പത്തനംതിട്ട നഗരസഭ ഇടത്താവളം തീർഥാടകർക്കായി തുറന്നു
text_fieldsപത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് നഗരസഭ ഇടത്താവളം തീർഥാടകർക്കായി തുറന്നുനൽകി. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ശബരിമല തീർഥാടകർ കൂടുതലായി ആശ്രയിക്കുന്ന ജില്ല കേന്ദ്രത്തിലെ പ്രധാന ഇടത്താവളമാണ് നഗരസഭയുടേത്. തീർഥാടകർക്കായി പുതിയ ഭക്ഷണശാലയും 24 മണിക്കൂറും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
ഈ വർഷം മുതൽ ഇടത്താവളത്തിലെത്തുന്ന ഭക്തർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 200 പേർക്കോളം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവെയ്ക്കുന്നതിനുള്ള സൗകര്യവും ഡോർമെറ്ററികളും ഇടത്താവളത്തിലുണ്ട്.
ഇടത്താവളത്തിലെ കിണർ വൃത്തിയാക്കി വെള്ളം ശുദ്ധീകരിച്ച് ലഭ്യമാക്കാനുള്ള നടപടികളും പൂർത്തീകരിച്ചു. തീർഥാടകർക്കായി പരമാവധി സൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്നും ചെയർമാൻ പറഞ്ഞു.
കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാൻ ആൽത്തറ എന്നിവയും ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. കൗൺസിലർ ഷൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.ആർ. അജിത് കുമാർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, കൗൺസിലർമാരായ ആർ .സാബു, റോഷൻ നായർ, നീനു മോഹൻ, വി. ആർ. ജോൺസൺ,എ. സുരേഷ്കുമാർ, എം. സി. ഷെരീഫ്, അയ്യപ്പ സേവ സമാജം പ്രസിഡന്റ് അഡ്വ. ജയൻ ചെറുവള്ളിൽ, അജി അയ്യപ്പ , മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, ഹെൽത്ത് സൂപ്പർവൈസർ വിനോദ് എം .പി തുടങ്ങിയവർ സംസാരിച്ചു.
വിശുദ്ധിസേന ശുചീകരണ പ്രവർത്തനം തുടങ്ങി
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു.വിശുദ്ധി സേനാംഗങ്ങള്‍ എല്ലാവരും അയ്യപ്പന്റെ അതിഥികളാണെന്നും സേനാംഗങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായാണ് അയ്യന്റെ പൂങ്കാവനം ഏറ്റവും ഭംഗിയായി നിലകൊള്ളുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ആയിരം വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം.
സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന് ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. വിശുദ്ധി സേനക്കാര്‍ക്ക് ഇത്തവണ 550 രൂപ ദിവസവേതനമാക്കി വര്‍ധിപ്പിച്ചു. യാത്രാപ്പടിയായി 1000 രൂപയും അനുവദിച്ചിട്ടുണ്ട്.
വിശുദ്ധി സേനാംഗങ്ങൾക്കുള്ള യൂനിഫോം അടങ്ങിയ കിറ്റ് കലക്ടർ വിതരണം ചെയ്തു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 1995 ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്.
ശബരിമല എ.ഡി.എം സൂരജ് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ ആർ.ഡി.ഒ എ.തുളസീധരൻ പിള്ള, ദേവസ്വം ബോർഡ് അംഗം സുന്ദരേശൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി.സതീഷ് കുമാർ, വിശുദ്ധി സേന ലീഡർ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ്
പന്തളം: അയ്യപ്പഭക്തന്മാരുടെ സുരക്ഷക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പൊലീസ് വിലയിരുത്തി. അടൂർ ഡി.വൈ.എസ്.പി ആർ.ജയരാജ് പന്തളം എസ്.എച്ച്.ഒ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വ്യാഴാഴ്ച വൈകുന്നേരം പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണവും അയ്യപ്പഭക്തന്മാർ കുളിക്കാൻ ഇറങ്ങുന്ന അച്ചൻകോവിലാറ്റിലെ കുളിക്കടവുകളും സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.