സി.പി.എം- ജയൻ പക്ഷ കൂട്ടുകെട്ട്: പത്തനംതിട്ട ജില്ല പഞ്ചായത്തിൽ അട്ടിമറി
text_fieldsപത്തനംതിട്ട: എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്തിൽ സി.പി.ഐയിലെ രാജി പി. രാജപ്പൻ പ്രിസഡന്റ് പദവിയിലേക്ക് എത്തിയത് അട്ടിമറിയിലൂടെ. സ്ഥാനം ഒഴിഞ്ഞ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഓമല്ലൂർ ശങ്കരന്റെ നേതൃത്വത്തിൽ സി.പി.എമ്മിന്റെയും സി.പി.ഐയിൽ നടപടി നേരിട്ട മുൻ സെക്രട്ടറി എ.പി ജയൻ വിഭാഗത്തിന്റെയും കൂട്ടുകെട്ടാണ് പ്രസിഡന്റ് പദവിയിലേക്ക് നിശ്ചയിച്ചിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനം തെറിപ്പിച്ചത്.
പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള സി.പി.ഐ പ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മക്ക് പ്രസിഡന്റ് സ്ഥാനംലഭിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിലെ ധാരണ. യുവജന വിഭാഗത്തിൽ സംസ്ഥാന നേതാവുമാണ് ശ്രീനാദേവി.
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് എ. പി ജയൻ നീക്കം ചെയ്യപ്പെട്ടതോടെ പാർട്ടി ധാരണകൾ തകിടം മറിഞ്ഞത്. ജയനെതിരെ പാർട്ടി നേതൃത്വത്തെ സമീപിച്ചത് ശ്രീനാദേവിയായിരുന്നു. ഇതോടെ എ.പി ജയനും ഇദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും ഇവർക്കെതിരെ ശക്തമായി രംഗത്ത് വന്നു. ഓമല്ലൂർ ശങ്കരന്റെ നേതൃത്വത്തിൽ സി.പി.എം പ്രതിനിധികളും ശ്രീനാദേവിക്ക് എതിരായി നിലപാടെടുത്തു.
സ്വന്തം പാർട്ടിയുടെ ജില്ല സെക്രട്ടറിയെ പുറത്താക്കുന്നതിലേക്ക് നിലപാടെടുത്തയാൾ തങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കില്ലെന്ന് സി.പി.എം കണക്കുകൂട്ടി. സി.പി.ഐയിൽ ഉരുണ്ടുകൂടിയ പടലപിണക്കം മുതലാക്കി ഓമല്ലുർ ശങ്കരൻ എൽഡി.എഫ് ധാരണ വകവെക്കാതെ പ്രസിഡന്റായി തുടർന്നതും വിവാദമായി. സി.പി.എം - ജയൻ പക്ഷ കൂട്ടുകെട്ട് നീക്കങ്ങൾ ബുധനാഴ്ച രാത്രി നടന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിജയം കാണുകയായിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ശ്രീനാദേവിക്ക് സ്ഥാനം നൽകേണ്ടെന്ന് തീരുമാനിച്ചത്.
രാജി പി രാജപ്പന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുകയായിരുന്നു. ഇതിനിടെ പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി ശ്രീനാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതു ധാരണ പ്രകാരം ഇനി ഓരോ വര്ഷം സിപിഐക്കും കേരള കോണ്ഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് പദവി. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും മാറ്റം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.