പത്തനംതിട്ട സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു
text_fieldsപത്തനംതിട്ട: മന്ത്രി വീണ ജോർജും പത്തനംതിട്ടയിലെ സി.പി.എം നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അറിയാതെ വെള്ളിയാഴ്ച നഗരസഭ മാർക്കറ്റ് നവീകരണം വിലയിരുത്താൻ മന്ത്രി വീണാ ജോർജ് എത്തിയതാണ് പുതിയ സംഭവം.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടായ ഒരുകോടി ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. സി.പി.ഐ കൗൺസിലർ സുമേഷ് ബാബുവും ഘടകകക്ഷി നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പോടെയാണ് സി.പി.എം നേതാക്കളുമായി വീണ അകൽച്ച തുടങ്ങുന്നത്. വീണയെ തോൽപിക്കാൻ ചില നേതാക്കൾ ശ്രമിച്ചതായി അവർ പരാതിപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ സജീവമായി പ്രവർത്തിക്കാൻ ചില നേതാക്കൾ തയാറായില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പത്തനംതിട്ടയിൽ എത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും വിഭാഗീയത തുടരുകയാണ്. ചാനൽ പ്രവർത്തകയായ വീണയെ പാർട്ടി നേതൃത്വം മുകളിൽനിന്ന് കെട്ടിയിറക്കിയതുമുതൽ പാർട്ടിക്കുള്ളിൽ ഒരുവിഭാഗത്തിെൻറ എതിർപ്പ് നേരിടേണ്ടിവരുന്നുണ്ട്. ജില്ലയിലെ നേതാക്കളെയെല്ലാം നോക്കുകുത്തിയാക്കി ഇപ്പോൾ അവർ മന്ത്രിയുമായതോടെ എതിർപ്പ് ശക്തമാവുകയാണ്. ഏറ്റവും അവസാനം നഗരസഭ കൗൺസിലർ വി.ആർ. ജോൺസൺ എസ്.ഡി.പി.ഐക്കെതിരെ ഫേസ്ബുക്കിൽ ചില പരാമർശങ്ങൾ നടത്തിയതും വിഭാഗീയതയുടെ ഭാഗമായിരുന്നു. നഗരസഭ ചെയർമാനെ അനുകൂലിക്കുന്നവരാരും ജോൺസണെ പിന്തുണക്കാൻ തയാറായിട്ടില്ല. എസ്.ഡി.പി.ഐയും എൽ.ഡി.എഫും ചേർന്നുള്ള നഗരസഭ ഭരണം പൊളിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു.
എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള നഗരസഭ ഭരണത്തെ സി.പി.എമ്മിലെ ഒരുവിഭാഗവും സി.പി.ഐയും എതിർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.