എന്ന് പൂർത്തിയാകുമെന്ന് ആർക്കും നിശ്ചയമില്ല; വലിച്ചുനീട്ടി പാലം പണി....
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തിന്റെ സ്വപ്നമായ മേൽപ്പാല നിർമാണം എന്ന് പൂർത്തിയാകുമെന്ന് ആർക്കും നിശ്ചയമില്ല. വർഷങ്ങളായി നടക്കുന്ന അബാൻ മേൽപ്പാല നിർമാണത്തിന്റെ കാലാവധി വീണ്ടും നീട്ടി.
നിർമാണ കാലാവധി പിഴ കൂടാതെ നടത്താൻ ഒക്ടോബർ 31 വരെയാണ് നീട്ടിനൽകിയത്. 2022 മാർച്ചിൽ 18 മാസമെന്ന കാലാവധിയിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് മേൽപ്പാല നിർമാണ ചുമതല കരാറുകാരന് കൈമാറിയത്. എന്നാൽ തൊഴിലാളി ദൗർലഭ്യം അടക്കം പല കാരണങ്ങളാൽ പദ്ധതി പലതവണ മുടങ്ങി.
2023 ഡിസംബറിൽ പണികൾ പൂർത്തിയാക്കണമെന്ന് മന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനാൽ പിന്നീട് 2024 മാർച്ച് വരെ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ പകുതി പണികൾ പോലും ഈ കാലയളവിലും പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് പിഴ കൂടാതെ പകുതിയിലധികം പണികൾ പൂർത്തിയാക്കുന്നതിന് വീണ്ടും കാലാവധി നീട്ടി നൽകാൻ അധികൃതർ സർക്കാർ അനുമതി തേടിയിരുന്നു. പദ്ധതി പൂർത്തികരണ കാലാവധി 2025 മാർച്ച് 31 വരെ ദീർഘിപ്പിക്കാൻ കെ.എഫ്.ആർ.ബി, പി.എം.യു പ്രോജക്ട് ഡയറക്ടർ എന്നിവർ സർക്കാറിനോട് അഭ്യർഥിച്ചു. ഇതേതുടർന്നാണ് സർക്കാർ ഒക്ടോബർ 31 വരെ കാലാവധി നീട്ടി നൽകിയത്.
നാളെ നാളെ നീളെ നീളെ...
നിലവിൽ പാലത്തിന്റെ മുഴുവൻ സ്ലാബുകൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ അവസ്ഥയിൽ ഇനിയും പദ്ധതിക്കായി കാലാവധി നീട്ടി നൽകേണ്ടി വരും. മേൽപ്പാലത്തിന്റെ പണികൾ തുടങ്ങിയാൽ കുറഞ്ഞത് ഒരുമാസത്തിനുള്ളിൽ മുടങ്ങുന്നത് പതിവായിരുന്നു. മുടങ്ങിയ പണി പിന്നെ അഞ്ച്, ആറ് മാസങ്ങൾക്ക് ശേഷം മാത്രമേ ആരംഭിക്കൂ.
പ്രധാനമായും തൊഴിലാളികളുടെ കുറവും, തൊഴിലാളികളും കരാറുകാരും തമ്മിലെ പ്രശ്നങ്ങളുമായിരുന്നു പ്രതിസന്ധി. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്കുനേരെ ആക്രമണം നടന്നെന്ന് പ്രചാരണം വന്നതോടെ തെഴിലാളികൾ ഉത്തരേന്ത്യൻ സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു ഇടക്ക് പണികൾ മുടക്കിയത്. അസം, ഒഡിഷ, എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതലും. ഇവർ തിരിച്ചുവരാൻ താമസിച്ചതിനെ തുടർന്ന് പുതിയ തൊഴിലാളികളെ എത്തിച്ച് പണികൾ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇതിനും കാലതാമസമുണ്ടായി.പിന്നീട് കോയമ്പത്തൂരിൽ നിന്ന് പുതിയ തൊഴിലാളി സംഘം എത്തിയതോടെയാണ് നിർമാണം പുനരാരംഭിച്ചത്.
50 കോടിയുടെ പാലം
കിഫ്ബിയിൽ നിന്ന് 50 കോടി രൂപയാണ് അബാൻ മേൽപ്പാലത്തിനായി മാറ്റിവെച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. സ്വകാര്യ ബസ് സ്റ്റാന്റിനടുത്തുള്ള പെട്രോൾ പമ്പിന് സമീപത്തുനിന്ന് തുടങ്ങി മൂത്തൂറ്റ് ആശുപത്രി ഭാഗം വരെയാണ് മേൽപ്പാലം വരുന്നത്.
പാലം പണി കാരണം നഗരത്തിലെ തന്നെ തിരക്കേറിയ അബാൻ ജങ്ഷനും സമീപറോഡുകളുമൊക്കെ രൂക്ഷമായ ഗതാഗതക്കുരുക്കിലും, പൊടിശല്യത്താലും വർഷങ്ങളായി വലയുകയാണ്. സർവിസ് റോഡിന്റെ പണികളും ഇഴഞ്ഞാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.