മലയോര നാടിന് നാളെ 41 തികയും; യുവത്വത്തിന്റെ നിറവിലും വികസനത്തിൽ ശൈശവം തന്നെ
text_fieldsപത്തനംതിട്ട: കേരളപ്പിറവി ദിനത്തിൽ 41ാം വയസ്സിലേക്ക് ജില്ല. യുവത്വത്തിന്റെ നിറവിലാണെങ്കിലും വികസനകാര്യത്തിൽ ജില്ല ഇപ്പോഴും ശൈശവത്തിൽ തന്നെ. ജനപ്രതിനിധികളും മന്ത്രിമാരും മാറിമാറി വന്നിട്ടും ജില്ലയുടെ സ്ഥിതി പരിതാപകരമായി തുടരുന്നു.
സംസ്ഥാനത്ത് കൂടുതൽ വിദേശ നിക്ഷേപമുള്ള ജില്ലയായതിനാൽ സാമ്പത്തികമായി ജില്ല ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ, അടിസ്ഥാന വികസന കാര്യങ്ങളിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ജില്ല രൂപവത്കരണ സമയത്തെ വികസനം മാത്രമാണ് ഇപ്പോഴും ചൂണ്ടിക്കാണിക്കാനുള്ളത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാർഷിക മേഖലയിലും ജില്ല പിന്നിൽതന്നെ.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കൂടുതൽ വികസനം ഇനിയും എത്തേണ്ടതുണ്ട്. ഭരണാധികരികളുടെയും ജനപ്രതിനിധികളുടെയും അവഗണനമൂലം പല പദ്ധതികളും മുടങ്ങിക്കിടപ്പുണ്ട്. ജില്ല ആസ്ഥാനം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്ലേശമാണ് അനുഭവപ്പെടുന്നത്. റോഡുകൾ മിക്കതും തകർന്ന് കിടക്കുന്നു. ഒരു മഴ വന്നാൽ സഞ്ചാരം തന്നെ ദുഷ്കരം.
ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ജില്ലയാണ് പത്തനംതിട്ട. പക്ഷേ, ഇവയൊന്നും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ലോക ടൂറിസം മാപ്പിൽ ഇടംപിടിച്ച ഗവിയിലേക്ക് സഞ്ചാരപ്രദമായ റോഡ്പോലും നിർമിക്കാനായിട്ടില്ല. നേരത്തേ തുടക്കം കുറിച്ച വികസന പദ്ധതികൾ അവഗണിക്കപ്പെട്ടും കിടക്കുന്നു.
ആരോഗ്യമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോന്നിയിൽ സർക്കാർ മെഡിക്കൽ കോളജ് വന്നിട്ടും ഇപ്പോഴും കോട്ടയത്തിനും തിരുവനന്തപുരത്തിനുമാണ് രോഗികളെ പറഞ്ഞുവിടുന്നത്. ഓരോ ബജറ്റിലും ജില്ലക്ക് പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. അവയൊന്നും യാഥാർഥ്യമാകാറില്ല. തൊഴിലവസരങ്ങൾ സ്യഷ്ടിക്കുന്ന ഒരു പദ്ധതികളും ജില്ലയിൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.