പത്തനംതിട്ട ജില്ല കേന്ദ്രത്തിന്റെ വിനോദ വിശ്രമ ഹബ്ബാകാൻ കുമ്പഴ
text_fieldsപത്തനംതിട്ട: നഗരത്തിന്റെ സമഗ്രവികസനത്തിന് തയാറാക്കുന്ന പത്തനംതിട്ട മാസ്റ്റർ പ്ലാനിലെ കുമ്പഴ സ്കീം നഗരസഭ കൗൺസിൽ അംഗീകരിച്ചു. മാസ്റ്റർ പ്ലാനിലെ അഞ്ച് സ് കീമിൽ കുമ്പഴ സ്കീമാണ് ആദ്യം നടപ്പാക്കുന്നത്. ഇതിൽ മൊത്തം 16 പദ്ധതിയാണുള്ളത്. നഗരകവാടമായാണ് കുമ്പഴയെ വിഭാവനം ചെയ്തിട്ടുള്ളത്. വിനോദ വിശ്രമ പദ്ധതികൾക്കാണ് പ്രാമുഖ്യം. കുമ്പഴയിലെ ഓപൺ സ്റ്റേജും പരിസരവും ടൗൺ സ്ക്വയറായി വികസിപ്പിക്കും. അച്ചൻകോവിലാറിന്റെ തീരം സൗന്ദര്യവത്കരിച്ച് കയാക്കിങ് അടക്കം സാഹസിക വിനോദ പ്രവർത്തനങ്ങളാണ് മറ്റൊരു പദ്ധതിയിലുള്ളത്.
നിലവിലെ തുണ്ടമൺകരക്കടവിൽനിന്ന് തൂക്കുപാലം നിർമിക്കാനും നിർദേശമുണ്ട്. നദിക്ക് അഭിമുഖമായി നടപ്പാതകൾ നിർമിച്ച് വെൻഡിങ് സ്ട്രീറ്റും ഇക്കോളജിക്കൽ പാർക്കും നിർമിക്കാനുള്ള നിർദേശവുമുണ്ട്. കുമ്പഴ ടൗണിനോട് ചേർന്ന് പാർക്കിങ്ങിനായി മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഒരുക്കുന്നതിന് പ്രത്യേക പദ്ധതിയുണ്ട്. കൗൺസിൽ അംഗീകരിച്ച സ്കീം ഗസറ്റിൽ വിജ്ഞാപനം ചെയ്യും.
നമുക്കും നിർദേശിക്കാം
പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കാം. സ്കീമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിക്കും. തുടർന്ന് കൗൺസിൽ ചർച്ചചെയ്ത് അംഗീകരിക്കുന്ന സ്കീം സർക്കാറിന് നൽകി പ്രസിദ്ധീകരിക്കും. മേഖല നിയന്ത്രണമുള്ള സ്ഥലങ്ങൾ വസ്തു ഉടമകളുടെ കൂടി പങ്കാളിത്തത്തോടെ സ്കീമിലെ നിർദേശം അനുസരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. അന്തിമ വിജ്ഞാപനം കഴിഞ്ഞാലുടൻ ഓരോ പദ്ധതിക്കും വിശദ പദ്ധതി രേഖ തയാറാക്കുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കുമ്പഴയെ വിനോദ വിശ്രമ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കൗൺസിൽ യോഗത്തിൽ ജില്ല ടൗൺ പ്ലാനർ ജി. അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ, അസി. ടൗൺ പ്ലാനർ ജി. വിനീത്, ഡ്രാഫ്റ്റ്സ്മാൻ ആർ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.