ജില്ലാ കലോത്സവം; വീടുകൾ ഗ്രീൻറൂമുകളായി
text_fieldsമൈലപ്ര: കലോത്സവം മൈലപ്രാ നാടിന്റെ ഉത്സവമായി മാറി. കലാപ്രതിഭകൾക്ക് എല്ലാസൗകര്യവുമൊരുക്കാൻ അവർ വീടുകളുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. ചില വീടുകൾ മേക്കപ്പിനുള്ള ഗ്രീൻ റൂമുകളായി. വരാന്തയിലും ഹാളിലും ഒരുങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്ത് നാട്ടുകാർ കലോത്സവം വിജയമാക്കാൻ മുന്നിൽ തന്നെയുണ്ട്. സംഘനൃത്തങ്ങൾക്കും മറ്റ് നൃത്തയിനങ്ങൾക്കും നാടൻപാട്ടുകൾക്കും കുട്ടികൾക്ക് ഒരുങ്ങാൻ ഗ്രീൻ റൂമുകളെക്കാൻ സൗകര്യം സമീപത്തെ വീടുകളാണ്. വിശ്രമിക്കാനും വീടുകളിലെ മുറികൾ തന്നെ തുറന്നു നൽകി. കുട്ടികളെയും കൂട്ടിരിപ്പുകാരെയും ഊട്ടിയാണ് അമ്മമാർ യാത്രയാക്കുന്നത്. വീടുകളിൽനിന്ന് ഒരുങ്ങിപ്പോയവരുടെ മത്സരഫലവും അറിയാനും അവർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കുട്ടികൾ തിരിച്ചെത്തി കാര്യങ്ങൾ പങ്കുവെച്ചാണ് മടങ്ങുന്നത്. പഞ്ചായത്തിലെ ജന പ്രതിനിധികളാണ് കലോത്സവത്തിലെ ഓരോ കമ്മിറ്റികളുടെയും ചെയർമാൻമാർ. മേളയുടെ വിജയത്തിനായി അവർ വേദികളിലും സജീവമാണ്. കലോത്സവം മൈലപ്രായുടെ ജനകീയ ഉത്സവമാണെന്നും വിജയിപ്പിക്കാൻ നാട്ടുകാർ രംഗത്തുണ്ടെന്നും പഞ്ചായത്ത് അംഗം കുമ്പഴവടക്ക് സ്വദേശി റെജി ഏബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.