പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് ഏഴുദിവസം; ആരോഗ്യമന്ത്രി അറിയുന്നുണ്ടോ വല്ലതും?
text_fieldsമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയിലാണ് രോഗികൾ കടുത്ത ദുരിതം അനുഭവിക്കുന്നത്. രോഗികളെ ചുമന്ന് ജീവനക്കാരും വലയുകയാണ്. രോഗികളുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ട: ജില്ല കേന്ദ്രത്തിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായി ഏഴുദിവസം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ആവശ്യത്തിന് സ്ട്രക്ച്ചറുകളും ഇല്ലാത്തതിനാൽ ഓപ്പറേഷൻ കഴിഞ്ഞവർ ഉൾപ്പെടെ രോഗികളെ ജീവനക്കാർ വാർഡുകളിൽ എത്തിക്കുന്നത് ഇരുവശത്തും കമ്പുകളിട്ട് തുണി കൂട്ടിക്കെട്ടി സ്ട്രക്ച്ചർ രുപത്തിലാക്കി അതിൽ കിടത്തിയാണ്. രോഗികൾ ഇതിൽ ചുരുണ്ടുകൂടിക്കിടക്കുകയാണ്. ഇങ്ങനെ കൊണ്ടുപോയ രോഗികളിലൊരാൾ താഴെ വീണത് പ്രതിഷേധത്തിനിടയാക്കി. രോഗികളുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയിലാണ് രോഗികൾ കടുത്ത ദുരിതം അനുഭവിക്കുന്നത്. രോഗികളെ ചുമന്ന് ജീവനക്കാർ വലയുകയാണ്.
മൂന്നാം നിലയിലാണ് ലേബർ റൂം അടക്കം ഓപ്പറേഷൻ തീയറ്ററുകൾ. ശസ്ത്രക്രിയ കഴിഞ്ഞവരെ കിടത്തുന്ന വാർഡ് താഴെയും. ഇത്തരം സാഹചര്യത്തിൽ ഒരു ദിവസം പോലും ലിഫ്റ്റ് ഇല്ലാതെ ആശുപത്രി പ്രവർത്തിക്കാനാകില്ല. എന്നാൽ ഏഴു ദിവസമായിട്ടും ലിഫ്റ്റ് നന്നാക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.
ഓപ്പറേഷൻ കഴിഞ്ഞവരെയും നട്ടെല്ലിന് തകരാർ സംഭവിച്ചവരെയുമൊക്കെയാണ് തുണി കൊണ്ടുള്ള സ്ട്രക്ച്ചറിൽ കിടത്തി താഴത്തെ നിലയിലേക്ക് സാഹസികമായി കൊണ്ടുവരുന്നത്.
ജീവനക്കാർ ഇത് സംബന്ധിച്ച് പരാതിപറഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. സ്ത്രീകൾ അടക്കം ജീവനക്കാരിൽ കൂടുതലും 50ൽ കൂടുതൽ പ്രായമുള്ളവരാണ്.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ജില്ല പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസീംകുട്ടി, റനീസ് മുഹമ്മദ്, അബ്ദുൾഷുക്കൂർ, റോഷൻ റോയി, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.