പത്തനംതിട്ട ജില്ല സ്കൂൾ കായികമേള; ട്രാക്കും ഫീൽഡും ഇന്നുണരും
text_fieldsപത്തനംതിട്ട: ജില്ല സ്കൂൾ കായിക മേള ഞായറാഴ്ച മുതൽ 14 വരെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 11 ഉപജില്ലകളിൽനിന്നുള്ള 1500ഓളം കായികതാരങ്ങൾ പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു പതാക ഉയർത്തും.
10.30ന് മന്ത്രി വീണ ജോർജ് കായിക മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 14ന് വൈകീട്ട് നാലിന് സമാപന സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ കൊടുമൺ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. സി. പ്രകാശ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, എ.ജി. ശ്രീകുമാർ, വി.ആർ. ജിതേഷ് കുമാർ, അജികുമാർ രണ്ടാംകുറ്റി, പി.എസ്. രാജു, വിപിൻകുമാർ, ലില്ലിക്കുട്ടി, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
ഹയർ സെക്കൻഡറി താരങ്ങളോട് അവഗണന
പത്തനംതിട്ട: ജില്ല കായിക മേളയിൽ ഫണ്ടിന്റെ സിംഹഭാഗവും ഹയർ സെക്കൻഡറി വിദ്യാർഥികളുടേതാണെങ്കിലും അവർ നേരിടുന്നത് കടുത്ത അവഗണന. ഹയർ സെക്കൻഡറി രണ്ടാംവർഷ കുട്ടികളുടെ ഇപ്രൂവ്മെന്റ് പരീക്ഷ ഒമ്പത് മുതൽ 13 വരെ നടക്കുകയാണ്. ഇതിനിടക്കാണ് പല ജില്ലകളിലും ജില്ല കായികമേള നടത്തുന്നത്. കായിക മേളയോട് താൽപര്യമുള്ളവർ അതിൽ പങ്കെടുക്കുമെന്നും അല്ലാത്തവർ പോയി പരീക്ഷ എഴുതട്ടെ എന്നുമാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ സമീപനം.
ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിൽനിന്ന് കായിക മേളക്ക് സ്പെഷൽ ഫീസിനത്തിൽ എട്ടു രൂപ പിരിക്കുമ്പോൾ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി കുട്ടികളിൽനിന്നും 50 രൂപയാണ് ഈടാക്കുന്നത്. സ്കൂൾതല കായികമേള നടത്തിപ്പിന് സ്കൂൾ കുട്ടികളിൽനിന്ന് തുട ഈടാക്കുന്നില്ല. എന്നാൽ, ഹയർ സെക്കൻഡറി കുട്ടികളിൽനിന്ന് 14 രൂപ വാങ്ങുന്നു. ഹൈസ്കൂൾതലത്തിൽ കായികാധ്യാപക തസ്തികയുള്ളപ്പോൾ ഹയർ സെക്കൻഡറിതലത്തിൽ ഇങ്ങനെയൊരു തസ്തികയും കായികാധ്യാപകനുമില്ല.
സബ്ജില്ല മുതൽ മുകളിലോട്ടുള്ള ഓരോ തലത്തിലെയും കായികമേള നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നത് ഹൈസ്കൂളിലെ കായികാധ്യാപകരും അവരുടെ സംഘടനയുമാണ്. ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ശേഷം, കായികമേള നടത്താമെന്നിരിക്കെയാണിത്. ഹൈസ്കൂൾ- ഹയർ സെക്കൻഡറി കായിക കലാമേളകൾ വെവ്വേറെ നടത്തിയിരുന്നപ്പോൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത്തരത്തിൽ അവഗണനകൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.
ദേശീയതല മത്സരങ്ങൾക്ക് ആവശ്യത്തിന് സമയം ഉണ്ടെന്നിരിക്കെ ജില്ല-സംസ്ഥാനതല മത്സരങ്ങൾ ധിറുതിവെച്ച് നടത്തേണ്ട ആശ്യവമില്ല. കായികമേള മാറ്റിവെക്കണമെന്ന് ഹയർ സെക്കൻഡറി സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ അവഗണിച്ചതായി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല ചെയർമാൻ കെ. ഹരികുമാർ, കൺവീനർ പി. ചാന്ദ്നി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.