മലയോരം ഇന്ന് വിധിയെഴുതും; 14. 29 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്
text_fieldsപത്തനംതിട്ട: പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലം ഇന്ന് വിധിയെഴുതും. മലയോര ലോക്സഭ മണ്ഡലത്തിലെ 14,29,700 വോട്ടർമാർ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങും. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും കോട്ടയത്തെ രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാരാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 6,83,307 പുരുഷന്മാരും 7,46,384 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡർ വിഭാഗക്കാരുമാണ് പട്ടികയിലുള്ളത്. 1437 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 1783 ബാലറ്റ് യൂനിറ്റ്, 1,773 കൺട്രോള് യൂനിറ്റ്, 1915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചത്.
രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. പുലർച്ച 5.30ന് മോക്പോള്‍ നടക്കും. ഒരു പോളിങ് ബൂത്തില്‍ 50 വോട്ടുകളാണ് മോക്പോളിങ്ങില്‍ ചെയ്യുന്നത്. തുടര്‍ന്ന് കണ്ട്രോള് യൂനിറ്റുകള്‍ സജ്ജമായ ശേഷം ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. പോളിങ് ഏജന്റുമാര്‍ രാവിലെ 5.30ന് മുമ്പായി ബൂത്തുകളിലെത്തണം. വൈകുന്നേരം ആറുവരെയാണ് വോട്ടിങ്. ആറുവരെ വരിയില്‍ എത്തിയവര്‍ക്ക് സ്ലിപ് നല്കി സമ്മതിദാനാവകാശം രേഖപ്പെടുത്താനാകും. മോക്പോളിങ് ആരംഭിക്കുന്നതു മുതല്‍ പോളിങ് അവസാനിച്ച് വോട്ടുയന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കലക്ടറേറ്റിലെ കണ്ട്രോള് റൂമിലൂടെ തത്സമയം വീക്ഷിക്കും.
കൺട്രോള് റൂം
പോളിങ് ദിവസം ജില്ല കലക്ടറേറ്റിലും അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയങ്ങളിലും വിപുലമായ കൺട്രോള് റൂം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ പരിധിക്കു പുറത്തുള്ള ഗവി, മൂഴിയാര്‍, ആവണിപ്പാറ തുടങ്ങിയ പോളിങ് സ്റ്റേഷനുകളില്‍ വിവര വിനിമയത്തിനു വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എസ് മുഖേനയും ഫോണ്‍ മുഖേനയും പോളിങ് പുരോഗതി സമാന്തരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടുയന്ത്രങ്ങൾ ഇന്നുതന്നെ ചെന്നീർക്കരയിലെത്തിക്കും
പോളിങ്ങിനുശേഷം വോട്ടുയന്ത്രങ്ങൾ അതതു വിതരണ സ്വീകരണ കേന്ദ്രത്തില്‍ പോളിങ് ഉദ്യോഗസ്ഥർ സുരക്ഷാ സംവിധാനങ്ങളോടെ തിരികെയെത്തിക്കും. ഇവ വെള്ളിയാഴ്ച രാത്രിയിൽ തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിച്ച് പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ജൂണ്‍ നാലിന് സ്കൂളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും.
അടിസ്ഥാന സൗകര്യം ഉറപ്പാക്കി
എല്ലാ പോളിങ് സ്റ്റേഷനിലും സുരക്ഷസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഡ്, റാമ്പുകള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസൗകര്യങ്ങളും പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സെക്ടര്‍ ഓഫിസര്‍മാര്‍, സെക്ടര്‍ അസിസ്റ്റന്റുമാര്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സക്ഷം ആപ് മുഖേന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വീല്‍ചെയറുകള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണം ഒരുക്കും.
പോളിങ് ശതമാനം നിർണായകമാകും; 2019ൽ 74.24 ശതമാനം
പത്തനംതിട്ട: ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ പോളിങ് ശതമാനം നിർണായകമാണ്. 2019ൽ 74.24 ശതമാനമായിരുന്നു പോളിങ്. 13,82,741 വോട്ടർമാരിൽ 10,26,553 പേർ വോട്ട് ചെയ്തു. എന്നാൽ, 2014 ൽ 65.70 ശതമാനം മാത്രമായിരുന്നു പോളിങ്. 13,23,906 വോട്ടർമാരിൽ 8,69,452 പേർ മാത്രമാണ് വോട്ട് ചെയ്തത്. ഇക്കുറി വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും പട്ടികയിൽ സ്ഥലത്തില്ലാത്തവരും മരിച്ചുപോയവരും പൂർണമായി ഒഴിവാക്കപ്പെട്ടിട്ടില്ല. വോട്ടർപട്ടിക വീടുകയറി തയാറാക്കുന്ന ജോലി ഇപ്പോൾ നടക്കാറില്ല. ബി.എൽ.ഒമാരുടെ ചുമതലയിലാണ് പരിഷ്കരണം. ഇക്കാരണത്താൽ കൃത്യമായ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ ഇല്ല. 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ഇത്തവണ വീട്ടിൽ വോട്ട് ഏർപ്പെടുത്തിയിരുന്നതിനാൽ ഒട്ടേറെ ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഇതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിലുള്ള കൂടുതൽ ആളുകൾക്ക് തപാൽ വോട്ടിനു സൗകര്യം ചെയ്തതും പരിശീലന, വിതരണ കേന്ദ്രങ്ങളിൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യം നൽകിയതും കാരണം വോട്ടിങ് ശതമാനത്തിലും പ്രതിഫലിക്കും. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമം രാഷ്ട്രീയകക്ഷികളും നടത്തും
ആദ്യമായി വോട്ടവകാശം 18,087 പേർക്ക്
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നത് 18,087 പേരാണ്. 18-19 വയസ്സുകാരായ 9254 ആണ്‍കുട്ടികളും 8833 പെണ്‍കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
കന്നിവോട്ടര്‍മാരേ.... വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
- സമ്മതിദായകന് പോളിങ് ബൂത്തിലെത്തുന്നു
- ഒന്നാം പോളിങ് ഓഫിസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കും
- രണ്ടാം പോളിങ് ഓഫിസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു
- മൂന്നാം പോളിങ് ഓഫിസര്‍ സ്ലിപ് സ്വീകരിച്ച് വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുന്നു
- വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് യൂനിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. ബാലറ്റ് യൂനിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇ.വി.എമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്ട്രോള് യൂനിറ്റില്‍നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
- വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.
