പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജ്; അസൗകര്യങ്ങളുടെ നടുവിൽ അടുത്ത ബാച്ച് എത്തുന്നു
text_fieldsപത്തനംതിട്ട: അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലേക്ക് അടുത്ത ബാച്ച് കുട്ടികൾ എത്തുന്നു. രണ്ടാമത്തെ ബാച്ചിന്റെ ക്ലാസുകൾ നവംബർ നാലു മുതൽ തുടങ്ങും. 60 കുട്ടികൾ കൂടിയാണ് കോളജിലേക്ക് എത്തുന്നത്. നിലവിലെ സൗകര്യങ്ങളിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജങ്ഷനിലെ വാടക കെട്ടിടത്തിലാണ് ഒരുവർഷം മുമ്പ് സർക്കാർ നഴ്സിങ് കോളജ് തുറന്നത്. കഴിഞ്ഞവർഷത്തെ പ്രവേശന നടപടികൾ ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് നഴ്സിങ് കോളജുകളിലേക്ക് ബി.എസ്.സി നഴ്സിങ് പഠനത്തിന് അപേക്ഷ ക്ഷണിച്ചത്. റാങ്ക് പട്ടികയിലുണ്ടായിരുന്ന കുട്ടികൾ സർക്കാർ മേഖലയിൽ പഠനം നടത്താൻ ലഭിച്ച അവസരം നഷ്ടമാക്കിയില്ല. 60 സീറ്റിലും കുട്ടികളെ ലഭിച്ചു. ഇത്തവണ ആദ്യ അലോട്ട്മെന്റ് മുതൽ തന്നെ പത്തനംതിട്ട നഴ്സിങ് കോളജും ഇടംപിടിച്ചു. ഇതോടെ മെറിറ്റ് പട്ടികയിൽ മുന്നിലായിരുന്ന പല കുട്ടികൾക്കും പത്തനംതിട്ടയിൽ പ്രവേശനം ലഭിച്ചു. അവർകൂടി എത്തുന്നതോടെ കോളജിലെ കുട്ടികളുടെ എണ്ണം 120 ആകും.
ആദ്യബാച്ചിൽ 54 പെണ്‍കുട്ടികളാണുണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിലും ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവർക്ക് ഒരു ടോയ്ലറ്റ് മാത്രമാണ് നിലവിലെ കെട്ടിടത്തിലുള്ളത്. ലൈബ്രറി, ലാബോറട്ടറി സൗകര്യങ്ങളും ഇല്ലെന്ന സ്ഥിതിയാണ്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിൽ ദുരിതത്തിൽ മുന്നോട്ട് നീങ്ങുന്ന കോളജിലെ കാര്യങ്ങൾ പലതവണ മന്ത്രിയുടെ ശ്രദ്ധയിൽ രക്ഷിതാക്കളും കുട്ടികളും പെടുത്തിയിരുന്നു.
ഉറപ്പുകൾ ലംഘിച്ചു
നഴ്സിങ് കോളജിന്റെ അസൗകര്യങ്ങളുടെ പേരിൽ സമരം ചെയ്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സർക്കാർ ഭാഗത്തുനിന്നു നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. പത്തനംതിട്ടയിലും തിരുവനന്തപുരുത്തുമായി നടന്ന ചർച്ചകളിൽ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കം വിഷയങ്ങളിൽ തീരുമാനമെടുത്തിരുന്നു. കോളജിനുവേണ്ടി പുതിയ കെട്ടിടം കണ്ടെത്തുമെന്നായിരുന്നു പ്രഥമ വാഗ്ദാനം. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് മലയാലപ്പുഴ മുസ്ലിയാർ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിലേക്ക് കോളജ് മാറ്റാൻ ആലോചിച്ചു. ഇതനുസരിച്ച് അവിടെ ഒരുക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് ക്ലാസ് മുറികൾ അടക്കം ക്രമീകരിച്ചുനൽകണമെന്ന നിർദേശമുണ്ടായി. എന്നാൽ മാനേജ്മെന്റ് ഇതംഗീകരിച്ചില്ല. സർക്കാർ ചെലവിൽ നഴ്സിങ് കോളജിന് സൗകര്യം ഒരുക്കണമെന്നാണ് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാതെ വന്നതോടെ കോളജ്മാറ്റം നടക്കാതെ പോയി. അധികം വൈകാതെ ക്ലാസ്മുറികൾ അവിടേക്ക് മാറ്റുമെന്നാണ് പറയുന്നത്.
