ബജറ്റുകളിൽ പത്തനംതിട്ട ജില്ലക്ക് കിട്ടിയത് കൂടുതലും വാഗ്ദാനങ്ങളായിരുന്നു
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ജനങ്ങളെ ആകർഷിക്കുന്ന പദ്ധതികൾക്കായിരിക്കും മുൻതൂക്കം. ജില്ലക്കായുള്ള പദ്ധതി പ്രഖ്യാപനങ്ങൾക്കും പഞ്ഞമുണ്ടാവില്ല. എന്നാൽ, മുൻകാല ബജറ്റുകളിലെ നൂറുകണക്കിന് പദ്ധതികളാണ് നടപ്പാകാതെ കിടക്കുന്നത്. ഇടതുസർക്കാരിന്റെ 2016 ലെ ആദ്യ ബജറ്റ് മുതലുള്ളവ ഇതിൽപ്പെടും. പുതിയ വാഗ്ദാനങ്ങളെക്കാൾ മുൻബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള നടപടികൾക്കാണ് ജനം കാതോർക്കുന്നത്.
‘സ്വപ്ന’ പദ്ധതികൾ, തൂണിലൊതുങ്ങി പാലങ്ങൾ
ജില്ല ആസ്ഥാനത്ത് അബാൻ ജങ്ഷനിൽ 50 കോടി രൂപയുടെ മേൽപ്പാലം നിർമിക്കുമെന്നത് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന വാഗ്ദാനമായിരുന്നു. ഇതിന്റെ പണികൾ ഇഴഞ്ഞ് നീങ്ങി തൂണിലും കമ്പിയിലും ഒതുങ്ങിയിരിക്കുകയാണ്. കോഴഞ്ചേരിയിലെ സമാന്തര പാലവും 2016 ലെ ഇടതുമുന്നണിയുടെ ആദ്യ ബജറ്റിലുള്ളതാണ്. ഇതിന്റെ നിർമാണം തുടങ്ങിയെങ്കിലും എങ്ങുമെത്താതെ കിടക്കുന്നു. 2016 ലെ ബജറ്റിൽ ഉൾകൊള്ളിച്ച റാന്നിയിലെ റബർ പാർക്കിനായി പെരുനാട്ടിലെ മണക്കയത്ത് 250 ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. ഇതും എങ്ങുമെത്തിയില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയവും നടപ്പായിട്ടില്ല.
2016 ലെ ബജറ്റിൽ ആറൻമുളയിൽ 40 കോടിയുടെ ചട്ടമ്പിസ്വാമി സാംസ്കാരിക സമുച്ചയം നിർമാണവും വാഗ്ദാനത്തിൽ ഒതുങ്ങി. ഇതിനായുള്ള സ്ഥലം കണ്ടത്താൻ പോലും കഴിഞ്ഞിട്ടില്ല. 2016ലെ അടൂരിൽ നഗരസഭ സ്റ്റേഡിയം നിർമാണം, പന്തളം റവന്യൂ ടവർ ഇവയും യാഥാർഥ്യമായിട്ടില്ല. പത്തനംതിട്ട നഗരസഭയിൽ എസ്.സി ഡിപ്പാർട്ട്മെന്റ് കീഴിലുള്ള സുബല പാർക്കിന്റെ നിർമാണവും മുടങ്ങിക്കിടക്കുന്നു. 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച പത്തനംതിട്ട, റാന്നി, അടൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയ നിർമാണങ്ങൾ ഇനിയും നടപ്പായില്ല. ജില്ലയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ 2018 ലെ ബജറ്റിലുള്ളതാണ്. കോഴഞ്ചേരി ബസ് സ്റ്റാൻഡ് നിർമാണം, പത്തനംതിട്ട, കോഴഞ്ചേരി ഔട്ടർ റിങ്റോഡുകൾക്കും ബജറ്റിൽ പണം അനുവദിച്ചതാണ്. പമ്പാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും കഴിഞ്ഞില്ല.
പത്തനംതിട്ട നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനം താളംതെറ്റികടക്കുന്നു. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് നിര്‍മാണം പത്തനംതിട്ട, കോഴഞ്ചേരി ഔട്ടര്‍ റിങ് റോഡ് ഇവയൊന്നും യാഥാർഥ്യമായില്ല. ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കെട്ടിടം പണി എങ്ങുമെത്തിയില്ല. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ഇല്ല.
