പത്തനംതിട്ട നഗരസഭക്ക് 75.95 കോടിയുടെ ബജറ്റ്
text_fieldsപത്തനംതിട്ട: നഗരവികസനം ഉറപ്പാക്കുന്നതിനൊപ്പം ഏറെ ക്ഷേമപദ്ധതികളും ഉൾപ്പെടുത്തി ജനപ്രിയ ബജറ്റുമായി പത്തനംതിട്ട നഗരസഭ. ജില്ല സ്റ്റേഡിയത്തിന്റെ നിർമാണം, നഗരം നേരിടുന്ന രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കൽ, സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നവീകരണം, പത്തനംതിട്ടയിലെയും കുമ്പഴയിലെയും മാർക്കറ്റുകളുടെ നവീകരണം, മാലിന്യ നിർമാർജനം എന്നിവക്ക് മുന്തിയ പരിഗണന നൽകിയാണ് 75.95 കോടി വരവും 61.90 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈന്റെ ആമുഖ പ്രസംത്തോടെയാരംഭിച്ച യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി അവതരിപ്പിച്ചത്. നഗരത്തിലെ വൃക്കരോഗികൾക്ക് മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സൗജന്യ ഡയാലിസിസിനായി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
എം.പിമാർക്കെന്നപോലെ പ്രാദേശിക വികസനത്തിന് കൗൺസിലർമാർക്ക് സി-ലാഡ് പദ്ധതിയും പ്രഖ്യാപിച്ചു. പുതിയ ഭരണസമിതി ധാരണപത്രത്തിൽ ഒപ്പുവെച്ചതിനെ തുടർന്ന് കിഫ്ബി 50 കോടി അനുവദിച്ച ജില്ല സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങുമെന്ന് ബജറ്റിൽ പറയുന്നു. നഗരം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അമൃത് 2.0 പദ്ധതിക്ക് 23 കോടി വകയിരുത്തി. ബസ്സ്റ്റാൻഡിൽ അന്തർ സംസ്ഥാന സർവിസുകൾക്ക് ഹബ്ബ് ഒരുക്കാനും നഗരസഭ ലക്ഷ്യമിടുന്നു.
നഗരത്തിലും കുമ്പഴയിലും തീരദേശ വികസന കോർപറേഷന്റെ സഹായത്തോടെ നിർമിക്കുന്ന ആധുനിക മാർക്കറ്റുകൾക്കായി നാലുകോടി വകയിരുത്തി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പ്രാദേശിക വികസനത്തിന് കൗൺസിലർമാർക്ക് സി-ലാഡ് പദ്ധതി പ്രഖ്യാപനം. 32 കൗൺസിലർമാരുടെ വാർഡ് വികസന ഫണ്ട് എന്ന നിലയിൽ ആദ്യഘട്ടത്തിൽ 32 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
ആരോഗ്യമേഖലക്ക് പ്രത്യേക ശ്രദ്ധ
ജനറൽ ആശുപത്രി വികസനത്തിന് ഒരുകോടി രൂപ, ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ ഒരുക്കുന്നതിന് 30 ലക്ഷം, ഹോമിയോ ആശുപത്രി കെട്ടിടം നിർമിക്കുന്നതിന് 30 ലക്ഷം, നിർധന രോഗികൾക്ക് ജീവിതശൈലീ രോഗനിർണയ സംവിധാനം ഒരുക്കുന്നതിന് അഞ്ചുലക്ഷം, നഗരസഭയിലെ വിവിധ വെൽനസ് സെന്ററുകൾക്ക് 1.30 കോടിയും അനുവദിച്ചു.
സ്കൂൾ വികസനത്തിന് പ്രത്യേക മാസ്റ്റർ പ്ലാൻ
നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ തൈക്കാവ് ഗവ. എച്ച്.എസ്.എസ് / വി.എച്ച്.എസ്.എസിന്റെ സമഗ്ര വികസനത്തിന് ബജറ്റിൽ പ്രത്യേക മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചു. സയൻസ്, ബയോഡൈവേഴ്സിറ്റി പാർക്ക്, ആധുനിക ലബോറട്ടറികൾ ഉൾപ്പെടെ വികസനത്തിന്റെ പുതിയ വഴി തുറക്കുകയാണ് ഈ സർക്കാർ സ്കൂൾ. ഇതിനായി ഒരുകോടി വകയിരുത്തി.
നഗരസഭ പരിധിയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം, സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ പരിപാടികൾക്കായി 10 ലക്ഷം, അഞ്ച് അംഗൻവാടികൾ സ്മാർട്ട് അംഗൻവാടികളാക്കുന്നതിന് ഒരുകോടി എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എം.സി. എഫ്, ആർ.ആർ.എഫ് സ്ഥാപിക്കുന്നതിന് 25 ലക്ഷം, ബയോഗ്യാസ് പ്ലാന്റ് നവീകരണത്തിന് 10 ലക്ഷം, പൊതു ശൗചാലയങ്ങളുടെ പരിപാലനത്തിന് അഞ്ചുലക്ഷം, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് അഞ്ചുലക്ഷം, തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പരിപാലനത്തിന് അഞ്ചുലക്ഷം, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങുന്നതിന് 10 ലക്ഷം രൂപയും കൊള്ളിച്ചിരിക്കുന്നു.
വനിതകൾക്ക് സംരംഭകത്വ പരിശീലനം
പെൺകുട്ടികൾക്ക് ശാരീരികക്ഷമതയും ആത്മവിശ്വാസവും നൽകുന്നതിന് കരാട്ടേ, യോഗ പരിശീലനം നൽകുന്നതിന് മൂന്നുലക്ഷം രൂപ വകയിരുത്തി. വനിത സ്വയംതൊഴിൽ സംരംഭകർക്ക് ധനസഹായം നൽകുന്നതിന് 25 ലക്ഷം രൂപ, പട്ടികജാതി, വർഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പി.എം.എ.വൈ ലൈഫ് പദ്ധതിപ്രകാരം ഭൂരഹിത/ ഭവനരഹിതർക്കുള്ള ഭവനപദ്ധതികൾക്കായി ആറുകോടി വകയിരുത്തി. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.