തെരഞ്ഞെടുപ്പ് ദിനത്തിലെ നിബന്ധനകള്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന് ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ വാഹനങ്ങള്‍ മണ്ഡലത്തില്‍ ഉപയോഗിക്കാം. സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലേക്കും ഓരോ വാഹനങ്ങള്‍ അനുമതിയോടെ ഉപയോഗിക്കാം.
ഓരോ വാഹനത്തിലും ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഹാജരല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് അനുവദിച്ച വാഹനം മറ്റാരും ഉപയോഗിക്കരുത്. വരണാധികാരി നല്കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ വിന്‍ഡ് സ്ക്രീനില്‍ പതിപ്പിക്കണം. അനുവദിച്ചിട്ടുളള വാഹനങ്ങളില്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കരുത്.
തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കരുത്. അനുമതി കൂടാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങളില്‍ ഉടമസ്ഥര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പോകുന്നതില്‍ തടസ്സമില്ല. സ്വകാര്യ വാഹനങ്ങള്‍ വോട്ടെടുപ്പ് കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പാടില്ല.പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതു, സ്വകാര്യസ്ഥലത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവര്‍ത്തികളോ, പോസ്റ്ററുകളോ ബാനറുകളോ അനുവദിക്കുന്നതല്ല. പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ഫോണ്‍, കോഡ്ലസ് ഫോണ്‍ എന്നിവ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. വോട്ടേഴ്സ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ, പാര്‍ട്ടിയുടെ പേരോ ഉപയോഗിക്കരുത്.
പോളിങ് സമയത്ത് ബൂത്തുകള്‍ക്കുള്ളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബൂത്തിനു പുറത്തുപോയി സംസാരിക്കേണ്ടതുമാണ്. ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് മൊബൈല്‍ഫോണ്‍, വോട്ടര്‍പട്ടിക, വോട്ടര്‍ സ്ലിപ് എന്നിവ സഹിതം വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തുകളില്‍ നിലകൊള്ളാം.
പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ ലൗഡ്സ്പീക്കര്‍, മെഗാഫോണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. റെക്കോഡ് ചെയ്ത ശബ്ദങ്ങളോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാല്‍ അത്തരം ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കും. ഉച്ചത്തില്‍ പ്രഭാഷണം നടത്തിയാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് അംഗീകൃത പാസ് കൃത്യമായി പ്രദര്‍ശിപ്പിക്കണം.
പോളിങ് ശതമാനം അറിയാം വോട്ടര്‍ ടേണ്‍ഔട്ട് ആപ്പിലൂടെ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാനായി ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമീഷന്. വോട്ടര്‍ ടേണ്‍ഔട്ട് എന്ന ആപ്പാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും.
പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ മണിക്കൂറിലെ പോളിങ് ശതമാനം പുതുക്കുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍, റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ് നിരീക്ഷിക്കാം.
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
- കമീഷന് നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്
- തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന ഫോട്ടോ ഐഡി കാര്‍ഡ്
- ആധാര്‍ കാര്‍ഡ്
- എം.എന്‍.ആര്.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
- ബാങ്ക്/പോസ്റ്റ് ഓഫിസ് നല്കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
- തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
- ഡ്രൈവിങ് ലൈസന്‍സ്
- പാന്‍ കാര്‍ഡ്
- ദേശീയ ജനസംഖ്യ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
- ഇന്ത്യന്‍ പാസ്പോര്‍ട്ട്
- ഫോട്ടോ സഹിതമുള്ള പെന്ഷന് രേഖ
- കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്കുന്ന ഫോട്ടോ പതിച്ച ഐ.ഡികാര്‍ഡ്
- പാര്‍ലമെന്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
- ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.