കോന്നി ബൈപാസ്, കോന്നി ടൗണിൽ ൈഫ്ല ഓവർ, പ്രമാടത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, കലഞ്ഞൂരിൽ പോളിടെക്നിക്ക്, കോന്നിയിൽ മജിസ്ടേറ്റ് കോടതി ഇവയൊക്കെ കഴിഞ്ഞ ബജറ്റിൽ കോന്നി മണ്ഡലത്തിൽ ഇടംപിടിച്ചതാണ്. അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിലും നിരവധി പദ്ധതികൾ നടപ്പാകാതെ കിടപ്പുണ്ട്.
അടൂര്‍ കെ.എസ്.ആര്.ടി.സി ഫുട് ഓവര്‍ബ്രിഡ്ജ്
അടൂര്‍ ഹോമിയോ കോംപ്ലക്സിന് എട്ടു കോടി, പുതിയകാവില്‍ ചിറ ടൂറിസത്തിന് അഞ്ചു കോടി, അടൂര്‍ സാംസ്കാരിക സമുച്ചയത്തിന് അഞ്ചു കോടി, പന്തളത്ത് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് എന്നിവയെല്ലാം ബജറ്റിൽ വന്ന പദ്ധതികളാണ്. പന്തളം കോളജ് ജങ്ഷനില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജിനായി അഞ്ച് കോടി അമ്പത് ലക്ഷം, പന്തളം എ.ഇ.ഒ ഓഫിസിന് രണ്ട് കോടി മുപ്പത് ലക്ഷം എന്നിവയെല്ലാം ബജറ്റിലെ അടൂര്‍ മണ്ഡലം സംബന്ധിച്ച ശ്രദ്ധേയ പ്രഖ്യാപനങ്ങളായിരുന്നു.
‘ഭൂമി’ ഇല്ലാതെ സിവിൽ സ്റ്റേഷൻ
പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന് വിപുലീകരണത്തിനായി സിവില്‍ സ്റ്റേഷന് ഭൂമിയേറ്റെടുക്കലിന് 10 കോടിയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്. പക്ഷേ, നടപടി ഒന്നും ആയിട്ടില്ല. ചുട്ടിപ്പാറയിൽ എല്‍.ഇ.ഡി ഡിസ്പ്ലേ സ്ഥാപിക്കാൻ ഒരു കോടിയാണ് അനുവദിച്ചത്. ഇതുകൂടാതെ മണ്ഡലത്തില്‍ നടന്നുവരുന്ന മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായും തുക അനുവദിച്ചിരുന്നു.
വലംഞ്ചൂഴി ടൂറിസം പദ്ധതി, സി കേശവന് സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റടുക്കല്‍, അച്ചന്‍കോവിലാര്‍ തീര സംരക്ഷണം, പത്തനംതിട്ട റിങ് റോഡ്, തെക്കേമല -നാരങ്ങാനം റോഡ്, അഴൂര്‍ -കാലിക്കേറ്റ് സ്കൂള്‍ റോഡ് എന്നിവയുടെ ബി.എം ആൻഡ് ബിസി നവീകരണം, വിവിധ റോഡുകളുടെ ബി.എം ആൻഡ് ബിസി നവീകരണം, ആറന്മുള പമ്പാതീരം ദീര്‍ഘിപ്പിക്കല്‍, ഉള്ളൂര്‍ച്ചിറ നവീകരണം, ഇവയെല്ലാം കഴിഞ്ഞ ബജറ്റിലെ ആറൻമുള മണ്ഡലത്തിലെ ചില പ്രഖ്യാപനങ്ങൾ മാത്രം. മറ്റ് മണ്ഡലങ്ങളിലും ഇതേപോലെ പ്രഖ്യാപനങ്ങൾ നടന്നു.
വികസനം വിദ്യാഭ്യാസ മേഖലയിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെയും നിലവാരം ഉയര്‍ത്താനായത് ആണ് ജില്ലക്ക് ഉണ്ടായ പറയത്തക്ക നേട്ടം. നാശോന്മുഖമായിരുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ സ്ഥാനത്ത് മികച്ച ക്ലാസ് മുറികളുള്ള കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമായി.
സാധാരണക്കാരുടെ മക്കള്‍ക്ക് സ്മാര്‍ട്ട് ക്ലാസുകള്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി. അഞ്ചു കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കോഴഞ്ചേരി ഗവ. ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ണതയിലെത്തി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇലന്തൂര്‍ ആട്സ് കോളജിനായുള്ള പദ്ധതിയയും നടന്നു വരുന്നുണ്ട്. അതേസമയം, ഇലന്തൂര്‍ നഴ്സിങ് കോളേജ്, ബി.എഡ് കോളേജ് എന്നിവയുടെ പ്രവര്‍ത്തനം ഇപ്പോഴും പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.