പ്രഖ്യാപനങ്ങൾ പാഴ്വാക്ക്; ഭിന്നശേഷി സൗഹൃദമല്ല പത്തനംതിട്ട
text_fieldsപത്തനംതിട്ട: സര്ക്കാര് ഓഫിസുകള് ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന നിർദേശം ഇനിയും പത്തനംതിട്ട നഗരസഭയിൽ നടപ്പാക്കാനായിട്ടില്ല. ജില്ല ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭ കാര്യാലയത്തിൽ റാമ്പ് സൗകര്യങ്ങളോമറ്റോ ഇല്ലാത്തത് ഇവിടെയെത്തുന്ന ഭിന്നശേഷിക്കാരെ വലക്കുന്നു. റാമ്പ് വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. നിലവിലെ കെട്ടിടത്തിൽ റാമ്പ് സൗകര്യം ഒരുക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പറയുന്നത്.
എന്നാൽ കുടുംബശ്രീ കാന്റീൻ പ്രവർത്തിക്കുന്ന ഭാഗത്തുകൂടി ഇതിനുള്ള സൗകര്യം ഒരുക്കാൻ കഴിയും. മനുഷ്യാവകാശ കമീഷൻ, ഭിന്നശേഷി കമീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഭിന്നശേഷിക്കാരെ എടുത്തുകൊണ്ടാണ് മുകൾനിലകളിലേക്ക് കൊണ്ടുപോകുന്നത്. ഇതിന് സഹായികളെ കൂട്ടിവേണം എത്താൻ. ഇല്ലാത്തവർ താഴത്തെ നിലയുടെ തറയിൽ ഇരുന്ന് നരകിക്കും. ആരും തിരിഞ്ഞ് നോക്കിയെന്ന് വരില്ല. അവിടെയിരിക്കാൻ കസേരയെ വീൽചെയറോ ഒന്നുമില്ല.
വിവിധതരത്തിലുള്ള ശാരീരിക വൈകല്യം അനുഭവിക്കുന്നവർ ഇവിടെയെത്തിയാൽ ബുദ്ധിമുട്ടുകയാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഓരോ ബജറ്റിലും തുക വകയിരുത്തുമെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുന്നു. 2024 -’25 ലെ ബജറ്റിൽ 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന പല ഉത്തരവുകളും നിലനിൽക്കുമ്പോഴും ഇവരുടെ കഷ്ടപ്പാട് തുടരുന്നു. സൗഹൃദ ശുചിമുറികൾ, ആവശ്യപ്പെടുന്നവർക്ക് വീൽചെയറുകൾ, വാക്കിങ് സ്റ്റിക്കുകൾ എന്നിവയും ഇവിടെ ഇല്ല. ഭിന്നശേഷിക്കാരനായ ഒരു ജീവനക്കാരൻ ഇവിടെ ജോലിയിൽ പ്രവേശിച്ചാലും വലയും. സാമൂഹിക നീതി വകുപ്പിന്റെ ബാരിയർ ഫ്രീ കേരള പദ്ധതിയിലൂടെ റാംമ്പുകൾ, ലിഫ്റ്റുകൾ, ഭിന്നശേഷിസൗഹൃദ വീൽചെയർ പാതകൾ, ടാക് ടൈലിക് ടൈൽസ്, ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുകൾ തുടങ്ങിയവ നിർമിച്ച് പൊതുഇടങ്ങൾ ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവും ജില്ലയിൽ പല ഓഫിസുകളിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.