായി അംഗീകരിക്കുകയും നിര്‍മാണം തുടങ്ങാനാകുന്ന ഘട്ടത്തിലേക്ക് നീങ്ങുകയുമാണ്. പമ്പയുടെ തീരത്തു കൂടിയുള്ള പാതക്കുള്ള സാധ്യത ഏറെയാണ്. ഇതിനൊപ്പം അങ്കമാലി-എരുമേലി ശബരിപാതയും അനുബന്ധമായി പുനലൂരിലേക്കുള്ള പാതയും യാഥാര്‍ഥ്യമാക്കണമെന്നാവശ്യം ശക്തമാണ്.
എരുമേലി വിമാനത്താവളം
നിര്‍ദിഷ്ട എരുമേലി വിമാനത്താവളം പദ്ധതിയുടെ പത്തനംതിട്ടയുടെ സ്വപ്നങ്ങളില്‍ ചിറകു മുളക്കുന്നു. ജില്ലയില്‍ തന്നെ നിര്‍ദേശിക്കപ്പെട്ട ആറന്മുള വിമാനത്താവളം പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശബരിമല തീര്‍ഥാടകരെക്കൂടി മുന്‍നിര്‍ത്തിയാണ് എരുമേലി വിമാനത്താവളം പദ്ധതി ഉണ്ടായത്.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത പൂര്‍ത്തിയായതോടെ മലയോര മേഖലയിലെ യാത്രക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമായി.
ടൂറിസം മേഖല
ജില്ലയുടെ ടൂറിസം സാധ്യതകള്‍ ഏറെയാണ്. എന്നാല്‍, ഇപ്പോഴും പൂര്‍ണതോതില്‍ ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. ശ്രദ്ധേയമായ ഇക്കോ ടൂറിസം പോയന്റായ ഗവിയും കോന്നി അടവിയുമെല്ലാം ജില്ലയിലാണ്. ടൂറിസം രംഗത്തേക്ക് കുറെ ആളുകള്‍ എത്തുന്നതുതന്നെ ഇക്കോ പോയന്റുകളിലേക്കാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും എത്തുന്നവര്‍ക്ക് പ്രകൃതി സൗഹൃദമായ യാത്ര ക്രമീകരിക്കുന്നതിലും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
കാര്‍ഷിക മേഖല
ഒരുകാലത്ത് ജില്ലയുടെ സമ്പന്നമായ കാര്‍ഷിക മേഖലക്ക് ഇന്നിപ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. കാടുവിട്ട് നാട്ടിലിറങ്ങിയ കാട്ടുമൃഗങ്ങളുയര്ത്തുന്ന ഭീഷണിയും വിളവുകള്‍ക്ക് സംരക്ഷണമില്ലാത്തതും വിലയിടിഞ്ഞതുമെല്ലാം കര്‍ഷകരെ തളര്‍ത്തി. നെല്ല്, റബര്‍, നാണ്യവിളകള്‍ തുടങ്ങി ജില്ലയുടെ ഉൽപാദന മേഖലകളെല്ലാം തളര്‍ച്ചയുടെ വക്കിലാണ്. ക്ഷീരകര്‍ഷകരും വെല്ലുവിളികളുടെ മധ്യത്തിലാണ്.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ഉണ്ടായതാണ് ജില്ലയുടെ മറ്റൊരു നേട്ടം. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് ഇതില്‍ പ്രധാനം. 2013ല്‍ അനുമതി ലഭിച്ച മെഡിക്കല്‍ കോളജ് 10 വർഷം കഴിയുമ്പോഴും സാധാരണ രോഗികള്‍ക്കു പൂര്‍ണമായി പ്രയോജനപ്പെട്ടു തുടങ്ങിയിട്ടില്ല. എം.ബി.ബി.എസിന്റെ മൂന്ന് ബാച്ചുകള്‍ നിലവിലുണ്ട്. സ്വന്തമായ കെട്ടിട സൗകര്യമില്ലാത്ത സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പത്തനംതിട്ടക്ക് ചുറ്റുവട്ടത്തായുണ്ട്. സ്വന്തമായി ഒരു കെട്ടിടത്തിനുവേണ്ടി ഇലന്തൂരിലെ ഗവ. കോളജ് കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷമായി. തിരുവല്ലയില്‍ കേന്ദ്ര സര്‍വകലാശാല കാമ്പസ് പ്രവര്‍ത്തിക്കുന്നതും സമാനമായ അവസ്ഥയിലാണ്.
