പത്തനംതിട്ട ജില്ലയെ മാലിന്യ രഹിതമാക്കാൻ കഴിയണം
text_fieldsജില്ലയിലെ പുതിയ ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടത് എന്തിനെല്ലാമെന്ന് ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു
പത്തനംതിട്ട: മാലിന്യമുക്തമായ, ആരോഗ്യകരമായ ഒരു ജില്ലയാകണം പത്തനംതിട്ട. അടിസ്ഥാന വികസനത്തിനൊപ്പം ജില്ലയിലെ മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും പുതിയ സർക്കാർ പ്രാധാന്യം നൽകേണ്ടതുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിനുള്ള പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും അവ കടലാസ് പുലികളായി ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ജില്ലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊതുകുകളുടെ ക്രമാതീതമായ വർധനക്കും ഇത് ഇടവരുത്തുന്നു.
സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചേ മതിയാകൂ. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കുകയും അവർക്കാവശ്യമായ വേതനവും സുരക്ഷ ഉപകരണങ്ങളും നൽകണം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം
ഭക്ഷ്യസുരക്ഷ പരിശോധന കർശനമായി നടപ്പാക്കണം. ഭക്ഷ്യസുരക്ഷ പരിശോധനക്കായി പ്രാദേശിക തലത്തിൽതന്നെ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും പരിശോധനക്കാവശ്യമായ ലാബുകൾ കൂടുതലായി സജ്ജീകരിക്കുകയും വേണം. മൊബൈൽ ലാബും പ്രവർത്തന സജ്ജമാക്കണം. മായംചേർക്കൽ തടയുന്നതിനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും വ്യാപകമായി പരാതിയുണ്ട്. ഇതിനൊക്കെ പരിഹാരം ഉണ്ടാകണം.
മേജർ കുടിവെള്ള പദ്ധതിക്ക് രൂപംനൽകണം
ജില്ലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് കുടിവെള്ള പ്രശ്നമാണ്. വേനൽകാലത്ത് മലയോര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമാകുന്ന മേജർ കുടിവെള്ള പദ്ധതിക്ക് രൂപംനൽകണം. പമ്പാ, മണിമല, കല്ലട, അച്ചൻകോവിൽ ആറുകളിലെ വെള്ളം സംഭരിച് ഇതിനായി പ്രത്യേക േപ്രാജക്ട് തയാറക്കി നടപ്പാക്കുന്നതിന് ശ്രമിക്കണം. ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പ്രാധാന്യം അർഹിക്കുന്നു.
പി.എച്ച്.സികളിൽ ഡയാലിസിസിന് സൗകര്യമൊരുക്കണം
വൃക്കരോഗികളുടെ എണ്ണം ഉയർന്നുവരുന്ന സാഹചര്യത്തിൽ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് സൗജന്യ ഡയാലിസിസ് വിഭാഗത്തിെൻറ പ്രവർത്തനം ആരംഭിക്കണം.
കൃഷിയിടങ്ങൾക്ക് സംരക്ഷണം ഒരുക്കണം
കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണം. ഇതിനായി കൃഷിയിടങ്ങൾക്ക് ചുറ്റും ഫെൻസിങ് നടത്തുന്നതിന് സഹായം നൽകണം. നെൽകർഷകരെയും, റബർ കർഷകരെയും കരിമ്പ് കർഷകരെയും പ്രത്യേകമായി സഹായിക്കണം. തെങ്ങ് വാഴ, ഇടവിളകൃഷികൾ എന്നിവക്ക് ജൈവ പച്ചക്കറി കൃഷികളുടെ പ്രോത്സാഹനത്തിനും മുൻതൂക്കം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.