പത്തനംതിട്ട നഗരസഭ മാസ്റ്റർ പ്ലാൻ; കുമ്പഴ സ്കീം നടപ്പാക്കുന്നത് ജനകീയ പങ്കാളിത്തത്തോടെ -ചെയർമാൻ
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തിന്റെ കവാടമാക്കി കുമ്പഴയിൽ നടപ്പാക്കുന്ന സമഗ്ര വികസനം ജനകീയ പങ്കാളിത്തത്തോടെയാണെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പ്രസ്താവനയിൽ അറിയിച്ചു.
2350 ഹെക്ടർ വിസ്തീർണം വരുന്ന നഗരസഭ പ്രദേശത്ത് 38 ഹെക്ടർ ഭൂമി മാത്രമാണ് കുമ്പഴ സ്കീമിൽ ഉൾപ്പെടുന്നത്.
കുമ്പഴ-തിരുവല്ല റോഡിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള പ്രവേശന കവാടം മുതൽ വെട്ടൂർ റോഡിൽ സെന്റ് സൈമൺ ചർച്ച് റോഡുവരെ കുമ്പഴ ജങ്ഷനോട് ചേർന്ന ഭാഗങ്ങൾ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 1984 മുതലുള്ള പ്രസിദ്ധീകൃത കുമ്പഴ സ്കീമിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. നിലവിൽ ഉണ്ടായിരുന്ന സ്കീം പരിഷ്കരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. കൂടുതൽ പ്രദേശങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പൂർണ ജനപങ്കാളിത്തത്തോടെയാണ് നഗരസഭ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.
മാത്രമല്ല വിജ്ഞാപനം ചെയ്യപ്പെട്ട സ്കീമിലെ നിർദേശങ്ങളിൽ മാറ്റം വരുത്താൻ നഗരസഭ കൗൺസിലിന് അധികാരമുണ്ട്. അതിനായാണ് ജനങ്ങളിൽനിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ ഏപ്രിൽ 18വരെ സമയം അനുവദിച്ചത്.
കെട്ടിടങ്ങൾ പൊളിക്കില്ല
പദ്ധതി പ്രദേശത്തെ കെട്ടിടങ്ങളും ആരാധനാലയങ്ങളുടെ ചില ഭാഗങ്ങളും പൊളിച്ചുനീക്കേണ്ടി വരില്ലെന്ന് ചെയർമാൻ അറിയിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡിന് 30 മീറ്റർ വീതി മുൻ കുമ്പഴ സ്കീൽ പെട്ടതാണ്. 21 മീറ്ററും റോഡിന് ഇരുവശത്തായി 4.5 മീറ്റർ വീതം ബിൽഡിങ് ലൈനും അന്ന് നിർദേശിച്ചിരുന്നത്.
അന്നുമുതൽ 30 മീറ്റർ ആയിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോഴത്തെ പദ്ധതിയിൽ ബിൽഡിങ് ലൈൻ ഒഴിവാക്കി മൊത്തം 30 മീറ്റർ എന്നാക്കി. പൊതുജന അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതിൽ ഇളവ് വരുത്താൻ കൗൺസിലിന് അധികാരമുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്.
നിരവധി ഇളവുകളെന്ന്
മുമ്പുണ്ടായിരുന്ന സ്കീമിൽനിന്ന് വ്യത്യസ്തമായി നിരവധി ഇളവുകളാണ് വിജ്ഞാപനം ചെയ്ത പദ്ധതിയിലുള്ളത്.
40 വർഷമായി പദ്ധതി പ്രദേശത്ത് വാസഗൃഹങ്ങൾ അല്ലാതെ 750 ചതുരശ്രയടി വിസ്തീർണത്തിൽ വാണിജ്യകെട്ടിടങ്ങൾ നിർമിക്കാൻ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
1500 ചതുരശ്രയടി വരെയുള്ള വാണിജ്യകെട്ടിടങ്ങൾക്കും 2500 ചതുരശ്രയടി വരെയുള്ള വിദ്യാഭ്യാസ കെട്ടിടങ്ങൾക്കും 1500 ചതുരശ്രയടി വരെയുള്ള ആരാധനാലയങ്ങൾക്കും മുഖ്യനഗരാസൂത്രകന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ, പുതുക്കിയ സ്കീമിൽ 2000 ചതുരശ്രയടി വരെയുളള എല്ലാവിധ താമസ ഉയോഗങ്ങൾക്കും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങൾക്കും മതപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നഗരസഭ സെക്രട്ടറിക്കും അതിനുമുകളിൽ ജില്ല നഗരാസൂത്രകനും അനുമതി നൽകാം. പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ പുതുക്കിയ സ്കീമിൽ പരിഹരിക്കപ്പെടും.
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വസ്തു ഉടമകളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിനാണ് പുതിയ സ്കീമിൽ നിർദേശം.
നാട്ടുകാരുടെ പരാതികൾ കേട്ടു
പരാതിക്കാരുമായി നഗരസഭ ചെയർമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പരാതികളിൽ ജനപ്രതിനിധികൾ അടക്കം സ്ഥലപരിശോധന നടത്താമെന്ന ഉറപ്പു നൽകി. പ്രദേശവാസികളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കാൻ നഗരസഭ തയാറാകണമെന്ന് ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.
പരിഷ്കരണത്തിന് നഗരസഭ കാലതാമസം വരുത്തിയാൽ സർക്കാർ നേരിട്ട് മാസ്റ്റർ പ്ലാൻ രൂപവത്കരിക്കുമെന്നാണ് ചട്ടം. ഇതോടെ പൊതുജനങ്ങൾക്കും നഗരസഭ കൗൺസിലിനും നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ അവസരം ലഭിക്കില്ലെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.