പത്തനംതിട്ട കോഓപേററ്റിവ് കോളജ് ചരിത്രമായി; ജീവനക്കാർ പെരുവഴിയിൽ
text_fieldsപത്തനംതിട്ട: ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം പകർന്ന പത്തനംതിട്ട കോ ഓപറേറ്റീവ് കോളജ് ചരിത്രമായി. നഗരമധ്യത്തിലെ ഒരേക്കർ ഭൂമിയും കെട്ടിടവും ഉൾപ്പെടെ സ്വത്തു വകകൾ ഇലന്തൂർ പാലച്ചുവട്ടിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് കോ ഓപറേറ്റീവ് ആശുപത്രിയിൽ ലയിപ്പിച്ചു. ലയനം നടന്നിട്ട് അഞ്ചു മാസത്തോളമായി. കോളജും ആശുപത്രിയും സി.പി.എമ്മിന്റെ അധീനതയിലാണ്. കോടികൾ വില വരുന്ന സ്ഥലമാണ് ആശുപത്രിയുമായി ലയിപ്പിച്ചത്. ഇവിടെ ആശുപത്രിയുടെ നഴ്സിങ് കോളജ് തുടങ്ങുമെന്ന് നേരത്തെ കേട്ടിരുന്നു.
ബാധ്യത തുടരുന്നു
കോഓപറേറ്റീവ് കോളജിലെ ജീവനക്കാരുടെ നിയമപരമായ ബാധ്യത തീർക്കാതെയാണ് വസ്തുവകകൾ ലയിപ്പിച്ചതായി രേഖകൾ ഉണ്ടാക്കിയത്. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയാണ് നടപടി ക്രമങ്ങൾ നീക്കിയതെന്ന് ആരോപണം ഉയരുന്നു. കോളജ് ജീവനക്കാരുടെ ബാധ്യതകൾ തീർക്കുമെന്നാണ് ഇലന്തൂർ സഹകരണ ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോൾതന്നെ സാമ്പത്തിക ബാധ്യതയുള്ള ഇ.എം.എസ് ആശുപത്രിക്ക് എങ്ങനെ ബാധ്യതകൾ കൈകാര്യംചെയ്യാൻ കഴിയുമെന്ന ആശങ്ക കോളജ് ജീവനക്കാരും ഓഹരി ഉടമകൾക്കുമുണ്ട്. കോ ഓപറേറ്റീവ് കോളേജിലെ അധ്യാപകരെയും ജീവനക്കാരെയും ഒരു ദാക്ഷിണ്യവുമില്ലാതെ അവിടെ നിന്ന് പുറത്താക്കിയാണ് കോളേജ് ഇപ്പോൾ പുർണ്ണമായും പൂട്ടിച്ചത്. അവരെ നിലനിർത്താനുള്ള ഒരു മാർഗവും സ്വീകരിച്ചില്ല. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരും കൂടി ചേർന്നാണ് ഈ കൊടും ചതിയെന്ന് ജീവനക്കാർ പറയുന്നു.
പെൻഷൻ കിട്ടാത്ത അവസ്ഥ
തുച്ഛമായ പെൻഷൻ പോലും കിട്ടുന്നില്ലെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. ജീവനക്കാരുടെ പെൻഷൻ സ്കീമിലെ മാനേജ്മെന്റ് വിഹിതം അടക്കാഞ്ഞതിനാലാണ് പെൻഷൻ കിട്ടാത്തത്. 10 അധ്യാപകരും രണ്ട് ഓഫിസ് ജീവനക്കാരുമാണ് അവസാനം കോളേജിൽ ഉണ്ടായിരുന്നത്. പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ ജീവനക്കാർക്ക് നൽകാനുണ്ട്.
ഓഹരി ഉടമകൾ പെട്ടു
അധ്യാപകർ ഉൾപ്പെടെ ഈ സ്ഥാപനത്തിന്റെ ഉയർച്ച ആഗ്രഹിച്ച നിരവധി പേർ 25,000 രൂപ മുതൽ 50,000 രൂപ വരെ പണം നൽകി കോളജിന്റെ ഓഹരികൾ വർഷങ്ങർക്ക് മുമ്പേ സ്വന്തമാക്കിയിരുന്നു. ഇതിൽ സി.പി.എം കൂടാതെ വിവിധ പാർട്ടികളിൽപ്പെട്ടവരുമുണ്ട്. 1989ൽ സെന്റിന് 2650 രൂപ നിരക്കിലാണ് കോളജിനായി ഒരേക്കർ വസ്തു വാങ്ങിയത്. നിലവിലെ ഭൂമി വില നിലവാരം അനുസരിച്ച് സെന്റിന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും വിലമതിക്കും. അതിൽ കോളേജ് നടത്തിപ്പിനായി 21 ക്ലാസ് മുറികളുള്ള കെട്ടിടവും നിർമിച്ചിരുന്നു.
കൈമലർത്തി സി.പി.എം
ജീവനക്കാരുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുമ്പ് പല തവണ സി.പി.എമ്മിന്റേതടക്കം ഇടതുപക്ഷ നേതാക്കളെ കണ്ട് പരാതിപറഞ്ഞിരുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ എല്ലാവരും കൈമലർത്തുകയായിരുന്നു. ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കാൻ പാരലൽ കോളേജ് അസോസിയേഷൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.