പത്തനംതിട്ട നഗരസഭ കെട്ടിട നികുതി വർധിപ്പിച്ചു
text_fieldsപത്തനംതിട്ട: നഗരസഭയിൽ കെട്ടിട നികുതി വർധിപ്പിച്ചു. യു.ഡി.എഫിന്റെ എതിർപ്പ് തള്ളിയാണ് വർധന. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന പൊതുജനത്തിന്മേൽ കെട്ടിട നികുതി വർധന അടിച്ചേൽപിക്കരുതെന്ന് കൗൺസിൽ യോഗത്തിൽ ചർച്ചക്ക് തുടക്കം കുറിച്ച പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളുടെ നികുതി വർധിപ്പിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വർധന പ്രാബല്യത്തിൽ വരുത്തുകയാണെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
നഗരസഭയിലെ ചില ജീവനക്കാർ ജനപ്രതിനിധികളോട് നിസ്സഹകരണ മനോഭാവമാണ് കാണിക്കുന്നതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പരാതിപ്പെട്ടു. വാർഡുകളിൽ തെരുവുവിളക്കുകൾ തെളിക്കുന്നതിന് നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം പുനരുദ്ധരിക്കുന്നതിന്റെ ഡെമോയും കൗൺസിൽ ഹാളിൽ പ്രദർശിപ്പിച്ചു. 16 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൗൺസിലർമാരായ അഡ്വ. റോഷൻ നായർ, കെ.ആർ. അജിത് കുമാർ, സി.കെ. അർജുനൻ, എസ്. ഷെമീർ, സിന്ധു അനിൽ, അഖിൽ അഴൂർ, ആനി സജി, ജെറി അലക്സ്, അംബിക വേണു, മേഴ്സി വർഗീസ്, ആൻസി തോമസ്, അനില അനിൽ, ആർ. സാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.