16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളജിലേക്കാണ് ക്ലീനിക്കല്‍ പരിശീലനത്തിന് വിദ്യാർഥികൾ പോകേണ്ടത്. സ്വന്തമായി വാഹനം കോളജിന് ഇല്ലാത്തതിനാല്‍ യാത്രാ ചെലവു തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളുടെ ഹോസ്റ്റലുകളും വിദൂരത്തിലാണ്. കോളജിലേക്ക് അധ്യാപകരെ കൂടുതലായി നിയമിച്ചതു മാത്രമാണ് നടപ്പാക്കിയ ഏക വാഗ്ദാനം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ പി.ടി.എ യോഗം അതൃപ്തി രേഖപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രിൻസിപ്പൽ മറുപടി പറഞ്ഞു.
ക്ലാസ് മുറിക്കായി ഓഫീസ് ഒഴിപ്പിക്കും
നഴ്സിങ് കോളജിൽ, ഓഫീസ് പ്രവർത്തിച്ചുവരുന്ന മുറി ഒഴിപ്പിച്ചെടുത്ത് ക്ലാസ് മുറി ഒരുക്കാനാണ് തീരുമാനം. ഇതേത്തുടർന്ന് കോളജ് ഓഫീസ് തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിലേക്കു മാറ്റും. ഒരു നഴ്സിങ് കോളജ് പ്രവർത്തിപ്പിക്കാൻ പര്യാപ്തമല്ല നിലവിലെ വാടക കെട്ടിടം. കസേരകള്‍ക്കിടയില്‍ എഴുന്നേറ്റുനില്ക്കാന് പോലും സ്ഥലമില്ലാത്ത മുറിയിലാണ് കഴിഞ്ഞവർഷം ക്ലാസുകൾ നടന്നത്.
ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാന്‍ കഴിയാത്തതും തിരക്കേറിയ റോഡിലെ ശബ്ദം കാരണം പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തതും ഒന്നാംവർഷം കുട്ടികൾ പലതവണ ചൂണ്ടിക്കാട്ടിയതാണ്.
ഹോസ്റ്റല്‍ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കുട്ടികള്‍ വന്‍തുക ചെലവാക്കിയാണ് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നത്. പുതിയ ബാച്ചിലെ വിദ്യാർഥികളും ഹോസ്റ്റൽ സൗകര്യത്തിനായി പണം ചെലവഴിക്കേണ്ടി വരും.
എല്ലാം ശരിയാക്കും!
നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ലഭ്യമല്ലാതിരുന്നിട്ടും സർക്കാർ സ്വാധീനം ഉപയോഗപ്പെടുത്തി ആരോഗ്യ സർവകലാശാലയുടെ അംഗീകാരം വാങ്ങിയാണ് കോളജ് പ്രവർത്തനം തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാമെന്ന ഉറപ്പിലാണ് അംഗീകാരം വാങ്ങിയതെന്ന് പറയുന്നു. പിന്നീട് ഒരു സെമസ്റ്റർ പൂർത്തീകരിച്ച് പരീക്ഷയും നടന്നു.പരീക്ഷാഫലം സർവകലാശാല തടഞ്ഞതോടെയാണ് കോളജിന്റെ അസൗകര്യങ്ങളിൽ വീണ്ടും ശ്രദ്ധ ഉണ്ടായത്. സർക്കാർ നിർദേശപ്രകാരം സർവകലാശാല ഫലം പുറത്തുവിട്ടുവെങ്കിലും കുട്ടികൾക്ക് മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ല.
രണ്ടാമത്തെ സെമസ്റ്റർ പരീക്ഷയും കഴിഞ്ഞു. നിലവിലെ സൗകര്യങ്ങളിൽ വിപുലപ്പെടുത്തിയില്ലെങ്കിൽ ഇത്തവണയും അനുമതി തുലാസിലാകും. നിലവിൽ ഇതേവരെ അഖിലേന്ത്യ നഴ്സിങ് കൗൺസിൽ അംഗീകാരം കോളജിനായിട്ടില്ല. ഐ.എൻ.സി അംഗീകാരമില്ലെങ്കിൽ പരീക്ഷാഫലം നൽകാൻ സർവകലാശാലക്ക് ബുദ്ധിമുട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.