പത്തനംതിട്ട നഗരസഭ യോഗം; ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതി
text_fieldsപത്തനംതിട്ട: നഗരത്തിന്റെ ദാഹമകറ്റാൻ അമൃത് 2.0 ശുദ്ധജല പദ്ധതിയുമായി നഗരസഭ. ഇതോടനുബന്ധിച്ച് ആധുനിക ജല ശുദ്ധീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന പ്ലാന്റിന്റെ മാതൃകയും വിശദാംശങ്ങളും നഗരസഭ കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചു. ജലവിഭവ വകുപ്പ് റിട്ട. ചീഫ് എൻജിനീയർ പി.എൻ. സ്വാമിനാഥ് രൂപകല്പന ചെയ്ത മാതൃകയാണ് പരിചയപ്പെടുത്തിയത്.
നദികളിൽനിന്ന് ലഭ്യമാകുന്ന ജലത്തിലെ അഴുക്കും വിവിധതരം അണുക്കളും നീക്കി നേരിട്ട് ഉപയോഗിക്കാവുന്നത്ര ഗുണമേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ലഭ്യമായ ആധുനിക സംവിധാനങ്ങൾ ഒരുക്കി രൂപകല്പന ചെയ്തതാണ് മാതൃക. 10 ദശലക്ഷം ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 16.15 കോടിയാണ് വിനിയോഗിക്കുന്നത്.
10.75 കോടി ചെലവിൽ പാമ്പൂരിപ്പാറയിലെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും. ജൽജീവൻ പദ്ധതി പ്രകാരം മൈലപ്രവരെ മണിയാർ ഡാമിൽനിന്നുള്ള വെള്ളം ജല അതോറിറ്റി എത്തിക്കുന്നുണ്ട്.
ഇത് നഗരസഭ അതിർത്തിവരെ ദീർഘിപ്പിച്ച് നഗരത്തിൽ വെള്ളം എത്തിക്കാനുള്ള നിർദേശം നഗരസഭ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യനുമായി കൂടിക്കാഴ്ച നടത്തി ആവശ്യമുന്നയിച്ചിരുന്നു. ജലക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 3.5 കോടിയാണ് ഇതിനായി വകയിരുത്തിയത്.
യോഗം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആര്. അജിത്ത്കുമാര്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബിക വേണു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മണിയമ്മ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷമീർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുൻ അധ്യക്ഷൻ അഡ്വ. എ. സുരേഷ് കുമാർ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍മായ ശോഭ കെ. മാത്യു, എ. അഷറഫ്, അനില അനിൽ, ആർ. സാബു, വിമല ശിവൻ, ഷൈലജ, ആൻസി തോമസ്, സുജ അജി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ തുളസീധരൻ, അസി. എക്സി. എൻജിനീയർ പ്രദീപ് ചന്ദ്ര, അസി. എൻജിനീയർ അനീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.