കായികരംഗം
വോളിബാളിനും ഹോക്കിക്കും എല്ലാം ദേശീയ താരങ്ങളെ വരെ സമ്മാനിച്ച പത്തനംതിട്ടയുടെ കായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം. പത്തനംതിട്ട സ്റ്റേഡിയം വികസനത്തിനായുള്ള 50 കോടിയുടെ പദ്ധതിയില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല പബ്ലിക് സ്റ്റേഡിയം തകര്‍ച്ചയുടെ വക്കിലാണ്. കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം ആധുനീകരിച്ചതല്ലാതെ സമീപകാലത്തെങ്ങും കായിക മേഖലക്കായി ഒരു പദ്ധതിയുമുണ്ടായിട്ടില്ല.
ജില്ല പിതാവ് കെ.കെ. നായർ
സംസ്ഥാനത്തെ 13ാമത്തെ ജില്ലയായി കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട പിറന്നു. മലയോര ഗ്രാമങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ല വേണമെന്നത് അന്നത്തെ എംഎൽഎ കെ.കെ. നായരുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു.
അക്കാലത്ത് കെ.കെ. നായർ സ്വതന്ത്ര എം.എൽ.എ ആയിരുന്നു. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം പിന്തുണച്ചാൽ യു.ഡി.എഫിനു മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമായിരുന്നു. കെ.കെ. നായരെ മന്ത്രിയാക്കി മന്ത്രിസഭ രൂപവത്കരിക്കാൻ കെ. കരുണാകരൻ തീരുമാനിച്ചു. മന്ത്രി സ്ഥാനം വേണ്ടെന്നും പകരം പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണക്കാം എന്നായി കെ.കെ. നായർ. ഒടുവിൽ കരുണാകരൻ അതിനു സമ്മതിച്ചു. റവന്യൂ സെക്രട്ടറി മിനി മാത്യുവിനെ കമീഷനായി നിയോഗിച്ചു. കമീഷൻ ശിപാർശ അനുസരിച്ചു ജില്ല രൂപവത്കരിച്ചു.
വികസനത്തിൽ പിന്നിൽ
വികസന കാര്യത്തില്‍ ജില്ല ഇപ്പോഴും പിന്നില്‍. ജില്ലക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും സര്‍ക്കാര്‍ സഹായം നേടിയെടുക്കുന്നതിലും ജനപ്രതിനിധികൾ പരാജയം.ജില്ല പഞ്ചായത്തും നാല് നഗരസഭയും എട്ട് ബ്ലോക്ക് പഞ്ചായത്തും 54 ഗ്രാമ പഞ്ചായത്തും ജില്ലയിൽ ഉൾപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾ കൂടുതലും എൽ.ഡി.എഫ് ഭരണത്തിലാണ്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫിനാണ്.
മലയോല മേഖലകളിൽ വലിയ യാത്രക്ലേശമാണ്. ആവശ്യത്തിന് ബസ് സർവിസ് ഇല്ല. വൈകുന്നേരം കഴിഞ്ഞാൽ ജില്ല ആസ്ഥാനത്തുനിന്ന് ഒരിടത്തേക്കും ബസില്ല. ജനറൽ ആശുപത്രി പുതിയ കെട്ടിട സമുച്ചയം നിർമാണവും ഇഴഞ്ഞുനീങ്ങുന്നു. ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് ജില്ല ആസ്ഥാനത്ത് തുടക്കമിടാൻ കഴിഞ്ഞിട്ടുണ്ട്. വെട്ടിപ്പുറത്തെ സുബല പാർക്ക് നിർമാണവും മുടങ്ങിക്കിടക്കുന്നു.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് പത്തനംതിട്ട
പത്തനംതിട്ട: ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പ്രഖ്യാപനം നിർവഹിച്ചത്.
സാക്ഷരതയില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാമേഖലയിലും അടിസ്ഥാന ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഡിജി കേരള പദ്ധതി ആസൂത്രണം ചെയ്തതെന്നും വ്യക്തമാക്കി.
മറ്റുള്ളവരുടെ ഇടയില്‍ പ്രായമായവരടക്കം ഒറ്റപ്പെടാതിരിക്കാനാണ് ഡിജി കേരളം ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ എസ്. പ്രേം കൃഷണന് പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് അധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ എ.എസ്. നൈസാം, ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് തുളസീധരന്‍ പിള്ള, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എസ്. ആദില തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല റെയിൽവേ സ്റ്റേഷന് അവഗണന
ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമീപകാലത്ത് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടന്നുവരികയാണ്. എന്നാല്‍, സ്റ്റേഷനോടുള്ള അവഗണന റെയില്‍വേ തുടരുകയുമാണ്. രാത്രിയുള്ളതടക്കം പ്രധാനപ്പെട്ട പല ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചിട്ടില്ല. കോവിഡ് കാലത്ത് നിര്‍ത്തിയ സ്റ്റോപ്പുകള്‍ സമീപ സ്ഥലങ്ങളില്‍ പുനഃസ്ഥാപിച്ചപ്പോഴും തിരുവല്ലയെ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.