പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ്; വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റുമോ?
text_fieldsപത്തനംതിട്ട: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജിനു ലഭിക്കാത്ത സാഹചര്യത്തില്‍ ഇവിടെ പഠിക്കുന്ന വിദ്യാർഥികളെ ഇതര സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലേക്ക് മാറ്റാൻ സാധ്യത.
പത്തനംതിട്ട നഴ്സിങ് കോളജ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. കാസർകോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളിലെ ഏതെങ്കിലും നഴ്സിങ് കോളജുകളിലേക്ക് കുട്ടികളെ മാറ്റുന്നതാണ് പരിഗണിച്ചത്. എന്നാൽ, രക്ഷാകർതൃ പ്രതിനിധികളെ ഇക്കാര്യം അറിയിച്ചിട്ടില്ല.
മുമ്പ് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചപ്പോള്‍ വിദ്യാർഥികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയിരുന്നു. ഇതേപോലെ പത്തനംതിട്ട നഴ്സിങ് കോളജിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ കുട്ടികളുടെ ഭാവിക്കു ദോഷകരമാകാത്ത തരത്തിലുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലെത്തിയത്.
എന്നാൽ, വിദ്യാർഥികൾ പ്രതിഷേധ സമരം നടത്തിയതിന്റെ പ്രതികാര നടപടിയായാണ് ഇതിന് അധികൃതർ തുനിയുന്നതെന്ന് രക്ഷാകർത്താക്കളുടെ പരാതി. കോളജിന് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസിലേക്ക് ഉൾപ്പെടെ വിദ്യർഥികൾ സമരം നടത്തിയിരുന്നു. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ പല സമ്മർദങ്ങൾ ഉണ്ടായെങ്കിലും നടന്നില്ല.
കോന്നിയിൽ ബുദ്ധിമുട്ടെന്ന്
പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജ് വിദ്യാർഥികൾക്ക് കൂടി കോന്നി മെഡിക്കല്‍ കോളജില്‍ പഠന സൗകര്യം നല്‍കണമെന്ന നിര്‍ദേശമുണ്ടായെങ്കിലും നിലവില്‍ അവിടെ എല്‍.ബി.എസിന്റെ നഴ്സിങ് കോളജ് ആരംഭിച്ച സാഹചര്യത്തില്‍ ഇതിനുള്ള ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തി നഴ്സിങ് കോളജ് പത്തനംതിട്ടയില്‍ തന്നെ തുടരുമെന്ന് നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ എസ്. ഗീതാകുമാരി പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യത്തിനായി പുതിയത് അനുവദിക്കുംവരെ ബസ് വാടകക്ക് എടുത്ത് ഓടിക്കാൻ തീരുമാനമായതാണ്. കുട്ടികളുടെ ഇ-ഗ്രാന്റ് പ്രശ്നം, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ വിഷയങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ഇവയെല്ലാം പരിഹരിക്കപ്പെടണമെങ്കില്‍ ഉന്നതതല ചര്‍ച്ചകള്‍ വേണം. കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ആരോഗ്യമന്ത്രി ഇടപെട്ട് പ്രാദേശിക യോഗം വിളിക്കാന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍, വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മന്ത്രി തിരക്കിലായതോടെ നിലവില്‍ നടന്നുവന്ന നീക്കവും തടസ്സപ്പെട്ടു.
അടുത്ത ബാച്ച് വരുന്നു
നിലവിലെ വിദ്യാർഥികളുടെ അടുത്ത സെമസ്റ്റര്‍ പഠനം തുടങ്ങിയതിനിടെ പുതിയ ഒരു ബാച്ചിനു കൂടി പ്രവേശനം നല്‍കേണ്ടി വരും. കോളജിന് കുറെക്കൂടി സൗകര്യങ്ങളുള്ള ഒരു കെട്ടിടം കണ്ടെത്തി ക്ലാസുകള്‍ അവിടേക്കു മാറ്റാമെന്ന തീരുമാനം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലുണ്ടായി. എന്നാല്‍, ഇതിന് തുടര്‍നടപടി ആരംഭിക്കാനായിട്ടില്ല. കോളജ് ബസിനുള്ള തുക എം.എല്‍.എ ഫണ്ടില്‍നിന്ന് മന്ത്രി വീണ ജോര്‍ജ് അനുവദിച്ചു.
തുടർചർച്ച നടക്കും
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് തിരക്കിലായതോടെ തുടർചര്‍ച്ച നടക്കാത്ത സാഹചര്യമാണ്. വയനാട്ടിൽനിന്ന് മന്ത്രി തിരിച്ചെത്തിയ ശേഷം ചർച്ച പുരോഗമിക്കും.
കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച നഴ്സിങ് കോളജുകളില്‍ ഒരെണ്ണം ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ കൊണ്ടുവരുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ നഴ്സിങ് പ്രവേശന നടപടി അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് 60 കുട്ടികള്‍ക്ക് ബി.എസ്സി നഴ്സിങ് കോഴ്സിനു പ്രവേശനം നല്കി കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രാഥമികമായ സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ ആരോഗ്യ സര്‍വകലാശാലയുടെ പ്രാഥമിക അംഗീകാരത്തോടെയാണ് കോളജ് തുടങ്ങിയത്. പത്തനംതിട്ട കതോലിക്കറ്റ് കോളജ് ജങ്ഷനിൽ വാടകക്കെട്ടിടത്തിലാണ് കോളജ് തുടങ്ങിയത്. കോളജിനാവശ്യമായ അടിസ്ഥാന സൗകര്യമൊന്നും ലഭ്യമായിരുന്നില്ല. ക്ലാസ് മുറികളും ഓഫിസ് സംവിധാനവുമെല്ലാം ഇടുങ്ങിയ മുറിക്കുള്ളിലായി. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ലഭ്യമായിരുന്നില്ല.
ലൈബ്രറി, ലാബോറട്ടറി സൗകര്യങ്ങളുമുണ്ടായില്ല. ഇതിനിടെ ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയായി. പരീക്ഷയും നടന്നു. ഫലം വന്നതോടെയാണ് അംഗീകാര വിഷയം വിവാദമായത്. ഐ.എന്‍.സി അംഗീകാരമില്ലെന്ന പേരില്‍ സര്‍വകലാശാല ഫലം തടഞ്ഞുവെച്ചു. ഇതോടെ കുട്ടികളും രക്ഷിതാക്കളും പരസ്യ പ്രതിഷേധം അറിയിച്ചതോടെ മന്ത്രി ഇടപെട്ടതോടെയാണ് ഫലം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.