നാല് കോടിയുടെ അറ്റകുറ്റപ്പണികൾ; പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ദുരിതകാലം മാറുമോ ഇനിയെങ്കിലും?
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ദുരിതകാലത്തിന് പരിഹാരവുമായി അറ്റകുറ്റപ്പണികൾക്കുള്ള ടെൻഡർ നടപടികൾ തുടങ്ങി. നാലു കോടിയുടെ എസ്റ്റിമേറ്റാണ് നൽകിയിരിക്കുന്നത്. എച്ച്.എം.സി ഫണ്ടും ജില്ല പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കുന്നത്.
അത്യാഹിത വിഭാഗത്തിലെ ചോർച്ചയും ചൂടും, ബി ആൻഡ് സി േബ്ലാക്കിലെ വിള്ളലും ചോർച്ചയും, നടപ്പാതകൾ കല്ലിട്ട് ശരിയാക്കൽ, നടപ്പാതയുടെ മുകളിൽ ഷീറ്റിടുന്നത് തുടങ്ങിയ പണികൾ പൂർത്തിയാക്കും. നടപ്പാതയിൽ കുറച്ചു ഭാഗത്ത് കല്ലിട്ടിരുന്നു. പുതിയ പണികളിൽ അത്യാഹിത വിഭാഗത്തിലെ ചോർച്ചയാണ് ആദ്യം പരിഹരിക്കുക.
പിന്നീട് ഓരോ ഘട്ടങ്ങളിലായി ബാക്കിയുള്ളവ പൂർത്തിയാക്കും. പുതിയ അത്യാഹിത വിഭാഗം കെട്ടിടം പണിയുന്നതിനാൽ ബി ആൻഡ് സി േബ്ലാക്കിലാണ് നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. മഴ പെയ്താൽ ആശുപത്രിയുടെ അകത്തും പുറത്തും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. അകത്ത് മിക്ക ഇടത്തും ചോർച്ചയാണ്.
പുതിയ കെട്ടിടങ്ങളുടെ പണികൾ ആരംഭിച്ച് എട്ട് മാസത്തോളം ആശുപത്രി വികസന സമിതി യോഗം കൂടാതിരുന്നത് പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ആശുപത്രിയുടെ നിയന്ത്രണാധികാരം ജില്ല പഞ്ചായത്തിന് കൈമാറിയ ശേഷം വികസന സമിതി യോഗം കൂടാതിരുന്നത് രൂക്ഷ വിമർശനത്തിനും കാരണമായി. ജൂലൈ 22ന് യോഗം ചേരാൻ തീരുമാനിച്ചെങ്കിലും മന്ത്രി വീണ ജോർജിന്റെ അസൗകര്യം കാരണം വീണ്ടും മാറ്റിവച്ചു.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഇല്ലാതെ യോഗം ചേരേണ്ടതില്ലെന്ന നിർദേശവും ഇതിനിടെ ഉണ്ടായി. ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചതിനുപിന്നാലെയുള്ള സ്ഥലപരിമിതികളും നിലവിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായതോടെ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് അടിയന്തരമായി വികസന സമിതി യോഗം കൂടാൻ മന്ത്രി നിർദേശിച്ചത്. തുടർന്ന് ആഗസ്റ്റ് ഒമ്പതിന് വികസന സമിതി യോഗം കൂടി.
യോഗത്തിൽ നിർമാണത്തിലിരിക്കുന്ന ഒ.പി ബ്ലോക്ക് എട്ടുമാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അത്യാഹിത വിഭാഗത്തിലെ ചൂട് ഒഴിവാക്കുന്നതിലേക്ക് എ.സി സ്ഥാപിക്കാനും തീരുമാനിച്ചു.
ഇതിനോടൊപ്പം അഞ്ച് ശൗചാലയങ്ങൾ കൂടി പുതുതായി നിർമിക്കും. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒ.പി വരെയുള്ള ഭാഗത്ത് ഷീറ്റിടാനും നടപ്പാതയിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ കല്ലിടാനും തീരുമാനിച്ചു. പാർക്കിങിനായി പുതിയ സ്ഥലവും കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.