ജില്ല വികസന സമിതി യോഗം: കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണം -മന്ത്രി വീണജോര്‍ജ്
text_fieldsപത്തനംതിട്ട: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ജില്ലയിലുള്ള സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. നിര്‍മാണ പ്രവൃത്തികള്‍ക്കായി റോഡ് കുഴിക്കുമ്പോൾ ഉടൻ പ്രവൃത്തി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തണം. കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്നും പത്തനംതിട്ട നഗരത്തിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന കിഫ്ബി പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ അലൈന്മെന്റ് സ്റ്റോണ്‍ സ്ഥാപിക്കുന്നത് വേഗം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങള്‍ നല്കിയ സ്ഥലങ്ങള്‍പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിലെ പരസ്യങ്ങളുടെ വരുമാനം ആര്‍ക്ക് ലഭിക്കുന്നു, പരസ്യനിരക്ക് എത്ര, ഇതുവരെ ഈടാക്കിയ പണം ആര്‍ക്ക് ലഭിച്ചു തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താൻ പത്തനംതിട്ട ജില്ലക്ക് ഓഫിസ് വേണം.
എല്ലാ കൈയേറ്റവും ഒഴിപ്പിക്കണമെന്നും ശക്തമായ നടപടിയിലൂടെ സന്ദേശം നല്‍കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും പറഞ്ഞു.
കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. റാന്നി പുതിയ പാലത്തിന്റെ അപ്രോച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് നടപടി വേഗം പൂര്‍ത്തിയാക്കണം. പമ്പാവാലി മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി സര്‍വിസ് അടിയന്തരമായി ആരംഭിക്കണം. റാന്നി താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് വേഗമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനും അഴൂര്‍ ജങ്ഷനും മധ്യേ ഗതാഗതക്കുരുക്കിന് കാരണമാകുന്ന റോഡിലെ കൈയേറ്റം തടയണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എ.ഡി.എം ബി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.