പത്തനംതിട്ടയിൽ വോട്ടെടുപ്പിലൂടെ മുസ്ലിം ലീഗിന് ജില്ലാ കമ്മിറ്റിയായി; നിലവിൽ വന്നത് ജംബോ കമ്മിറ്റി
text_fieldsപത്തനംതിട്ട: ഒന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം മുസ്ലിംലീഗ് ജില്ല കമ്മിറ്റി പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തിൽ സമദ് മേപ്രത്ത് ജില്ല പ്രസിഡൻറായും അഡ്വ.പി.എ. ഹൻസലാഹ് മുഹമ്മദ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എം.എം. ബഷീർകുട്ടിയാണ് ട്രഷറർ. പത്തനംതിട്ട ലീഗ് ഹൗസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏക കമ്മിറ്റിയും പത്തനംതിട്ടയിലേതാണ്.
പ്രവർത്തകർ ഏറ്റവും കുറവുള്ള ജില്ലയായിട്ടും സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ സഹ ഭാരവാഹികളുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. എട്ടു വൈസ് പ്രസിഡൻറുമാരും ഏഴു സെക്രട്ടറിമാരും നാലു സംസ്ഥാന കൗൺസിൽ അംഗങ്ങളും. ജില്ലാ പ്രസിഡൻറായിരുന്ന ടി.എം.ഹമീദ്, പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചുപരാജയപ്പെട്ട ഷാനവാസ് അലിയാർ എന്നിവരെ സംസ്ഥാന വർക്കിങ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്താണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചത്.
ലീഗ് അംഗത്വ കാമ്പയിൻ 2022 നവംബറിലാണ് നടന്നത്. 2023 ജനുവരിയിൽ ജില്ലകമ്മിറ്റി തെരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കേണ്ടതായിരുന്നു. എറണാകുളം, പത്തനംതിട്ട ജില്ല കമ്മിറ്റികൾ ഒഴികെ സമയബന്ധിതമായി കമ്മിറ്റികൾ പ്രഖ്യാപിച്ചെങ്കിലും ശക്തമായ ഗ്രൂപ്പ് തർക്കം കാരണം ഈ രണ്ടു ജില്ലകളിൽ കമ്മിറ്റി നിലവിൽ വന്നിരുന്നില്ല. പിന്നീട് എറണാകുളം ജില്ല കമ്മിറ്റിയെ സമവായത്തിലൂടെ പ്രഖ്യാപിക്കാൻ സംസ്ഥാന കമ്മിറ്റിക്കു കഴിഞ്ഞു. എന്നാൽ ഏറ്റവും കുറവ് അംഗത്വമുള്ള പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രഖ്യാപനം തർക്കം കാരണം വൈകി.ആറുമാസം മുമ്പ് ജില്ലാ കൗൺസിൽ വിളിച്ചുചേർത്ത് അഭിപ്രായ രൂപീകരണം നടത്തിയിരുന്നെങ്കിലും കമ്മിറ്റിയെ പ്രഖ്യാപിക്കാനായില്ല.
സമവായമുണ്ടാക്കാൻ സംസ്ഥാന നേതൃത്വം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അവസാനം ബാലറ്റിലൂടെ തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. ഇരുപക്ഷത്തെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, മെമ്പർഷിപ്പില്ലാത്തവരും ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ഒരു പക്ഷം ഉന്നയിക്കുന്നുണ്ട്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെവിടെയും ഒരു മെമ്പറെ പോലും വിജയിപ്പിക്കാൻ കഴിയാതെ പോയത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉൾപാർട്ടി തർക്കങ്ങളാണെന്ന് വിലയിരുത്തി ഇരു ഗ്രൂപ്പുകളെയും അനുനയിപ്പിക്കാൻ കൂടിയാണ് ഇരുപക്ഷത്തെയും ഉൾക്കൊള്ളിച്ച് കമ്മിറ്റി പ്രഖ്യാപിച്ചത്.
മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡൻറുമാർ:അബ്ദുൽ കരിം തെക്കേത്ത്, ടി.എ. അൻസാരി, ടി.എ.എം. ഇസ്മായിൽ, ടി.ഐ.എ മുത്തലിബ്, എം.എസ്. ബി.ആർ. ഷരീഫ്, എ.സഗീർ, ഉനൈസ് ഊട്ടുകുളം, മുഹമ്മദ് ഷരീഫ്. സെക്രട്ടറിമാർ: സക്കീർ ഹുസൈൻ, നിയാസ് റാവുത്തർ, നിതിൻ കിഷോർ, പറക്കോട് അൻസാരി, എം.എച്ച്. ഷാജി, അസീസ് ചുങ്കപ്പാറ, കെ.പി. നൗഷാദ്.
സംസ്ഥാന കൗൺസിൽ അംഗങ്ങൾ : പി.ഐ.എ ഷുക്കൂർ, എച്ച്. വഹാബ്, അഡ്വ. എൻ മുഹമ്മദ് അൻസാരി, പി.എ. സാജുദീൻ. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുള്ള, ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം സുന്ദർ എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.