പത്തനംതിട്ട ജനറൽ ആശുപത്രി; ഭരണച്ചുമതലയിൽനിന്ന് നഗരസഭയെ ഒഴിവാക്കി
text_fieldsപത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണച്ചുമതലയിൽനിന്ന് പത്തനംതിട്ട നഗരസഭയെ ഒഴിവാക്കി. പകരം, ഇനി മുതൽ ജില്ല പഞ്ചായത്തിനാണ് ജനറൽ ആശുപത്രിയുടെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
ആർദ്രം മാനദണ്ഡപ്രകാരം ഏറ്റവും തിരക്കുള്ള ആശുപത്രിയെ ജില്ലതല ആശുപത്രിയായാണ് കണക്കാക്കുന്നത്. ദൈനംദിന നടത്തിപ്പിനും സുഗമമായ ഭരണനിർവഹണത്തിനുമാണ് ചുമതലമാറ്റമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ വെള്ളം, വൈദ്യുതി ചാർജ് തുടങ്ങിയവക്ക് വേണ്ടിവരുന്ന തുക കണ്ടെത്താനുള്ള കഴിവും കണക്കിലെടുത്താണ് ഭരണച്ചുമതല മാറ്റിയത്.
നിലവിൽ 2019 മുതലുള്ള ആശുപത്രിയുടെ വെള്ളക്കരം അടക്കാനുണ്ട്. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ജലവിതരണം നിർത്താൻ ജലവിഭവ വകുപ്പിന് കഴിയില്ല. നേരത്തേ, ഈ തുക അടക്കാനാകില്ലെന്നും ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു നഗരസഭ നിലപാടെടുത്തത്.
ഇതോടെ രണ്ട് ആശുപത്രികളാണ് ജില്ല പഞ്ചായത്തിന് കീഴിൽ വരുന്നത്. കോഴഞ്ചേരി ജില്ല ആശുപത്രിയുടെ ചുമതലയും ജില്ല പഞ്ചായത്തിനാണ്. ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിച്ചേക്കും. നിലവിൽ എച്ച്.എം.സിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ നവീകരണ ജോലികൾ നടന്നുവരുകയാണ്. പുതിയ ഒ.പി ബ്ലോക്ക്, അത്യാഹിത വിഭാഗം തുടങ്ങിയവയുടെ നിർമാണ ജോലികളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.